കമൽഹാസനും രജനീകാന്തും ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾ പ്രതിഫലം കുറയ്ക്കണം; ആവശ്യങ്ങളുമായി തീയേറ്റർ ഉടമകൾ

','

' ); } ?>

സംസ്ഥാനത്ത് തിയേറ്റർ വ്യവസായം പ്രതിസന്ധിയിലായത് കൊണ്ട് കമൽഹാസനും രജനീകാന്തും ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ തിയേറ്റർ ഉടമകൾ. കോവിഡിന് ശേഷം ഒടിടി കമ്പനികൾ വൻതുകകൾ നൽകി സിനിമകൾ സ്വന്തമാക്കുകയും ഇതുകാരണം താരങ്ങൾ പ്രതിഫലം കുത്തനെ ഉയർത്തുകയും ചെയ്‌തുവെന്നും തമിഴ്‌നാട് തിയേറ്റർ അസോസിയേഷൻ നേതാവ് തിരുപ്പുർ സുബ്രഹ്‌മണ്യൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

“താരങ്ങളുടേയും സംവിധായകരുടേയും ആവശ്യങ്ങൾക്ക് നിർമാതാക്കൾക്ക് വഴങ്ങേണ്ടിവന്നു. നിർമാണ ചെലവ് വർധിക്കുന്നതിനൊപ്പം പല പ്രൊഡക്ഷൻ കമ്പനികളും കനത്ത നഷ്‌ടം നേരിടുന്നതിനും പാപ്പരാകുന്നതിന് പോലും ഇത് കാരണമായി. ഇതിന്റെയെല്ലാം അനന്തരഫലമായി ലാഭമുണ്ടാക്കാൻ തിയേറ്ററുകൾ പാടുപെടുകയാണ്. ചിലഘട്ടങ്ങളിൽ മുടക്കുമുതൽ പോലും നേടാൻ സിനിമകൾക്ക് സാധിക്കുന്നില്ല. അത് കൊണ്ട്
കമൽഹാസനും രജനീകാന്തും ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾ പ്രതിഫലം കുറയ്ക്കണം.” തിരുപ്പുർ സുബ്രഹ്‌മണ്യൻ പറഞ്ഞു.

“താരങ്ങൾ പ്രതിഫലം കുറയ്ക്കുന്നതിനൊപ്പം മറ്റുചില ആവശ്യങ്ങളും തിയേറ്റർ ഉടമകളുടെ സംഘടന മുന്നോട്ടുവെച്ചു. നിലവിൽ ഒരു സിനിമ തിയേറ്ററിലിറങ്ങി നാലാഴ്‌ചകൾക്കുശേഷമാണ് ഒടിടിയിലെത്തുന്നത്. ഇതും തിയേറ്ററുകൾക്ക് തിരിച്ചടിയാണ്. ഒടിടി വിൽപ്പനയിലൂടെ നിർമാതാക്കൾ വലിയ ലാഭമാണ് ഉണ്ടാക്കുന്നത്. നിലവാരമുള്ള സിനിമകൾ കുറയുന്നതുകൊണ്ട് തിയേറ്ററുകൾ കഷ്‌ടപ്പെടുകയാണ്. വലിയ തുക പ്രതിഫലമായി നൽകുന്നതിന് പകരം താരങ്ങൾക്ക് ലാഭം പങ്കുവെക്കുന്ന രീതിയാണ് വേണ്ടത്. കൂടാതെ അവർക്ക് ഒപ്പമുള്ളവരുടെ ചെലവ് കുറയ്ക്കണം.” തിരുപ്പുർ സുബ്രഹ്‌മണ്യൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞവർഷം തിയേറ്റർ ഉടമകൾ തമിഴ്‌നാട് സർക്കാരിന് മുന്നിൽ മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ടിക്കറ്റ് നിരക്ക് 220-ൽ നിന്ന് 250 ആയി ഉയർത്തുക, തിയേറ്റർ റിലീസും ഒടിടി റിലീസും തമ്മിൽ എട്ടാഴ്ചയുടെ വ്യത്യാസം നിർബന്ധമാക്കുക, തിയേറ്ററുകളിൽ മാളുകളുടേതിന് സമാനമായ വാണിജ്യപ്രവർത്തനങ്ങൾക്ക് അനുമതി നൽകുക എന്നിവയായിരുന്നു അത്. എന്നാൽ ഈ ആവശ്യങ്ങളൊന്നും നടപ്പായിട്ടില്ല.
നിരവധി തിയേറ്ററുകളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി സിനിമകൾ പ്രദർശിപ്പിക്കാതിരിക്കുന്നത്. പ്രധാന തമിഴ് ചിത്രങ്ങളുടെ റിലീസ് ഇല്ലാത്തതാണ് ഇതിന് കാരണം. അടുത്ത വർഷമാകുമ്പോൾ സ്ഥിതി ഇതിലും ഗുരുതരമാകും. കാരണം ഇതുവരെ രണ്ട് വലിയ ചിത്രങ്ങൾക്ക് മാത്രമാണ് സ്ഥിരീകരണം ലഭിച്ചത്. രജനീകാന്തിന്റെ ജയിലർ 2, വിജയുടെ ജനനായകൻ എന്നീ ചിത്രങ്ങളാണ് അവ.’ -തിരുപ്പുർ സുബ്രഹ്‌മണ്യൻ പറഞ്ഞു.