‘തന്റെ ഭ്രാന്തും മാജിക്കുമായി ലിജോ തിരിച്ചെത്തിയിരിക്കുന്നു’-ഗീതു മോഹന്‍ദാസ്

അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജല്ലിക്കെട്ട്. ഇത്തവണയും വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രവുമായിട്ടാണ് ലിജോ എത്തുന്നത്. ലിജോയെക്കുറിച്ചും ചിത്രത്തെക്കുറിച്ചും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗീതു തന്റെ അഭിപ്രായം പങ്കുവെച്ചത്.

‘തന്റെ ഭ്രാന്തും മാജിക്കുമായി ലിജോ തിരിച്ചെത്തിയിരിക്കുന്നു. ജല്ലിക്കെട്ട്, ഇഷ്ടപ്പെട്ടു’ എന്നാണ് ഗീതു ഫേസ്ബുക്കില്‍ കുറിച്ചത്. നേരത്തെ നടന്‍ ഇന്ദ്രജിത്തും ചിത്രം കണ്ട് മികച്ച അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. എസ്.ഹരീഷും കെ.പി ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിനായകന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസും ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിനു ശേഷം വിനായകനും ആന്റണി വര്‍ഗീസും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ‘ജല്ലിക്കെട്ട്’.