‘ഉണ്ട’ ലക്ഷ്യം കാണുമ്പോള്‍ തെളിയുന്നത്?

','

' ); } ?>

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഉണ്ട തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഖാലിദ് റഹ്മാന്റെ കഥയ്ക്ക് ഹര്‍ഷദ് ആണ് തിരക്കഥയൊരുക്കിയിരുക്കുന്നത്. വാണിജ്യ സിനിമകളുടെ ചേരുവയില്ലാതെ വളരെ റിയലിസ്റ്റിക്കായി ജനാധിപത്യത്തിലെ ന്യൂനതകള്‍ക്ക് നേരെയാണ് ഉണ്ടയുടെ സഞ്ചാരം.

2014ല്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഛത്തീസ്ഗഢില്‍ പോയ കേരളത്തിലെ പൊലീസുകാരുടെ യഥാര്‍ത്ഥ അനുഭവത്തെ ചുവട്പിടിച്ചാണ് തിരക്കഥയെന്ന് ഹര്‍ഷദ് തന്നെ വ്യക്തമാക്കിയിരുന്നു. മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലത്തെത്തിപ്പെടുന്ന കേരളത്തിലെ പൊലീസുകാര്‍ അനുഭവിക്കുന്ന യാതനകളും ഭയവുമാണ് പ്രമേയം. ആവശ്യത്തിന് വേണ്ട ആയുധങ്ങളോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെ, ജീവനും കയ്യില്‍ പിടിച്ചു നില്‍ക്കേണ്ടി വരുന്ന സുരക്ഷാസംഘത്തിന്റെ നിസ്സഹായതയാണ് ചിത്രത്തിലെ ആദ്യ പകുതി.

ആദ്യ പകുതിയ്ക്ക് ശേഷം ഉണ്ട ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോള്‍ ജനാധിപത്യത്തിലെ പുഴുകുത്തുകളാണ് വെളിവാകുന്നത്‌. മാവോയിസ്റ്റുകളെ ഭയക്കുന്ന ഭരണകൂടം. ഭരണകൂടത്തെ ഭയക്കുന്ന മാവോയിസ്റ്റുകള്‍, ഇതിനിടയില്‍ സ്വന്തം മണ്ണുപോലും നഷ്ടപ്പെട്ടുപോകുന്ന ജന്‍മങ്ങള്‍ ഇവയെല്ലാം ഉണ്ടയിലുണ്ട്. ഭയം ഭരിയ്ക്കുന്ന നാട്ടില്‍ ഉദ്യോഗസ്ഥരെയും ഭരണകൂട സംവിധാനങ്ങളേയും നോക്കുകുത്തിയാക്കി രാഷ്ട്രീയ ജമീന്ദാര്‍മാര്‍ ജനാധിപത്യം അട്ടിമറിയ്ക്കുന്നതെങ്ങനെയെന്ന് ഉണ്ട മറയില്ലാതെ കാണിച്ചു തരുന്നുണ്ട്.

കൈകാര്യം ചെയ്ത വിഷയത്തിന്റെ ആഴങ്ങളിലേക്ക് പോകാതെ പൊലീസുകാരുടെ കണ്ണുകളിലൂടെയും അവസ്ഥകളിലൂടെയുമാണ് കാഴ്കളത്രയും. തൊലി നിറത്തെ ചൊല്ലിയുള്ള നമ്മുടെ തമാശകള്‍ പോലും ഒരു ജനതയെയാകെ വൈകാരിക അപകര്‍ഷതയില്‍ ഒതുക്കി നിര്‍ത്തുന്നുണ്ടെന്ന് ചിത്രം തെളിമയോടെ പറയുന്നുണ്ട്. ജനാധിപത്യം മനോഹരമായി പൊതിഞ്ഞു വെച്ച വെറും ഒരു ഉണ്ടയാണെങ്കില്‍ പോലും അതിന് കാവലിരിക്കാന്‍ മനസ്സുള്ള ഒരുകൂട്ടം മനുഷ്യര്‍ ഇവിടെയുണ്ടെന്ന് പൊലീസുകാരിലൂടെ ചിത്രം പറയുന്നു.

എസ്.ഐ മണികണ്ഠനായി മമ്മൂട്ടി സാധാരണ പാവം പൊലീസുകാരനായപ്പോള്‍ അദ്ദേഹത്തിന്റെ മേല്‍ ഉദ്യോഗസ്ഥനായി സംവിധായകന്‍ രഞ്ജിത്തും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.ഷൈന്‍ ടോം ചാക്കോ, അര്‍ജ്ജുന്‍ അശോക്, ഭഗവാന്‍ തിവാരി, കലാഭവന്‍ ഷാജോണ്‍, ദിലീഷ് പോത്തന്‍ എന്നിവരെല്ലാം നന്നായി. ഉത്തരേന്ത്യന്‍ പശ്ചാത്തലത്തിലേക്ക് കാഴ്ച്ചക്കാരെ കൊണ്ടുപോയതില്‍ സജിത് പുരുഷന്റെ ക്യാമറയ്‌ക്കൊപ്പം പ്രശാന്ത്പിള്ളയുടെ സംഗീതവും സഹായിച്ചു. ജനാധിപത്യത്തിലെ ഓട്ടകള്‍ എളുപ്പം അടയ്ക്കാവുന്ന ഒന്നല്ലെന്നും, ജനാധിപത്യം എന്ന അരിപ്പയിലൊതുങ്ങാത്ത ചെറിയ ജീവിതങ്ങള്‍ ചോദ്യചിഹ്നമായും ബാക്കിവെയ്ക്കുന്ന ഉണ്ട സമകാലിക രാഷ്ട്രീയത്തോട് കൂടെ ചേര്‍ന്നു നില്‍ക്കുന്നതിനാല്‍ കാണേണ്ടത് തന്നെയാണ്‌.