സംഗീത ഉപകരണവുമായി വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല, പരാതിയുമായി ശ്രേയാ ഘോഷാല്‍

ലോകമെമ്പാടും സംഗീതം കൊണ്ട് ആസ്വാദക ഹൃദയം കീഴടക്കിയ ഗായികയാണ് ശ്രേയാ ഘോഷാല്‍. എന്നാല്‍ ശ്രേയയുടെ ഒരു ട്വീറ്റാണ് സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. സംഗീത ഉപകരണവുമായി വിമാനത്തില്‍ കയറാന്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍ അധികൃതര്‍ അനുവദിച്ചില്ലെന്നാണ് ശ്രേയയുടെ പരാതി.

‘സംഗീതജ്ഞരോ മറ്റ് വിലപിടിപ്പുള്ള ഉപകരണങ്ങള്‍ കൈയിലുള്ളവരോ സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ കയറേണ്ടതില്ലെന്നാണ് അവര്‍ ആഗ്രഹിക്കുന്നത് എന്ന് കരുതുന്നു. ഒരു പാഠം പഠിച്ചു’ എന്നായിരുന്നു ശ്രേയയുടെ ട്വീറ്റ്.

ശ്രേയയുടെ ട്വീറ്റിന് പിന്നാലെ സംഭവത്തില്‍ ക്ഷമാപണവുമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സും രംഗത്തെത്തി. ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നു എന്നും ശ്രേയയില്‍ നിന്നു പരാതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയുമെന്നും അവര്‍ ഉറപ്പ് നല്‍കി. ശ്രേയയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.