ഫ്രീക്കന്‍ ഗ്രാന്റ് ഫാദറായി ജയറാം.. യൂട്യൂബില്‍ തരംഗമായി മൈ ഗ്രെയ്റ്റ് ഗ്രാന്റ് ഫാദര്‍ ട്രെയ്‌ലര്‍..

‘ലോനപ്പന്റെ മാമ്മോദീസ’ എന്ന ചിത്രത്തിന് ശേഷം പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ജയറാം ചിത്രമാണ് ഗ്രാന്റ് ഫാദര്‍. തന്റെ വളരെ വ്യത്യസ്തമായ ഒരു വേഷവുമായി താരമെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ വരവേല്‍പ്പാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. ട്രെയ്‌ലര്‍ ഇതിനോടകം മൂന്നു ലക്ഷം വ്യൂവേഴ്‌സുമായി ട്രെന്‍ഡിങ്ങില്‍ നില്‍ക്കുകയാണ്. ചിത്രത്തില്‍ ഇരുപത്തിനാലുകാരിയായ മകളും അഞ്ചു വയസുള്ള പേരക്കുട്ടിയുമുള്ള ഗ്രാന്‍ഡ് ഫാദറായിട്ടാണ് ജയറാം അഭിനയിക്കുന്നത്. ജയറാമിന്റെ കഥാപാത്രം മകളുടെ പ്രായമുള്ള ഒരു യുവതിയെ വിവാഹം ചെയ്യുന്നതും പിന്നീടുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഹ്യൂമറും സസ്‌പെന്‍സുമെല്ലാമുള്ള ചിത്രം ഒരു ഫാമിലി എന്റര്‍ര്‍ടെയിനര്‍ ചിത്രമാണെന്ന സൂചനകളാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമിനൊപ്പം ബാബുരാജും കേന്ദ്ര കഥാപാത്രമായെത്തുന്നു.

വിജയരാഘവന്‍, മല്ലിക സുകുമാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഗദ, സലിം കുമാര്‍, ജോണി ആന്റണി തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. തിരക്കഥ ഷാനി ഖാദര്‍, നിര്‍മ്മാണം ഹസീബ് ഹനീഫ്, മഞ്ജു ബാദുഷ എന്നിവരും നിര്‍വഹിക്കുന്നു. സമീര്‍ ആണ് ഛായാഗ്രഹണം. മോഹന്‍ സിത്താരയുടെ മകന്‍ വിഷ്ണുവാണ് സംഗീതം. പ്രശസ്ത പരസ്യ ചിത്ര സംവിധായകനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ മാര്‍ക്കോണി മത്തായി’യാണ് ഇനി റിലീസിനെത്താനുള്ള മറ്റൊരു ജയറാം ചിത്രം. ചിത്രത്തില്‍ ജയറാമിനൊപ്പം വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ട്.