
കോഴിക്കോട് ബീച്ചിൽ നടന്ന ‘അതിരടി’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയുണ്ടായ തിരക്കിലും ബഹളത്തിലും അവതാരക രഞ്ജിനി ഹരിദാസ് നടത്തിയ ഇടപെടലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ടൊവിനോ തോമസും ബേസിൽ ജോസഫും അടക്കമുള്ള പ്രമുഖ താരങ്ങളെ കാണാനായി ആയിരക്കണക്കിന് ആളുകളാണ് ബീച്ചിൽ തടിച്ചുകൂടിയത്. ജനത്തിരക്കിനിടയിൽ ചില കുട്ടികളെ കാണാനില്ലെന്ന പരാതി ഉയർന്നതോടെയാണ് വേദിയിൽ രഞ്ജിനിയുടെ ശക്തമായ പ്രതികരണം ഉണ്ടായത്.
കുട്ടികളെ കാണാനില്ലെന്ന വിവരം മാതാപിതാക്കൾ അറിയിച്ചതിനെത്തുടർന്ന് രഞ്ജിനി മൈക്കിലൂടെ അനൗൺസ്മെന്റ് നടത്തി. എന്നാൽ ഈ ഗൗരവകരമായ സാഹചര്യത്തെ പരിഹസിച്ചുകൊണ്ട് കാണികളിൽ ഒരാൾ മോശം കമന്റ് പറയുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട രഞ്ജിനി അക്രമിക്ക് ചുട്ട മറുപടി നൽകി. “നിന്റെ അമ്മയാണെങ്കിൽ നീ പറയുവോടാ അങ്ങനെ? എന്തുവാഡേ, എന്ത് ബോറാണ്. ഒരാളെ കാണുന്നില്ലെന്ന് പറയുമ്പോൾ തമാശ. ഇതാണ് മനുഷ്യരുടെ പ്രശ്നം. പത്ത് പേർ ചാവുമ്പോൾ കിടന്ന് ചിരിക്കും. നിങ്ങൾ ഇത്രയും മനോഹരമായി നിൽക്കുമ്പോൾ ഇടയ്ക്ക് ഒരെണ്ണം. അവന്റെ മുഖം ഞാൻ മറക്കില്ല,” എന്നായിരുന്നു രഞ്ജിനിയുടെ രൂക്ഷമായ പ്രതികരണം.
രഞ്ജിനിയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് വൈറലായി. സങ്കീർണ്ണമായ സാഹചര്യങ്ങളിൽ ഭയപ്പെടാതെ കൃത്യമായി പ്രതികരിക്കാൻ രഞ്ജിനിക്ക് സാധിച്ചുവെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
മറ്റൊരു അവതാരകരായിരുന്നെങ്കിൽ ഇത്തരം സന്ദർഭങ്ങളിൽ പതറിപ്പോകുമായിരുന്നുവെന്നും, രഞ്ജിനിയുടെ തന്റേടം അഭിനന്ദനാർഹമാണെന്നും പരിപാടിയിൽ പങ്കെടുത്തവരും വീഡിയോ കണ്ടവരും കമന്റുകളിലൂടെ പ്രതികരിക്കുന്നു. സങ്കടകരമായ അവസ്ഥകളെ പോലും തമാശയായി കാണുന്ന മനോഭാവത്തിനെതിരെ രഞ്ജിനി നടത്തിയ പ്രതികരണം വലിയ രീതിയിലുള്ള പിന്തുണയാണ് നേടുന്നത്.