
മലയാള സിനിമയുടെ ശക്തി ക്രിയേറ്റിവിറ്റി ആണെന്ന് നടൻ ടൊവിനോ തോമസ്. 100 കോടി മുടക്കിയാൽ അത് കാണുമ്പോൾ 200 കോടി മുടക്കിയ പോലെ ഇരിക്കണമെന്നും, അതിന് നമ്മൾ ക്രിയേറ്റിവിറ്റി കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ടൊവിനോ പറഞ്ഞു. കൂടാതെ ഏറ്റവും ചുരുങ്ങിയ ചെലവിലും നമുക്ക് സിനിമ ചെയ്യാൻ പറ്റുമെന്നും ടൊവിനോ കൂട്ടിച്ചേർത്തു. തന്റെ ഏറ്റവും പുതിയ ചിത്രം അതിരടിയുടെ പ്രൊമോഷന്റെ ഭാഗമായി പേളി മാണി ഷോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മലയാള സിനിമയിൽ ഒരിക്കലും നഷ്ടപ്പെടരുത് എന്ന് ഞാനാലോചിക്കുന്ന കാര്യം മലയാളീസിന്റെ ക്രിയേറ്റിവിറ്റിയാണ്. പ്ലാൻ എ വർക്കായില്ലെങ്കിൽ ബി, സി, ഡി, ഇ, എഫ് ഒക്കെയുണ്ട് നമ്മുടെ കയ്യിൽ. സ്വഭാവികമായിട്ടും ഇൻഡസ്ട്രി ഇനിയും വലുതാകുമല്ലോ. നല്ല സിനിമകൾ വരുന്നു. ഈ മൂന്ന്- നാല് കൊല്ലത്തെക്കുറിച്ച് ഒന്നാലോചിച്ച് നോക്കൂ. എത്ര തിയറ്ററിക്കൽ ഹിറ്റുകളാണ് നമുക്കുണ്ടായിരിക്കുന്നത്, മുൻവർഷത്തേതിനെ അപേക്ഷിച്ച്. പതിയ ഒടിടിയും ബിസിനസുമൊക്കെ സെറ്റായിട്ട് വന്നാൽ വളരെ സൗകര്യപ്രദമായി നമുക്ക് സിനിമ ചെയ്യാൻ പറ്റും.
അപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വച്ചാൽ നമ്മൾ ക്രിയേറ്റിവിറ്റി വളരെ കുറച്ചേ ഉപയോഗിക്കുകയുള്ളൂ. നമ്മൾ ചോദിക്കുന്നതെല്ലാം കിട്ടി, നമ്മൾ വിചാരിച്ചതു പോലെ എല്ലാം നടന്നു കഴിഞ്ഞാൽ ചില സമയത്ത് നമുക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ നിന്നോ നമുക്കുണ്ടാകുന്ന അസൗകര്യങ്ങളിൽ നിന്നോ അല്ലെങ്കിൽ എന്തെങ്കിലും സാമ്പത്തിക പ്രതിസന്ധികളിൽ നിന്നോ എന്തെങ്കിലും സംഭവിച്ചാൽ അത് പരിഹരിക്കാനുള്ള മാർഗം നമ്മൾ തല പുകഞ്ഞിരുന്ന് ആലോചിക്കും.
മലയാള സിനിമാ ഇൻഡസ്ട്രിയുടെ ഏറ്റവും വലിയ ക്വാളിറ്റിയും അത് തന്നെയാണ്. മറ്റ് ഇൻഡസ്ട്രിയിലുള്ളവർ നോക്കുമ്പോൾ, 18 കോടിക്കാണോ മിന്നൽ മുരളി എടുത്തതെന്ന് ചോദിക്കും. 18 കോടിയേക്കാൾ കൂടുതൽ ചെലവാക്കിയെടുത്തതു പോലെ അവർക്ക് തോന്നിപ്പിക്കുന്നത് പ്രാക്ടിക്കലായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഉപയോഗിച്ചതു കൊണ്ടാണ്.” ടൊവിനോ പറഞ്ഞു.
“എങ്ങനെയൊക്കെ നമുക്ക് അമിത ചെലവില്ലാതെ എന്നാൽ ക്രിയേറ്റീവായിട്ട് കൺവിൻസ് ചെയ്ത് ആൾക്കാരെ ഞെട്ടിക്കാൻ പറ്റുമോ…അതാണ് മലയാള സിനിമയുടെ ഏറ്റവും വലിയ ശക്തി. പണ്ട് മുതലേ ബഡ്ജറ്റ് അല്ലായിരുന്നു മലയാള സിനിമയുടെ ശക്തി. മറ്റ് ഇൻഡസ്ട്രികളെ അപേക്ഷിച്ച് നമ്മുടെ ഇൻഡസ്ട്രി ഒരിക്കലും അങ്ങനെ അല്ലായിരുന്നു.
ഇപ്പോൾ 50 കോടിയോ 100 കോടിയോ മുടക്കി സിനിമകൾ ചെയ്യാനുള്ള ഒരു സാഹചര്യം മലയാള സിനിമയ്ക്ക് വരും, വരട്ടെ. അല്ലെങ്കിൽ അതിൽ കൂടുതൽ കോടികൾ മുടക്കി സിനിമകൾ ചെയ്യാനുള്ള സാഹചര്യം വരും. 100 കോടി മുടക്കിയാൽ അത് കാണുമ്പോൾ 200 കോടി മുടക്കിയ പോലെ ഇരിക്കണം. അതിന് നമ്മൾ കാത്തുസൂക്ഷിക്കേണ്ടത്, ക്രിയേറ്റിവിറ്റിയും മറ്റു വഴികൾ തേടുകയുമാണ്.
ഉദാഹരണത്തിന് ഇപ്പോൾ വോൾട്ട് എന്ന് പറയുന്ന ഒരു ഉപകരണം വച്ച് ഷൂട്ട് ചെയ്യണം. അത് നമുക്ക് പറ്റുന്നില്ല. അപ്പോൾ വോൾട്ടിന്റെ റിസൽറ്റ് ഉണ്ടാക്കുന്ന രീതിയിൽ വേറെ എന്തെങ്കിലും ടെക്നിക്സ് നമ്മൾ കണ്ടെത്തും. മലയാള സിനിമയുടെ ആ ഒരു സാധനം ഒരിക്കലും നഷ്ടപ്പെട്ടു പോകരുത്. നല്ല കാഞ്ഞ ബുദ്ധിയാണ് മലയാളികൾക്ക്.
അത് ശരിയായ രീതിയിൽ ഉപയോഗിച്ച് കഴിഞ്ഞാൽ കുറേ പരിപാടികളുണ്ട് ചെയ്യാൻ. 50 പേരെ വച്ച് മാത്രമേ സിനിമ ചെയ്യാൻ പറ്റൂ എന്ന് പറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സിനിമ ചെയ്തത് മലയാളികൾ ആണ്. കാര്യം നമുക്ക് 50 പേരെ വച്ച് സിനിമ ചെയ്യാൻ പറ്റും. നമുക്ക് ചുരുങ്ങിയ ചെലവിൽ സിനിമ ചെയ്യാൻ പറ്റും.” ടൊവിനോ കൂട്ടിച്ചേർത്തു.