“എൻ്റെ രാഷ്ട്രീയം മനുഷ്യത്വമാണ്, എൻ്റെ വിശ്വാസം സമാധാനവും, ഇത് ജനാധിപത്യരീതിയല്ല”; വിമർശിച്ച് ടൊവിനോ

','

' ); } ?>

നീറ്റ് പരീക്ഷ വീഴ്ച്ചയിൽ കേന്ദ്രസർക്കാരിനെതിരെ സമരം നടത്തുന്ന യുവാക്കൾക്കുനേരെയുണ്ടായ പോലീസ് നടപടിയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ടൊവിനോ തോമസ്. സമാധാനപരമായി പ്രതിഷേധിക്കുന്ന യുവാക്കളെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ലെന്ന് ചൂണ്ടിക്കാട്ടിയ താരം, വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും ഓർമ്മിപ്പിച്ചു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു ടൊവിനോയുടെ പ്രതികരണം. ജനാധിപത്യ രാജ്യത്ത് സ്വന്തം അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന യുവാക്കളോട് പോലീസ് ഇത്തരത്തിൽ പെരുമാറാൻ അവർ എന്ത് തെറ്റാണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പോലീസ് രീതി അംഗീകരിക്കാനാവില്ലെന്നും താരം വ്യക്തമാക്കി.

‘ശരിയും തെറ്റും ആപേക്ഷികമായിരിക്കാം. എന്നാൽ, സമാധാനപരമായ പ്രതിഷേധത്തെ കൈകാര്യം ചെയ്യാനുള്ള രീതി ഇതല്ല. ഒരു രാജ്യത്തിന്റെ ഭാവി തലമുറ ശബ്‌ദമുയർത്തുമ്പോൾ, അത് അടിച്ചമർത്തിയാൽ ഭാവി തന്നെ ചവിട്ടിമെതിക്കപ്പെടുകയാണ്. ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ചോർന്നുപോകുന്നത്.

ആ വിദ്യാർഥികൾ ചെയ്‌ത തെറ്റെന്താണ്? അവർ പൊതുമുതൽ നശിപ്പിച്ചോ? അവർ അക്രമം അഴിച്ചുവിട്ടോ? ഇങ്ങനെ പെരുമാറാൻ അവർ ശരിക്കും എന്താണ് ചെയ്‌തത്? രാജ്യത്ത് എവിടെയും നീതിയുക്തമായ കാരണത്തിനായി സമാധാനപരമായി പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും ഞാൻ എന്റെ ഐക്യദാർഢ്യം അറിയിക്കുന്നു. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന് ഭീഷണിയല്ല, വാസ്‌തവത്തിൽ അത് അടിത്തറകളിൽ ഒന്നാണ്.

എന്റെ ദേശീയബോധത്തെ സംശയിക്കാനൊരുങ്ങുന്ന ഏതൊരാളോടും, നിങ്ങളെക്കാൾ നന്നായി എനിക്കെന്നെ അറിയാം. എൻ്റെ രാഷ്ട്രീയം മനുഷ്യത്വമാണ്. എൻ്റെ വിശ്വാസം സമാധാനവും.’ ടൊവിനോ കുറിച്ചു.

കഴിഞ്ഞ ദിവസം നടന്ന സി.ജെ.പി. പ്രതിഷേധത്തെ പോലീസ് നേരിട്ട രീതിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ജന്തർമന്തറിൽ നടത്തുന്ന രാപകൽ സമരത്തിന് ഒരുമാസം തികഞ്ഞ തിങ്കളാഴ്ച പാർലമെന്റിലേക്ക് ആയിരക്കണക്കിന് യുവാക്കൾ പ്രതിഷേധ മാർച്ച് നടത്തി. ഇതിനെ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവുംകൊണ്ടാണ് പോലീസ് നേരിട്ടത്.

നൂറിലേറെ സി.ജെ.പി.ക്കാരെ കസ്റ്റഡിയിലെടുത്തു. പലർക്കും പരിക്കേറ്റു. ഇന്റർനെറ്റ് സേവനവും വിച്ഛേദിച്ചിരുന്നു. മെട്രോ സ്റ്റേഷനുകളും അടച്ചു. സംഘർഷത്തിനിടെ ചിലർ പോലീസിനുനേരെയും കല്ലെറിഞ്ഞു. 50-ലേറെ പോലീസുകാർക്ക് പരിക്കേറ്റതായി ഡൽഹി പോലീസ് പറഞ്ഞു. ഡൽഹിയിലും അതിർത്തികളിലും സുരക്ഷ വർധിപ്പിച്ചു.