ഹൃദയം തുറക്കാന്‍ ട്രാന്‍സ് എത്തുന്നു.. ഈ ഫെബ്രുവരിയില്‍

ആദ്യ അനൗണ്‍സ്‌മെന്റുകള്‍ തൊട്ട് സിനിമാ പ്രേമികള്‍ക്ക് ഒരു വ്യത്യസ്ഥ ചിത്രത്തിന്റെ എല്ലാ സൂചനുകളുമായെത്തിയ ചിത്രമാണ് ട്രാന്‍സ്. നീണ്ട കാത്തിരിപ്പിന് ശേഷം പുതുവര്‍ഷത്തില്‍ ചിത്രത്തിന്റെ റിലീസ് തീയ്യതി പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ നായകന്‍ ഫഹദ് ഫാസില്‍. വിവാഹ ശേഷം ഫഹദും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഇത്തവണത്തെ വാലന്റൈന്‍സ് ഡേ ദിനത്തിലാണ് തിയറ്ററുകളിലെത്താനിരിക്കുന്നത്. ഇരുവരുടെയും മുഖങ്ങള്‍ പതിപ്പിച്ച ഒരു വ്യത്യസ്ഥമായ പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു താരം ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി പുറത്ത് വിട്ടത്.

ട്രാന്‍സിന് ഏറ്റവും പ്രതീക്ഷ നല്‍കുന്നത് ചിത്രത്തിന്റെ ബ്രില്ല്യന്റ് ക്രൂ തന്നെയാണ്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ട്രാന്‍സ്’. ‘ബാംഗ്ലൂര്‍ ഡേയ്‌സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ട്രാന്‍സില്‍ ഫഹദ് ഫാസില്‍, ഒരു മോട്ടിവേഷണല്‍ ട്രെയിനറുടെ വേഷമാണ് ചെയ്യുന്നത്. വിന്‍സെന്റ് വടക്കന്റേതാണ് തിരക്കഥ. ട്രാന്‍സിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് അമല്‍ നീരദാണ്. ഫഹദിന്റെ തന്നെ ഇയോബിന്റെ പുസ്തകം എന്ന ചിത്രത്തിലാണ് അമല്‍ അവസാനമായി ക്യാമറ ചലിച്ചിപ്പിച്ചത്.

തമിഴിലെ പ്രമുഖ സംവിധായകന്‍ ഗൗതം മേനോന്‍ ഒരു പ്രധാന വേഷത്തിലെത്തുന്ന ‘ട്രാന്‍സി’ല്‍ സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, ജിനു ജോസഫ്, അശ്വതി മേനോന്‍, ശ്രിന്ദ, ധര്‍മജന്‍ ബോള്‍ഗാട്ടി, അമല്‍ഡ ലിസ് തുടങ്ങി ഒരു വന്‍ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.