ഞെട്ടിക്കും ഗുണ്ട ലുക്കുമായി ടൊവീനോ.. ‘പള്ളിച്ചട്ടമ്പി’ എന്ന ഇതിഹാസ ചിത്രം ഒരുങ്ങുന്നു..!

‘ക്വീന്‍’ എന്ന ചിത്രത്തിന്റെ മികച്ച സ്വീകാര്യതയ്ക്കുശേഷം സംവിധായകന്‍ ഡിജോ ജോസ് ആന്റണി ഒരു വന്‍ തിരിച്ചു വരവിനാണ് ഒരുങ്ങുന്നത്. മലയാളത്തിന്റെ ട്രെന്‍ഡിങ്ങ് നടന്‍ ടൊവീനോക്കൊപ്പമാണ് ഡിജോയുടെ തിരിച്ച് വരവ്. ചരിത്ര പ്രധാനമായ മലയാളത്തിലെ പഴശ്ശി രാജ, കമ്മാര സംഭവം, കായംകുളം കൊച്ചുണ്ണി എന്നീ സിനിമകള്‍ക്കൊപ്പം പെടുത്താവുന്ന ഒരു വന്‍ ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കുമിതെന്നാണ് ഡിജോ നല്‍കിയിരിക്കുന്ന സൂചനകള്‍. എന്നാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കണ്ടാണ് പ്രേക്ഷകരെല്ലാവരും അത്ഭുതപ്പെട്ടത്. കാരണം മറ്റൊന്നുമല്ല, ടൊവീനോയുടെ ഒരു കില്ലര്‍ ഗുണ്ട ലുക്കുമായി ‘പള്ളിച്ചട്ടമ്പി’ എന്ന പേരോടെയാണ് ടൈറ്റില്‍ പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ഡിജോ തന്നെയാണ് ആദ്യ പോസ്റ്റര്‍ പുറത്ത് വിടുന്നത്.

പോസ്റ്റര്‍ കൊണ്ടും ടൊവീനോയുടെ ലുക്കു കൊണ്ടും മാത്രമല്ല പള്ളിച്ചട്ടമ്പി വേറിട്ട് നില്‍ക്കുന്നത്. ശക്തമായ ഒരു അണിയറയും ചിത്രത്തിന് പിന്നില്‍ ഒരുങ്ങിയിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും ബിഗ് ബഡ്ജറ്റ് ചിത്രങ്ങളായ പഴശ്ശിരാജ, കമ്മാര സംഭവം, കായംകുളം കൊച്ചുണ്ണി എന്നീ ചരിത്ര സിനിമകള്‍ക്ക് ശേഷം ശ്രീ ഗോകുലം മൂവീസിന്റെ കീഴില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദാദാസാഹിബ്, ശിക്കാര്‍, നടന്‍ തുടങ്ങിയ കുറച്ച് നല്ല ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച എസ് സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെയും തിരക്കഥയൊരുക്കുന്നത്. സുജിത് സാരംഗ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന പള്ളിച്ചട്ടമ്പിക്ക് പശ്ചാത്തല സംഗീതമൊരുക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്.

ഒരു കാലഘട്ട ചിത്രമെന്നതിലുപരി എല്ലാ കാലഘട്ടവും ചര്‍ച്ച ചെയ്യുന്ന വ്യക്തമായ നിലപാടുകളും കാഴ്ചപ്പാടുകളുമുള്ള ചിത്രമായിരിക്കും പള്ളിച്ചട്ടമ്പി എന്നും ടോവിനോയുടെ വ്യത്യസ്തമായ കഥാപാത്രങ്ങളുടെ ലിസ്റ്റിലേക്ക് ഈ കഥാപാത്രവും കടന്നു വരുമെന്നും സംവിധായകന്‍ തന്റെ പോസ്റ്റിലൂടെ പറയുന്നു. 2020ാടെയാണ് ചിത്രം റിലീസ് ചെയ്യും.