“എന്റെ കാര്യം ഇപ്പോഴെങ്കിലും ഓർമിച്ചതിൽ സന്തോഷം”; ‘കറുപ്പ്’ അണിയറ പ്രവർത്തകർക്കെതിരെ പരിഹാസവുമായി തൃഷ

','

' ); } ?>

സൂര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘കറുപ്പ്’ റിലീസിന് തയ്യാറെടുക്കവെ, നായിക തൃഷയും അണിയറപ്രവർത്തകരും തമ്മിലുള്ള അസ്വാരസ്യങ്ങൾ പരസ്യമാകുന്നു. ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ തൃഷ പങ്കെടുക്കാതിരുന്നതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. താരം ചടങ്ങിൽ വരാത്തതിനെ ആരാധകർ സോഷ്യൽ മീഡിയയിൽ വിമർശിച്ചപ്പോൾ, വളരെ പരിഹാസരൂപേണയുള്ള മറുപടികളാണ് തൃഷ നൽകിയത്. നടൻ കൂടിയായ ആർ.ജെ. ബാലാജിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിൽ ‘പ്രീതി’ എന്ന അഭിഭാഷകയുടെ വേഷത്തിലാണ് തൃഷ എത്തുന്നത്. റിലീസിന് മുന്നോടിയായി കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഓഡിയോ ലോഞ്ചിലെ തൃഷയുടെ അസാന്നിധ്യം ചർച്ചയായത്. തന്റെ ക്യാരക്ടർ ടീസർ പങ്കുവെച്ചുകൊണ്ട് ഈ സിനിമയുടെ ടീം തന്നെ അവഗണിക്കുകയാണെന്ന സൂചന താരം സോഷ്യൽ മീഡിയയിലൂടെ നൽകി. താൻ ഈ സിനിമയിൽ ഉണ്ടെന്ന കാര്യം അവർ ഇപ്പോൾ ഓർമിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് ഒരു ആരാധകൻ ചോദിച്ചപ്പോൾ, “എന്റെ ക്ഷണക്കത്ത് മെയിലിൽ എവിടെയോ നഷ്ടപ്പെട്ടുപോയി എന്ന് തോന്നുന്നു” എന്നായിരുന്നു തൃഷയുടെ പരിഹാസം കലർന്ന മറുപടി. പരിപാടിയുടെ പോസ്റ്ററിൽ താരത്തിന്റെ പേരും ചിത്രവും ഉണ്ടായിരുന്നുവല്ലോ എന്ന് ചിലർ ചൂണ്ടിക്കാട്ടിയപ്പോൾ, പോസ്റ്ററുകൾ ക്ഷണക്കത്തുകൾ അല്ലെന്നായിരുന്നു താരത്തെ പിന്തുണയ്ക്കുന്നവരുടെ വാദം.

മെയ് 14-ന് ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കെയാണ് ഈ തർക്കം മുറുകുന്നത്. തൃഷയുടെ വ്യക്തിജീവിതവും സിനിമാ കരിയറും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. മെയ് 4-ന് താരം തന്റെ 43-ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയാണ്. അടുത്തിടെ തമിഴ് നടൻ വിജയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും തൃഷയുടെ പേര് പരാമർശിക്കപ്പെട്ടിരുന്നു.

‘ഐഡന്റിറ്റി’, ‘വിടാമുയർച്ചി’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം തൃഷയുടേതായി പുറത്തിറങ്ങുന്ന പ്രധാന പ്രോജക്റ്റുകളിൽ ഒന്നാണ് ‘കറുപ്പ്’. ഇതുകൂടാതെ ചിരഞ്ജീവി നായകനാകുന്ന ‘വിശ്വംഭര’യിലും തൃഷയാണ് നായിക. 2005-ൽ പുറത്തിറങ്ങിയ ‘ആറ്’ എന്ന ചിത്രത്തിനുശേഷം സൂര്യയുമൊത്ത് തൃഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കറുപ്പ്. ഇന്ദ്രൻസ്, യോഗി ബാബു, ശിവദ, സ്വാസിക, നട്ടി, സുപ്രീത് റെഡ്ഡി, അനഘ മായ രവി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.