ട്രാന്‍സിന് സെന്‍സര്‍ ബോര്‍ഡിന്റെ കുരുക്ക് ; 17 മിനിറ്റ് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് അംഗങ്ങള്‍

വ്യത്യസ്ഥ പ്രമേയവുമായി ഫഹദും നസ്രിയയും വിവാഹത്തിന് ശേഷം വെള്ളിത്തിരയിലൊന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ വര്‍ഷത്തെ ചിത്രങ്ങളിലൊന്നാണ് ട്രാന്‍സ്. ഈ മാസം വാലന്റൈന്‍സ് ഡേ ദിനത്തിലെത്താനിരുന്ന ചിത്രം റിലീസിനോടടുക്കുമ്പോള്‍ സെന്‍സറിങ്ങ് ഘട്ടത്തില്‍ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ചിത്രം കണ്ട തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളാണ് ചിത്രത്തിന് കത്രിക വെച്ചത്. പതിനേഴ് മിനിട്ടോളം ദൈര്‍ഘ്യം വരുന്ന രംഗങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍ രംഗങ്ങള്‍ ഒഴിവാക്കാന്‍ സംവിധായകന്‍ അന്‍വര്‍ റഷീദും തയ്യാറായില്ല. ഇതേത്തുടര്‍ന്ന് സിനിമ മുംബൈയിലെ റിവൈസിങ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത്. ഫെബ്രുവരി പതിനാലിനാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

സെന്‍സറിങ് നീണ്ടുപോയാല്‍ ചിത്രത്തിന്റെ റിലീസ് നീണ്ടേയ്ക്കുമെന്നാണ് വിവരം. ഒരു മോട്ടിവേഷണല്‍ സ്പീക്കറുടെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. നായികയായി നസ്രിയ എത്തും. ഗൗതം മേനോന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍, ദിലീഷ് പോത്തന്‍, വിനായകന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. അന്‍വര്‍ റഷീദ് 7 വര്‍ഷങ്ങള്‍ക്കുശേഷം രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അമല്‍ നീരദാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.