സിനിമയെ അറിഞ്ഞ, സിനിമയറിഞ്ഞ ശ്രീനിവാസൻ; അരനൂറ്റാണ്ട് അരങ്ങുവാണ ബഹുമുഖ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ

','

' ); } ?>

ആക്ഷേപഹാസ്യത്തിന്റെ സാധ്യതകൾ ശ്രീനിവാസനോളം ഉപയോഗിച്ച മറ്റൊരു കലാകാരനുണ്ടാകില്ല. തന്റെ കഴിവും, കലയും തന്റെ ശബ്ദമാണെന്നും, ആ ശബ്‍ദം സമൂഹത്തിൽ ഉറക്കെ അലയടിക്കുമെന്നും പ്രഖ്യാപിച്ച കലാകാരൻ. അയാളുടെ സിനിമകളിലൊക്കെ ജീവിതമുണ്ടായിരുന്നു. പച്ചയായ സാമൂഹ്യ യാഥാർഥ്യങ്ങളുണ്ടായിരുന്നു, പൊള്ളയായ സാമൂഹ്യ പ്രതിബദ്ധതയോടുള്ള ചോദ്യങ്ങളുണ്ടായിരുന്നു. വരവേൽപ്, ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം, തലയണമന്ത്രം, സന്ദേശമൊക്കെയും സാദാരണക്കാരിൽ സാദാരണക്കാരോട് ചേർന്ന് നിൽക്കുന്ന ചിത്രങ്ങളായിരുന്നു. കപട വിശ്വാസങ്ങളെയും, കപട ചിന്താഗതികളെയും അയാൾ ഉറക്കെ ചോദ്യം ചെയ്തിരുന്നു, പരസ്യമായി കീറി മുറിച്ചിരുന്നു. സിനിമയിലും, പിന്നാപുറങ്ങളിലും അയാളുടെ നിലപാടുകൾ തീക്ഷ്ണമായി നിലകൊണ്ടു. മാറ്റങ്ങളുടെ ചട്ടക്കൂടിൽ, പുരഗോമാനത്തിനു പിന്നാലെ കോർപ്പറേറ്റ് യുഗത്തിലേക്ക് കാലം മാറി കൊണ്ടിരിക്കുമ്പോഴും കൃഷിയെ ചേർത്ത് പിടിച്ച് മാതൃക കാണിക്കാനും അയാൾ മറന്നില്ല. ഇന്നലെ വരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പമുണ്ടായിരുന്ന പ്രതിഭ, ഇന്നൊരോർമയാണ്. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ അവസാനം കൂടിയാണ്. മലയാളിയുടെ സിനിമാ ബോധത്തെയും, ജീവിതത്തെയും സ്വാധീനിച്ച ഒരു ആശയധാരയുടെ പരിപൂർണമായ നിശബ്ദത. മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരൻ ശ്രീനിവാസന് സെല്ലുലോയ്ഡിന്റെ ആദരാഞ്ജലികൾ.

1956 ഏപ്രിൽ 4-ന് കൂത്തുപറമ്പ് പാട്യത്തിൽ ജനിച്ച ശ്രീനിവാസൻ, ജീവിതത്തിന്റെ കയ്‌പും ഉപ്പും നേരത്തെ തന്നെ രുചിച്ചറിഞ്ഞ ഒരാളായിരുന്നു. അഭിനയ ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം 1976-ൽ പി. എ. ബക്കർ സംവിധാനം ചെയ്ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് പ്രവേശിക്കുന്നത്. അതൊരു തുടക്കമായിരുന്നുവെങ്കിലും, പിന്നീട് മലയാള സിനിമയെ അടിമുടി ചോദ്യം ചെയ്യുകയും മാറ്റിനിർത്തുകയും ചെയ്യുന്ന യാത്രയുടെ ആദ്യപടിയായിരുന്നു അത്.

ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായിരുന്ന ശ്രീനിവാസൻ, അഭിനയത്തിനപ്പുറം ശബ്ദത്തിന്റെ ലോകത്തും തന്റേതായ മുദ്ര പതിപ്പിച്ചു. ‘വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, മേള’ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിക്കുവേണ്ടി ശബ്ദം നൽകിയതും, ഒരു മുത്തശ്ശിക്കഥയിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടി ശബ്ദം നൽകിയതും അദ്ദേഹത്തിന്റെ കലാപരമായ വൈവിധ്യം വ്യക്തമാക്കുന്നു. ‘പല്ലാങ്കുഴൽ’ എന്ന ചിത്രത്തിൽ നായകനായ സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. ദൃശ്യത്തിനൊപ്പം ശബ്ദവും ജീവിക്കുന്നുവെന്ന് മലയാളിക്ക് തിരിച്ചറിയാൻ സഹായിച്ച കലാകാരൻ.

ചെറിയ വേഷങ്ങളിലൂടെ അഭിനയജീവിതം തുടരുമ്പോഴും, കഥയിലേക്കും എഴുത്തിലേക്കുമുള്ള ശ്രീനിവാസന്റെ യാത്ര നിശ്ശബ്ദമായി പുരോഗമിക്കുകയായിരുന്നു. 1984-ൽ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിന് കഥ എഴുതി അദ്ദേഹം തിരക്കഥയുടെ ലോകത്തേക്ക് കടക്കുന്നു. അതോടെ, മലയാള സിനിമയ്ക്ക് ലഭിച്ചത് ഒരു സാധാരണ തിരക്കഥാകൃത്തല്ല മറിച്ച് ജീവിതത്തെ സമഗ്രമായി കാണുകയും അതിലെ വൈരുധ്യങ്ങളെയും പരിഹാസങ്ങളെയും സ്നേഹത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്ന ഒരാളെയാണ്.

ജീവിതത്തെ അതിന്റെ പൂർണതയിൽ അനുഭവിക്കുകയും, ആ അനുഭവങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയും, അതിന്റെ പ്രേരണയിൽ നിന്നാണ് ശ്രീനിവാസൻ തന്റെ കലാസൃഷ്ടികളെ രൂപപ്പെടുത്തിയത്. കയ്‌പേറിയ ബാല്യവും തിക്തമായ അനുഭവങ്ങളും ഉള്ളവർക്ക് ജീവിതത്തിന്റെ അർഥം അന്വേഷിക്കേണ്ടതില്ല എന്ന പൊതുബോധത്തെ അദ്ദേഹം മറികടന്നു. ജീവിതത്തിൽ കഴിഞ്ഞുപോയതും ദിനംപ്രതി അനുഭവപ്പെടുന്നതുമായ നിസാരമെന്നു തോന്നുന്ന സംഭവങ്ങളുടെ അടിത്തട്ടിൽ ഒളിഞ്ഞിരിക്കുന്ന സത്യങ്ങളെ കണ്ടെത്താനുള്ള ശ്രമമാണ് അദ്ദേഹത്തിന്റെ സിനിമകൾ. ആ ശ്രമം പ്രതീക്ഷയുടെ പുതുനാമ്പുകൾക്ക് ജീവൻ പകരുന്നതായിരുന്നു.

ശ്രീനിവാസന്റെ ചിരികൾ ജീവിതാനുഭവങ്ങളുടെ അലകടലിൽ നിന്നാണ് ഉയർന്നത്. അദ്ദേഹത്തിൽ ചിരിയില്ലാത്ത സംഭാഷണങ്ങളില്ല. എന്നാൽ ആ ചിരിയുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്നത് ജീവിതത്തിന്റെ കഠിന യാഥാർഥ്യങ്ങളാണ്. നർമത്തിന്റെ മേമ്പൊടി ചേർത്ത് സങ്കടങ്ങളെ അവതരിപ്പിക്കാനുള്ള അപൂർവ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. പൊഴിഞ്ഞുവീഴുന്ന ചിരികളുടെ ഉള്ളിലേക്ക് ചെവിയോർത്ത് കേൾക്കുമ്പോൾ, പിന്നിട്ട വഴികളിൽ പെയ്തിറങ്ങിയ സങ്കടപ്പെരുമഴയുടെ ശബ്ദം കേൾക്കാമായിരുന്നു. അറിയാതെ തിരക്കഥാകൃത്താവുകയും, അറിഞ്ഞ് സംവിധായകനാവുകയും, അറിഞ്ഞ് അഭിനയിക്കുകയും ചെയ്ത ശ്രീനിവാസൻ, മലയാളിയുടെ സിനിമാനുഭവങ്ങൾക്ക് പുതിയ അർഥതലങ്ങൾ നൽകി.

ജനപ്രിയസിനിമ എന്ന പേരിൽ പുറത്തിറങ്ങുന്ന ചില സിനിമകൾ സിനിമയുടെ മൂല്യബോധത്തെ തന്നെ തകർക്കുന്ന കാലത്താണ് ശ്രീനിവാസൻ തന്റെ നിലപാടുകൾ ശക്തമായി മുന്നോട്ടുവച്ചത്. അത്തരം സിനിമാധാരണകളെ പൊളിച്ചെഴുതാനും അപനിർമിക്കാനും അദ്ദേഹം ശ്രമിച്ചു. ജനപ്രിയസിനിമയുടെ കളങ്കിത ഭാവങ്ങളെ പ്രതിരോധിക്കുകയും, അവയുമായി സജീവമായ സംഘർഷത്തിലേർപ്പെടുകയും ചെയ്തുകൊണ്ട്, ജനപ്രിയ ബദലുകളിലൂടെ സിനിമയുടെ ശക്തമായ ഒരു തല പടുത്തുയർത്തുകയായിരുന്നു അദ്ദേഹം.

സിനിമ സമൂഹത്തിൽ നിന്ന് വേറിട്ടുനിൽക്കേണ്ട ഒന്നല്ല എന്ന നിലപാടിൽ ഉറച്ചു നിന്ന കലാകാരനായിരുന്നു ശ്രീനിവാസൻ. സിനിമയുമായി ബന്ധപ്പെടുന്നവർ സാമൂഹിക പ്രശ്‌നങ്ങളോടും രാഷ്ട്രീയത്തോടും പുറംതിരിഞ്ഞുനിൽക്കണം എന്ന ആപ്തവാക്യം അദ്ദേഹത്തിന് ബാധകമായിരുന്നില്ല. സിനിമയ്ക്കകത്തും പുറത്തുമുള്ള അപ്രിയ സത്യങ്ങൾ വിളിച്ചുപറയുന്ന ഒരു വ്യത്യസ്തനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ, ചിലർക്കു അദ്ദേഹം അസൗകര്യമായി തോന്നിയിട്ടുണ്ടാകാം. എന്നാൽ, അതാണ് ശ്രീനിവാസനെ ശ്രീനിവാസനാക്കിയതും.

ആക്ഷേപഹാസ്യത്തിന്റെ സാധ്യതകൾ സൂക്ഷ്മമായി ഉപയോഗിച്ച അദ്ദേഹത്തിന്റെ ആദ്യകാല സിനിമകൾ, സാധാരണ മനുഷ്യരുടെ നിസഹായതകളും വേദനകളും സങ്കടങ്ങളും ശക്തമായി അവതരിപ്പിച്ചു. സത്യൻ അന്തിക്കാടിനൊപ്പം ചെയ്ത വരവേൽപ് അടക്കമുള്ള സിനിമകൾ മലയാളിയുടെ ഒരു കാലഘട്ടത്തിന്റെ സാമൂഹികചരിത്രം തന്നെയാണ്. ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾ അദ്ദേഹം എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചപ്പോൾ, അത് വെറും സിനിമകൾ ആയിരുന്നില്ല മലയാളിയുടെ മനസ്സിലേക്കുള്ള നേരിട്ടുള്ള സംഭാഷണങ്ങളായിരുന്നു. ഈ ചിത്രങ്ങൾ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയത് യാദൃശ്ചികമല്ല.

1991-ൽ പുറത്തിറങ്ങിയ സന്ദേശം ഇന്നും കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ്. രാഷ്ട്രീയം, അധികാരം, ആശയശൂന്യത എല്ലാം നർമത്തിലൂടെ, എന്നാൽ അതിവിശദമായി അവതരിപ്പിച്ച സിനിമ. ബക്കർ, അരവിന്ദൻ, കെ.ജി. ജോർജ് എന്നിവരോടൊപ്പം പ്രവർത്തിച്ച ശ്രീനിവാസൻ, പഞ്ചവടിപ്പാലം, വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയത്തിലും എഴുത്തിലും ഒരുപോലെ ശ്രദ്ധേയനായി.

പ്രിയദർശനോടൊപ്പം ഒരുക്കിയ പൂച്ചയ്ക്കൊരു മൂക്കുത്തി അദ്ദേഹത്തിന്റെ ആദ്യ തിരക്കഥയായപ്പോൾ, അതിനുശേഷം വന്ന ഹാസ്യചിത്രങ്ങൾ മലയാള സിനിമയിൽ ഒരു പുതിയ വഴിത്തിരിവായിരുന്നു. സന്മസുളളവർക്ക് സമാധാനം, ടി.പി. ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, തലയണമന്ത്രം, ഗോളാന്തരവാർത്ത, ചമ്പക്കുളം തച്ചൻ, ഉദയനാണ് താരം, മഴയെത്തും മുമ്പേ, അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ്, അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ, ഞാൻ പ്രകാശൻ തുടങ്ങി അനവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നു. 2018 ഡിസംബറിൽ പുറത്തിറങ്ങിയ ഞാൻ പ്രകാശൻ ആണ് അദ്ദേഹം അവസാനമായി തിരക്കഥ എഴുതിയ ചിത്രം.

അഭിനയ രംഗത്തും അദ്ദേഹം മലയാളിയുടെ മനസ്സിൽ മായാത്ത അടയാളങ്ങൾ പതിപ്പിച്ചു. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്ന തിലൂടെ .എ. ധവാൻ, ചിദംബരംയിലെ മുനിയാണ്ടി, നാടോടിക്കാറ്റിലെ അന്വേഷണ ഉദ്യോഗസ്ഥൻ വിജയൻ, വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശൻ, തേൻമാവിൻ കൊമ്പത്തിലെ മാണിക്യൻ, ഉദയനാണ് താരത്തിലെ സരോജ്‌കുമാർ ഓരോ കഥാപാത്രവും ജീവിതത്തിൽ നിന്ന് എടുത്ത പേജുകളായിരുന്നു. മഴയെത്തും മുമ്പേ (1995), സന്ദേശം (1991) എന്നീ ചിത്രങ്ങൾ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയപ്പോൾ, അത് ശ്രീനിവാസന്റെ ജീവിതനിരീക്ഷണങ്ങൾക്ക് ലഭിച്ച അംഗീകാരമായിരുന്നു.

ഇന്ന് ശ്രീനിവാസൻ ഇല്ല. പക്ഷേ, അദ്ദേഹം എഴുതിയ വാക്കുകളും ചിരികളും ചോദ്യംചെയ്യലുകളും നമ്മോടൊപ്പം തുടരുന്നു. മലയാളിയുടെ ജീവിതത്തെ ഇത്ര സ്നേഹത്തോടെ, ഇത്ര സത്യസന്ധമായി, ഇത്ര നർമത്തോടെ മറ്റാരെങ്കിലും സിനിമയിൽ പകർത്തിയിട്ടുണ്ടോ എന്ന് ചോദിക്കേണ്ടി വരും. ശ്രീനിവാസൻ പോയെങ്കിലും, മലയാള സിനിമയും മലയാളിയുടെ മനസ്സും ഇനിയും അദ്ദേഹത്തിന്റെ ശബ്ദം കേൾക്കും – ചിരിയിലൂടെയും വിമർശനത്തിലൂടെയും, ജീവിതത്തിന്റെ ഉപ്പും സത്യവും ഓർമ്മിപ്പിച്ചുകൊണ്ട്.