
തൃശ്ശൂരിലെ രാഗം തിയേറ്ററിൽ ഇനിമുതൽ ഫാൻസ് ഷോകൾ ഉണ്ടാവില്ലെന്ന് അറിയിച്ച് തീയേറ്റർ അധികൃതർ. ആരാധകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അതിരുവിട്ട ആവേശപ്രകടനങ്ങളും അതുമൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് അധികൃതരെ നയിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തിയേറ്റർ ഉടമകൾ ഈ വിവരം പങ്കുവെച്ചത്.
പുതിയ ചിത്രങ്ങളുടെ റിലീസ് വേളയിൽ വലിയ കട്ടൗട്ടുകൾ ഉയർത്തുന്നതും പാലഭിഷേകം നടത്തുന്നതും രാഗം തിയേറ്ററിന് മുന്നിലെ പതിവ് കാഴ്ചയായിരുന്നു. എന്നാൽ ഫാൻസ് ഷോയ്ക്ക് മുൻപായി നടക്കുന്ന ഇത്തരം പ്രകടനങ്ങൾ സമീപത്തെ വ്യാപാരികൾക്കും മറ്റു സ്ഥാപനങ്ങളിൽ എത്തുന്നവർക്കും വലിയ രീതിയിൽ തടസ്സമുണ്ടാക്കുന്നതായി പരാതിയുയർന്നിരുന്നു. ആരാധകരുടെ ആഘോഷങ്ങൾ പലപ്പോഴും പരിധി ലംഘിക്കുന്ന സാഹചര്യം ഉണ്ടായതോടെയാണ് ഫാൻസ് ഷോകൾ പൂർണ്ണമായും ഒഴിവാക്കാൻ മാനേജ്മെന്റ് തീരുമാനിച്ചത്.
കേരളത്തിലെ ഫാൻസ് ഷോകളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ രാഗത്തിൽ നിന്നുള്ള ഈ പിന്മാറ്റം സിനിമാ ആരാധകർക്കിടയിൽ വലിയ നിരാശയുണ്ടാക്കിയിട്ടുണ്ട്. തൃശ്ശൂരിലെ സിനിമാ ആഘോഷങ്ങളുടെ പര്യായമായിരുന്ന തിയേറ്ററിലെ ആരവങ്ങൾ ഇനിമുതൽ ഉണ്ടാവില്ലെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.