തന്നെ പറ്റിച്ച മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ട്രോള്‍ വൈറല്‍! ട്രോളന്മാരെക്കൊണ്ട് തോറ്റെന്ന് പിഷാരടി..

മലയാള സിനിമയുടെ തന്നെ ഭാഗമായിരിക്കുകയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ട്രാളുകള്‍. സിനിമാ രംഗങ്ങളില്‍ നിന്നും അവാര്‍ഡ് നിശകളില്‍നിന്നും, അങ്ങനെ സിനിമാ രംഗത്തെ എല്ലാ സംഭവങ്ങളും ഇപ്പോള്‍ ട്രോളുകള്‍ക്ക് വിഷയമാവാറുണ്ട്. നടന്‍ രമേഷ് പിഷാരടിയെയാണ് ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. രമേശ് പിഷാരടി അവതാരകനായെത്തിയ മഴവില്‍ എന്റര്‍ടെയിന്‍മെന്റ് അവാര്‍ഡ് വേദിയില്‍ നിന്നുമുള്ള രസകരമായ സംഭവമാണ് ട്രോളന്മാര്‍ ഏറ്റെടുത്തത്. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പമെത്തിയ പിഷാരടിയ്ക്ക് പറ്റിയ അബദ്ധമെന്ന പേരില്‍ വൈറലായി കൊണ്ടിരിക്കുന്ന ട്രോള്‍ പിഷാരടി തന്നെ പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തിന് നല്‍കിയ രസകരമായ അടിക്കുറിപ്പ് തന്നെയാണ് ട്രോളുകള്‍ വൈറലാവാനിടയാക്കിയത്.

മഴവില്‍ എന്റര്‍ടെയിന്‍മെന്റ് അവാര്‍ഡ് വേദിയില്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പമായിരുന്നു പിഷാരടിയും. വേദിയിലേക്ക് എത്തിയ മമ്മൂട്ടി പിഷാരടിയ്ക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കാതെ മോഹന്‍ലാലിന് കൊടുക്കുകയാണ്. മമ്മൂട്ടിയ്ക്ക് കൈ കൊടുക്കാന്‍ വേണ്ടി കൈനീട്ടി പിടിച്ച് നില്‍ക്കുന്ന പിഷാരടിയെയും ചിത്രത്തില്‍ കാണാം. മൂവരും തമാശ പറഞ്ഞ് ചിരിച്ച് കൊണ്ടുള്ള ചിത്രമായിരുന്നു വൈറലായത്. ഇത് ട്രോളന്മാരും ഏറ്റെടുത്തു. അക്കര അക്കരെ അക്കരെ എന്ന ചിത്രത്തിലെ ശ്രീനിവാസനും സാമാനമായ അനുഭവം കാണിച്ചാണ് ട്രോള്‍ ഇറങ്ങിയത്. സോഷ്യല്‍ മീഡിയ പേജിലൂടെ ഈ ട്രോള്‍ രമേഷ് പിഷാരടി തന്നെയാണ് പങ്കുവെച്ചത്. ‘ദുര്‍ഗ്ഗാഷ്ടമി അല്ലാഞ്ഞിട്ടു പോലും എന്നെ കൊന്നു എന്‍ രക്തം കുടിച്ചു ഓംകാരനടനം ആടുന്ന ട്രോളന്മാരേ’ എന്ന ക്യാപ്ഷനായിരുന്നു ഇതിന് താരം കൊടുത്തത്.

തന്നെ കൊന്ന് കൊലവിളിച്ച് കൊണ്ടിരിക്കുന്ന ട്രോളുകള്‍ ഒന്നും രണ്ടുമല്ലെന്ന് സൂചിപ്പിച്ച് വേറെ ഒരെണ്ണം കൂടി പിഷാരടി ഇതിന് ശേഷവും പങ്കുവെച്ചിരുന്നു. ‘ഇതെങ്ങനെയാ ലാലേട്ടാ തലവേദനയൊക്കെ ഇത്ര മനോഹരമായി ആസ്വദിക്കാന്‍ കഴിയുന്നതെന്ന് പിഷാരടി മോഹന്‍ലാലിനോട് ചോദിച്ചിരുന്നു. അതിന് നല്ലൊരു തല വേണമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി’. പിഷാരടി എന്ന കൗണ്ടറടിക്കാരന്‍ മോഹന്‍ലാലിന് മുന്നില്‍ തോറ്റ് പോയ നിമിഷം എന്ന് പറഞ്ഞാണ് ട്രോള് വൈറലായത്. ‘ശരി ഞാന്‍ തോറ്റു പക്ഷെ മംഗലശേരി നീലകണ്ഠന്‍ പോലും തോറ്റിട്ടുള്ളത് നല്ല കലാകാരന്മാരുടെ മുന്നിലാ’ണെന്ന് പറഞ്ഞാണ് പിഷാരടി എത്തിയത്.