”കേരളത്തിനൊരു മുഖ്യമന്ത്രി ഉണ്ട്.. കടയ്ക്കല്‍ ചന്ദ്രന്‍ എന്നാണ് അയാളുടെ പേര്”

മെഗാസ്റ്റാര്‍ മമ്മൂട്ടി മുഖ്യമന്ത്രി വേഷവുമായെത്തുന്ന വണിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. കദറുമിട്ട് കയ്യും വീശി അക്ഷരസ്ഫുടതയോടെ സംസാരിച്ച് ഒരു പക്കാ രാഷ്ട്രീയ പ്രവര്‍ത്തകന്റെ ഗെറ്റപ്പിലാണ് മമ്മൂട്ടി ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗാന്ധിജി ദൈവത്തെ സ്മരിക്കുന്ന ഒരു പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിലൂടെയാണ് ടീസര്‍ ആരംഭിക്കുന്നത്. പിന്നീട് മുഖ്യമന്ത്രിയായി തന്നെ തന്നെ അടയാളപ്പെടുത്തുന്ന മമ്മൂട്ടിയെയും ട്രെയ്‌ലറില്‍ കാണാം. എന്നാല്‍ ചിത്രത്തിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ പോസ്റ്ററില്‍ മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്ന മുരളി ഗോപിയുടെയും ജോജു ജോര്‍ജിന്റെയും കഥാപാത്രങ്ങളെ ടീസറില്‍ കാണിച്ചിട്ടില്ല.

ഉയരെ, എവിടെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബോബി സഞ്ജയ് തിരക്കഥയിലൊരുങ്ങുന്ന ചിത്രം സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ ആണ് നിര്‍മ്മിക്കാണം. ഛായാഗ്രഹണം വൈഡി സോമസുന്ദരം, സംഗീതം ഗോപി സുന്ദര്‍ എന്നിവര്‍ നിര്‍വഹിക്കുന്നു. വണ്‍ കൂടാതെ നവാഗതനായ ജോഫിന്‍ ടി ചാക്കോ ഒരുക്കുന്ന ദി പ്രീസ്റ്റ് എന്ന ഹൊറര്‍ ചിത്രമാണ് മമ്മൂട്ടിയുടെ അണിയറയിലൊരുങ്ങുന്ന മറ്റൊരു ചിത്രം.