“ഇത് തമാശ പറയേണ്ട വിഷയമല്ല സുഹൃത്തേ”; പ്രമോഷൻ ചടങ്ങിനിടെ ആരാധകരുടെ മോശം പെരുമാറ്റത്തിനെതിരെ ശബ്ദമുയർത്തി ടൊവിനോ

','

' ); } ?>

കോഴിക്കോട് ബീച്ചിൽ നടന്ന ‘അതിരടി’ ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിനിടെ ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായ മോശം പ്രവണതയിൽ സമൂഹമാധ്യമങ്ങളിൽ വിമർശനം. പരിപാടിക്കിടെയുണ്ടായ വൻ തിരക്കിൽപ്പെട്ട് ചില കുട്ടികളെ കാണാതാവുകയും, അവതാരിക രഞ്ജിനിയും, നടൻ ടൊവിനോയുമടക്കം കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പെരുമാറുകയും ചെയ്തു. എന്നാൽ ആരാധകരിൽ ചിലർ സംഭവത്തെ തമാശയായി കാണുകയായിരുന്നു. ഇതിന് ചുട്ട മറുപടിയാണ് ടൊവിനോ നൽകിയിരിക്കുന്നത്. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ടൊവിനോ തോമസും ബേസിൽ ജോസഫുമടക്കമുള്ള താരങ്ങളെ കാണാൻ പതിനായിരങ്ങളാണ് ബീച്ചിൽ തടിച്ചുകൂടിയത്. പരിപാടിക്കിടെയുണ്ടായ വൻ തിരക്കിൽപ്പെട്ട് ചില കുട്ടികളെ കാണാതായത് അല്പനേരം പരിഭ്രാന്തി പരത്തി. കുട്ടികളെ കാണാതായ വിവരം രക്ഷിതാക്കൾ അണിയറ പ്രവർത്തകരെ അറിയിച്ചതോടെ അവതാരകയായ രഞ്ജിനി ഹരിദാസ് മൈക്കിലൂടെ കുട്ടികളുടെ പേര് വിവരങ്ങൾ അനൗൺസ് ചെയ്യാൻ ശ്രമിച്ചു. എന്നാൽ ഈ സമയത്തും താരങ്ങൾക്കൊപ്പം സെൽഫി എടുക്കണമെന്നാവശ്യപ്പെട്ട് കാണികളിൽ ചിലർ കൂവിവിളിച്ചും ബഹളം വെച്ചും തടസ്സം സൃഷ്ടിക്കുകയായിരുന്നു. ശബ്ദം കുറയ്ക്കണമെന്നും മൈക്കിലൂടെ പറയുന്നത് കേൾക്കാൻ അനുവദിക്കണമെന്നും ടൊവിനോ തോമസ് നേരിട്ട് ആവശ്യപ്പെട്ടെങ്കിലും കാണികൾ അടങ്ങിയില്ല.

സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് മൈക്ക് ഏറ്റെടുത്ത ടൊവിനോ, കാണികളോട് രൂക്ഷമായ ഭാഷയിൽത്തന്നെ പ്രതികരിച്ചു. “സുഹൃത്തുക്കളെ, കുട്ടികളെ കാണാനില്ലാത്ത കാര്യമാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. നിങ്ങളുടെ വീട്ടിലെ കുട്ടികളെയാണ് കാണാതാകുന്നതെങ്കിൽ നിങ്ങൾക്ക് നെഞ്ചിടിപ്പ് ഉണ്ടാകില്ലേ? ഒന്നു പറഞ്ഞോട്ടെ പ്ലീസ്,” എന്ന് ടൊവിനോ ചോദിച്ചു. കാണാതായ കുട്ടികളെ ആർക്കെങ്കിലും കണ്ടുകിട്ടിയാൽ സ്റ്റേജിൽ എത്തിക്കാൻ നടൻ അഭ്യർത്ഥിക്കുന്നതിനിടെ, കാണികളിൽ ചിലർ “കാണാതായവർ ഇവിടെയുണ്ട്” എന്ന് കളിയായി വിളിച്ചു പറഞ്ഞു.

ഇത്തരമൊരു വൈകാരിക നിമിഷത്തെ തമാശയാക്കാൻ ശ്രമിച്ചവർക്ക് തക്കതായ മറുപടിയും താരം നൽകി. “ഇത് തമാശ പറയേണ്ട വിഷയമല്ല സുഹൃത്തേ, മനസ്സിലാക്കൂ. കുട്ടികളെ കിട്ടുന്നതുവരെ അവരുടെ വീട്ടുകാർക്ക് സമാധാനം ഉണ്ടാകില്ല, നമുക്കും ആ സമാധാനം ഉണ്ടാകരുത്. ദയവായി എല്ലാവരും സഹകരിച്ച് ആ കുട്ടികളെ കണ്ടുപിടിക്കൂ,” എന്ന് ടൊവിനോ പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ടൊവിനോ തോമസിന്റെയും രഞ്ജിനി ഹരിദാസിന്റെയും പക്വതയോടെയുള്ള ഇടപെടലിനെ പ്രശംസിക്കുകയാണ് ആരാധകർ. അതേസമയം, കുട്ടികളെ കാണാതായ അതീവ ഗൗരവകരമായ സാഹചര്യത്തിലും ആവേശം മൂത്ത് ബഹളം വെക്കുകയും തമാശ പറയുകയും ചെയ്തവർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്. സിനിമ പ്രമോഷനുകൾക്കിടയിലെ ആൾക്കൂട്ട നിയന്ത്രണത്തെക്കുറിച്ചും ആരാധകരുടെ പെരുമാറ്റ രീതികളെക്കുറിച്ചും ഈ സംഭവം വീണ്ടും ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.