‘മറ്റൊരു ദുരന്തത്തിന് കാത്തുനിൽക്കരുത്, പാതയോരങ്ങളിലെ വാഹന പരിശോധന ഉടനടി കർശനമാക്കണം”; ശറഫുദ്ധീൻ

','

' ); } ?>

തൃശ്ശൂർ കയ്പമംഗലത്ത് എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ ജീവനെടുത്ത ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ, യാതൊരു മുന്നറിയിപ്പുകളുമില്ലാതെ ദേശീയപാതയോരങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ കടുത്ത നിയമനടപടിയും വൻ തുക പിഴയും ചുമത്തണമെന്ന് നടൻ ഷറഫുദ്ദീൻ. റോഡിൽ മറ്റൊരു ദുരന്തം കൂടി സംഭവിക്കാൻ കാത്തുനിൽക്കാതെ വാഹന പരിശോധനകളും സുരക്ഷാ മാനദണ്ഡങ്ങളും അടിയന്തരമായി കർശനമാക്കാൻ കേരള സർക്കാരും മോട്ടോർ വാഹന വകുപ്പും തയ്യാറാകണമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു.

ദേശീയപാത-66 ലെ നിർമാണം നടക്കുന്ന കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ വെള്ളിയാഴ്ച രാത്രി 11.40-ഓടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. സർവീസ് റോഡിലേക്കുള്ള സൂചനാബോർഡ് മറച്ച് പാർക്ക് ചെയ്തിരുന്ന മൂന്ന് ലോറികളിലൊന്നിലേക്ക് തമിഴ്‌നാട് ദിണ്ടിഗൽ പി.എസ്.എൻ.എ. കോളേജ് ഓഫ് എൻജിനിയറിങ് വിദ്യാർഥികൾ സഞ്ചരിച്ച കാർ ഇടിച്ചുകയറുകയായിരുന്നു. നിർത്തിയിട്ടിരുന്ന ലോറികളിൽ റിഫ്ലക്ടറുകളോ ടെയിൽ ലാമ്പുകളോ മറ്റ് മുന്നറിയിപ്പ് സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. ഇടിയുടെ ആഘാതത്തിൽ കാർ നിശ്ശേഷം തകരുകയും എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും ചെയ്തു.

രാത്രികാലങ്ങളിൽ യാതൊരു മുന്നറിയിപ്പ് സിഗ്നലുകളുമില്ലാതെ ദേശീയപാതയോരം കയ്യേറി ട്രക്കുകളും ലോറികളും പാർക്ക് ചെയ്യുന്നത് പതിവുകാഴ്ചയാണെന്ന് ഷറഫുദ്ദീൻ ചൂണ്ടിക്കാട്ടി. ഹസാർഡ് ലൈറ്റുകളോ റിഫ്ലക്ടറുകളോ ഇല്ലാതെ ഇരുട്ടിൽ വാഹനം പാർക്ക് ചെയ്യുന്നത് വെറുമൊരു ട്രാഫിക് ലംഘനമല്ല, മറിച്ച് മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണ്. ദേശീയ പെർമിറ്റ് വാഹനങ്ങളിൽ ബ്രേക്ക് ലൈറ്റുകളും റിഫ്ലക്ടറുകളും കൃത്യമായി ഉണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണം. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ കൈക്കൊള്ളണമെന്നും, ഇന്ത്യയിലൊട്ടാകെ ഇത് നടപ്പിലാക്കാൻ കഴിഞ്ഞില്ലെങ്കിലും കേരളത്തിലെങ്കിലും കർശനമായി ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇത് ലോറി ഡ്രൈവർമാർക്ക് എതിരെയുള്ള നിലപാടല്ലെന്നും, ദിവസങ്ങളോളം തുടർച്ചയായി വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് സുരക്ഷിതമായി വിശ്രമിക്കാനുള്ള പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും നടൻ വ്യക്തമാക്കുന്നു. ചരക്കു ഗതാഗതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും തൊഴിലിന്റെ പ്രയാസങ്ങളെക്കുറിച്ചും ബോധ്യമുണ്ടെങ്കിലും, റോഡിലിറങ്ങുന്ന ഓരോ മനുഷ്യന്റെയും ജീവൻ സുരക്ഷിതമാക്കാൻ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമായും പാലിക്കപ്പെടണമെന്നും ഷറഫുദ്ദീൻ കൂട്ടിച്ചേർത്തു.