ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും ഒന്നിച്ചെത്തുന്ന ട്രാന്‍സ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ട്രാന്‍സിന്റെ ട്രെയിലറിലും ടീസറിലും സൂക്ഷിച്ച സസ്‌പെന്‍സ് തിയേറ്ററില്‍ റിവീല്‍ ചെയ്തപ്പോഴുള്ള കൗതുകം തന്നെയാണ് ചിത്രം കാണാനുള്ള സവിശേഷത. ഇന്നത്തെകാലത്ത് പറയേണ്ട ഒരു ശക്തമായ രാഷ്ട്രീയമാണ് ട്രാന്‍സ് മുന്നോട്ട് വെച്ചിട്ടുള്ളത്. ജീവിതത്തിന്റെ കഠിനമായ യാഥാര്‍ത്ഥ്യങ്ങളില്‍ അല്‍പ്പം മനോനില തെറ്റിയവരെ ആള്‍ദൈവ രാഷ്ട്രീയത്തിലൂടെ അല്ലെങ്കില്‍ ആത്മീയ വ്യവസായത്തിലൂടെ പൂര്‍ണ്ണമായും മനോരോഗികളാക്കി മാറ്റുന്ന പുതിയ കാലത്തെക്കുറിച്ചാണ് ട്രാന്‍സ് പറയുന്നത്.
വിന്‍സെന്റ് വടക്കനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാമൂഹ്യപ്രസക്തിയുള്ള ഒരു വിഷയം ശക്തമായി തന്നെ കൈകാര്യം ചെയതിട്ടുണ്ട് തിരക്കഥാകൃത്ത്. അന്‍വര്‍ റഷീദിന്റെ കേരളാ കഫെ, അഞ്ചുസുന്ദരികള്‍ എന്നീ ചിത്രങ്ങളിലെല്ലാം സാമൂഹ്യപ്രസക്തി കൈകാര്യം ചെയ്ത രീതിയില്‍ തന്നെയാണ് ട്രാന്‍സും ഒരുക്കിയിരിക്കുന്നത്. കൊമേര്‍ഷ്യല്‍ ചേരുവകളെല്ലാം ചേര്‍ത്ത് ഫഹദ് എന്ന നടന്റെ കഴിവുകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയ ചിത്രമാണ് ട്രാന്‍സ്.
ജീവിതത്തില്‍ തോറ്റുപോയ ഒരു മോട്ടിവേഷണല്‍ ട്രെയിനറില്‍ നിന്നും ദൈവത്തിന്റെ വ്യാജ പ്രവാചകനിലേക്കുള്ള ദൂരം പറയുന്ന ട്രാന്‍സ് പ്രാദേശിക സെന്‍സര്‍ ബോര്‍ഡില്‍ ആരെയൊക്കെയാണ് പ്രകോപിപ്പിച്ചതെന്നുള്ള കാര്യത്തിലാണ് അത്ഭുതം. കാരണം ഇക്കാലത്ത് ഏതെങ്കിലുമൊരു വഴിക്ക് ശക്തമായിതന്നെ പറയേണ്ടുന്ന ഒരു രാഷ്ട്രീയമാണ് ട്രാന്‍സ് മുന്നോട്ട് വെച്ചത്. സെന്‍സറിംഗ് കടമ്പകളെല്ലാം തന്നെ കടന്ന് ട്രാന്‍സ് ജനങ്ങളിലേക്കെത്തുമ്പോള്‍ ആത്മീയവ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്ന പലരെയും ട്രാന്‍സ് ചൊടിപ്പിക്കുമെന്നതില്‍ സംശയമില്ല.
മികച്ച കാസ്റ്റിംഗും അവരെയെല്ലാം കൃത്യമായി ഉപയോഗപ്പെടുത്തിയ സംവിധായകന്റെ മിടുക്കുമാണ് ട്രാന്‍സിന്റെ മറ്റൊരു സവിശേഷത. ഫഹദ് തന്നെയാണ് ഹൈലൈറ്റ്. ഒരു ആക്ടര്‍ എങ്ങനെയായിരിക്കണം ഓരോ അവസരങ്ങളിലും എനര്‍ജി ശരീരത്തിലേക്ക് പമ്പ് ചെയ്യേണ്ടതെന്നും അത് പ്രേക്ഷകരിലേക്ക് പകര്‍ന്നു നല്‍കേണ്ടതെന്നുമുള്ളതിന്റെ കൃത്യമായ ഉദാഹരണമാണ് ഫഹദിന്റെ കഥാപാത്രം. മിതത്വമുള്ള സ്ഥലങ്ങളില്‍ അതേ മിതത്വത്തോട്കൂടിയും ട്രാന്‍സ് എന്നു പറയുന്ന ചില അവസ്ഥകളില്‍ പ്രേക്ഷകരെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന രീതിയും ഒരു നടന്റെ സവിശേഷതയായി എടുത്തുപറയേണ്ട ഒന്നാണ്.
ചിത്രത്തിലെ താരങ്ങളെല്ലാം തന്നെ തങ്ങളുടെ റോളുകള്‍ ഭംഗിയായിതന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, ഗൗതം മേനോന്‍, നസ്രിയ, സൗബിന്‍ ഷാഹിര്‍, വിനായകന്‍ തുടങ്ങീ ചിത്രത്തില്‍ ചെറിയ റോളുകളില്‍ വന്നവര്‍പോലും വിസ്മയിപ്പിക്കുന്നു. വിനായകന്‍ തന്റെ മറ്റൊരു അപൂര്‍വ്വ കഥാപാത്രത്തിലൂടെ ആളുകളുടെ മനസ്സിലേക്ക് അത്രമേല്‍ ആഴത്തില്‍ പതിഞ്ഞിറങ്ങുന്നുണ്ട്.
അമല്‍ നീരദിന്റെ ഛായാഗ്രഹണം നമുക്ക് പരിചിതമായ ക്യാമറാ വഴികളില്‍നിന്നും വ്യത്യസ്ഥമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതെല്ലാം തന്നെ ചിത്രത്തിന് മിഴിവേകുന്നു. പ്രവീണ്‍ പ്രഭാകറിന്റെ എഡിറ്റിംഗും സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതവും ജാക്‌സണ്‍ വിജയിന്റെ സംഗീതവുമെല്ലാം തന്നെ മികച്ച്‌നില്‍ക്കുന്നു. തിരക്കഥയും മെയ്ക്കിംഗും കാസ്റ്റിംഗുമെല്ലാം തന്നെ വിസ്മയിപ്പിച്ചെങ്കിലും ട്രാന്‍സ് കഴിഞ്ഞിറങ്ങുമ്പോള്‍ ഫഹദ് എന്ന നടനാണ് കൂടെ പോരുന്നത്. തന്നില്‍ ഇനിയും അഭിനയത്തിന്റെ ഓളങ്ങള്‍ കെട്ടടങ്ങിയിട്ടില്ലെന്ന് ഓരോ ചിത്രങ്ങളിലൂടെയും ഫഹദ് തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. ഫഹദ് എന്ന നടന് അഭിനയം അഭിനിവേശമാണ്. അത് തന്നെയാണ് ഫഹദിന്റെ ഓരോ കഥാപാത്രങ്ങളിലും പ്രതിഫലിക്കുന്നത്.