ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഒരഡാര്‍ ഐറ്റം ലോഡിങ്ങാവുന്ന വിവരം തന്നെയാണ് ഉണ്ടയെന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ കാണുന്ന ഒരു പ്രേക്ഷകന് ലഭിക്കുന്ന അനുഭവം. ചിത്രത്തിന്റെ ടൈറ്റിലിനോട് യോജിക്കുന്ന ഒരു വ്യത്യസ്ഥ സംഭാഷണത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. തന്റെ സഹപ്പ്രവര്‍ത്തകരോടൊപ്പം ട്രെയ്‌നിങ്ങ് സമയത്ത് ലഭിക്കുന്ന ഷൂട്ടിങ്ങ് പഠനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിട്ടുകൊണ്ട് ഒരു പക്കാ സീനിയര്‍ ഓഫീസര്‍ വേഷത്തില്‍ മമ്മൂട്ടിയെത്തിയപ്പോള്‍ തന്റെ സ്റ്റാര്‍ഡവും അഭിനയ മികവും ഒരിക്കല്‍ കൂടി തെളിയിക്കാന്‍ താരം ഒരുങ്ങുന്നുവെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന താരമായെത്തുന്ന യുവനടന്‍ ഷൈനെയും ടീസറില്‍ കാണാം. ഇലക്ഷന്‍ ഡ്യൂട്ടിക്കായെത്തി വനാന്തരങ്ങളില്‍ പെട്ടു പോകുന്ന ഒരു പോലീസ് സംഘത്തിന്റെ കഥ പോലെയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.
മൂവി മില്ലിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഖാലിദ് തന്നെയാണ് കഥയും നല്‍കിയിരിക്കുന്നത്. ഛായാഗ്രഹണം സജിത്ത് പുരുഷനും സംഗീതം പ്രശാന്ത് പിള്ളയും നിര്‍വഹിക്കുന്നു. ഹര്‍ഷാദാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രം അടുത്ത മാസം ഈദിനോടടുത്ത് തിയേറ്ററുകളിലെത്തും.