അൻസിബ ഹസ്സന്റെ പരാതി; മുൻകൂർ ജാമ്യം തേടി ടിനി ടോം

','

' ); } ?>

നടി അൻസിബ ഹസ്സന്റെ പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി നടൻ ടിനി ടോം. കേസിന്റെ പശ്ചാത്തലത്തിൽ ടിനി ടോമിനെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. അതിനിടയിലാണ് മുൻകൂർ ജാമ്യം തേടിയുള്ള നടൻ്റെ നീക്കം. എറണാകുളം സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യത്തിനായി അപേക്ഷ നല്കിയിരിക്കുന്നത്.

നേരത്തെ, പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുത്തിരുന്നില്ല. തുടർന്ന് അൻസിബ കോ‌ടതിയെ സമീപിക്കുകയായിരുന്നു. കോടതിയാണ് പരാതിയിൽ കേസെടുക്കാൻ ആവശ്യപ്പെട്ടത്.

സ്ത്രീകളോടുള്ള മോശം പെരുമാറ്റം(Bns 74), ലൈംഗിക സൂചനയോടെയുള്ള പരാമർശം(Bns 75), സ്ത്രീകൾക്കെതിരായ അശ്ലീല പ്രയോഗം(Bns79), മത സ്പർദ്ധ വളർത്തൽ(Bns 299), മതവികാരം വൃണപ്പെടുത്താൽ(Bns 302) തുടങ്ങിയ വകുപ്പുകളാണ് നിലവിൽ ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം 30നാണ് അൻസിബയുടെ പരാതിയില്‍ കേസ് എടുക്കാന്‍ എറണാകുളം ജില്ല സെഷൻസ് കോടതി നിര്‍ദ്ദേശിച്ചത്. അന്‍സിബയ്ക്കെതിരെ നടത്തിയ വർ​ഗീയ പരാമർശത്തിൽ കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള പരാതികൾ എല്ലാം അന്വേഷിക്കണമെന്നും കോടതി നിർദേശത്തിലുണ്ട്. അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പൊലീസിൻ്റെ നിലപാട്.