കുവൈത്ത് വിജയന്റെ രോഷം തെയ്യത്തിന്റെ പുറപ്പാടായി മാറിയ കഥ

തിങ്കളാഴ്ച്ച നിശ്ചയം എന്ന സിനിമയിലെ കുവൈറ്റ് വിജയന്‍ എന്ന കഥാപാത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു. തന്റെ കഥാപാത്രത്തിന്റെ പൂര്‍്ണ്ണതയ്ക്കായി ആത്മാര്‍ത്ഥമായ പരിശ്രമമുണ്ടായിരുന്നുവെന്ന് വിജയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മനോജ് കെ. യു സെല്ലുലോയ്ഡിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ചിത്രീകരണം തുടങ്ങീ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കഥാപാത്രമായി മാറുന്ന തരത്തിലുള്ള പെരുമാറ്റവും സാഹചര്യവുമൊരുക്കിയാണ് സംവിധായകന്‍ സെന്ന ഹെഗ്‌ഡെയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും മുന്നോട്ട് പോയതെന്ന് മനോജ് പറയുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തില്‍ വിജയന്‍ രോഷം കൊണ്ട് കാണിച്ച് കൂട്ടുന്ന പ്രവൃത്തികള്‍ ഇതിനകം തന്നെ പ്രേക്ഷകപ്രശംസ നേടിയിരുന്നു. സോണിലിവിലൂടെയെത്തിയ ചിത്രത്തിന്റെ മെയ്ക്കിംഗ് വീഡിയോ കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. വിജയനായുള്ള മനോജിന്റെ പകര്‍ന്നാട്ടം കണ്ട് സെന്ന ചിത്രീകരണത്തിനിടെ സന്തോഷത്തോടെ തിരിഞ്ഞുനടക്കുന്ന വീഡിയോയാണ് വൈറലായത്. ഈ രംഗം അഭിനയിക്കുമ്പോള്‍ തെയ്യമായിരുന്നു തന്റെ മനസ്സിലെന്ന് മനോജ് വ്യക്തമാക്കുന്നു. വൈരജാതന്‍ എന്ന തെയ്യത്തിന്റെ പുറപ്പാടാണ് ആ രംഗം പറഞ്ഞപ്പോള്‍ നാടകപ്രവര്‍ത്തകന്‍ കൂടെയായ മനോജിന്റെ മനസ്സിലേക്കെത്തിയത്. പടിഞ്ഞാറ്റ് തെയ്യം നോക്കി കണ്ണിന്റെ കൃഷ്ണമണി മറഞ്ഞ് ഭക്തരെ പരിചകൊണ്ട് തട്ടിമാറ്റിയാണ് തെയ്യത്തിന്റെ പുറപ്പാട്. ഈ രംഗം മനസ്സിലേക്കാവാഹിക്കാന്‍ അഞ്ച് മിനുട്ട് സമയം സംവിധായകനോട് ആവശ്യപ്പെട്ടാണ് ചിത്രീകരണം തുടങ്ങിയതെന്നും മനോജ് പറയുന്നു. തെയ്യവുമായി ബന്ധപ്പെടുത്തി അഭിനയിച്ചത് കൊണ്ടാണ് ആ രംഗത്തിന് അത്രമാത്രം പൂര്‍ണ്ണത ലഭിച്ചതെന്നും അഭിമുഖത്തില്‍ മനോജ് വ്യക്തമാക്കി.


മെയ്ഡ് ഇന്‍ കാഞ്ഞങ്ങാട് എന്ന ടാഗ് ലൈനില്‍ പുതുമുഖങ്ങളെ അണിനിരത്തി സെന്ന ഹെഗ്‌ഡേ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് തിങ്കളാഴ്ച്ച നിശ്ചയം. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ ചിത്രത്തിന് മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ സിനിമയ്ക്കുമുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചതിന് പിന്നാലെയാണ് സോണി ലൈവിലൂടെ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. വളരെ ചെറിയ ഒരു കഥാതന്തുവിനെ അതിഭാവുകത്വങ്ങളില്ലാതെ രസകരമായി പറഞ്ഞ് അവസാനിപ്പിക്കുന്നു എന്നതാണ് തിങ്കളാഴ്ച നിശ്ചയത്തെ ജനകീയമാക്കുന്നത്. തിങ്കളാഴ്ച്ച നിശ്ചയം ടീമുമായി സെല്ലുലോയ്ഡ് നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം താഴെ കാണാം.