കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ് തൊട്ടപ്പന്‍. വിനായകനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ സിനിമ ഈദിന് മുന്നോടിയായി ജൂണ്‍ ആദ്യ ആഴ്ചകളില്‍ തിയറ്ററുകളിലേക്ക് എത്തി. പ്രശസ്ത എഴുത്തുക്കാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കി പിഎസ് റഫീക്കാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍, റോഷന്‍ മാത്യൂ, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വിത്സണ്‍, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആദ്യ ദിനങ്ങളില്‍ മികച്ച അഭിപ്രായത്തോടെ ചിത്രം തിയേറ്ററുകളില്‍ ഓടിത്തുടങ്ങിയിരുന്നു.
എന്നാല്‍ ചിത്രത്തിനെതിരെ ആസൂത്രിത ബഹിഷ്‌കരണം നടക്കുന്നുവെന്നാണ് സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ആരോപണം.
വിനായകന്‍ മുഴുനീള കഥാപാത്രമായെത്തുന്ന സിനിമയെ തകര്‍ക്കാന്‍ ചിലര്‍ നോക്കുന്നതായി ആരോപണം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. സിനിമ കാണാനെത്തുന്നവരെ തിയേറ്ററുകാര്‍ ഇടപെട്ട് മനപ്പൂര്‍വ്വം മറ്റ് സിനിമകള്‍ കാണാന്‍ നിര്‍ദ്ദേശിക്കുകയാണ്. ഇക്കാര്യം ചൂണ്ടി കാണിച്ച് ഒരു യുവതി ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പ് തരംഗമായിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി പേര്‍ സമാനമായ അനുഭവങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥാകൃത്ത് തന്നെ ഈ അവസ്ഥ പങ്കുവെച്ചുകൊണ്ട് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിരിക്കുകയാണ്.
തിരക്കഥാകൃത്തിന്റെ വാക്കുകളിലേക്ക്..
”പ്രിയ സുഹൃത്തുക്കളേ ഇതൊരഭ്യര്‍ത്ഥനയാണ്.. തൊട്ടപ്പന്‍ കളിക്കുന്ന പല തീയേറ്ററുകളിലും സിനിമ കാണാനെത്തുന്നവരെ ആളില്ലെന്ന കാരണം പറഞ്ഞ് മടക്കി അയക്കുന്നുവെന്ന പരാതി വരുന്നുണ്ട്. കൊടുങ്ങല്ലൂരിലെ ഒരു തീയേറ്ററില്‍ ആളില്ലെന്ന കാരണം പറയുകയും ആവശ്യത്തിനുള്ള ആളായപ്പോള്‍ പ്രൊജക്റ്റര്‍ കംപ്ലെയിന്റാണെന്ന് പറഞ്ഞ് മടക്കി അയക്കുകയും ചെയതിരിക്കുന്നു. പല സ്ഥലങ്ങളില്‍ നിന്നും ഇങ്ങനെയുള്ള കംപ്ലയിന്റ്സ് കേള്‍ക്കുന്നു.നിങ്ങളുടെയെല്ലാം സഹായം ചോദിക്കുകയാണ്.
ഒരുപാട് പണവും അധ്വാനവുമുള്ള ഒന്നാണല്ലോ സിനിമ. തൊട്ടപ്പന് ടിക്കറ്റെടുക്കാന്‍ വരുന്നവരോട് സിനിമ മോശമാണെന്നു വരെ തീയേറ്ററുകാര്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരാളുടെ രാഷ്ട്രീയ നിലപാടിന്റെ പേരില്‍, നിറത്തിന്റെ പേരില്‍, അയാളുടെ സിനിമ ബഹിഷ്‌ക്കരിക്കുന്ന പ്രവണത ചെറുത്തു തോല്‍പിക്കേണ്ടതാണ്. ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്ത് എല്ലാവരിലേക്കും എത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് പണവും സ്വാധീനവും കുറവാണ്. നിങ്ങള്‍ മാത്രമാണ് ഞങ്ങളുടെ ശക്തി. സഹായിക്കൂ..”