നടി അഹാനയെ ഒഴിവാക്കിയതില്‍ രാഷ്ട്രീയമില്ല ,തികച്ചും തൊഴില്‍പരമായ തീരുമാനമെന്ന് പ്രൊഡക്ഷന്‍ കമ്പനി

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായിയെത്തുന്ന ഭ്രമം എന്ന ചിത്രത്തില്‍ നിന്ന് നടി അഹാനയെ ഒഴിവാക്കിയതില്‍ രാഷ്ട്രീയമില്ലെന്ന് പ്രൊഡക്ഷ്ന്‍ കമ്പനിയായ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്. നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമ പ്രഖ്യാപിച്ച സമയത്ത് അഹാനയും ചിത്രത്തില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത് മുതല്‍ അഹാനയെ കാണാത്തതിനാല്‍ സമൂഹമാധ്യമത്തില്‍ താരത്തെ ഒഴിവാക്കിയെന്ന ചര്‍ച്ചകളും നടന്നു. മകള്‍ അഹാന കൃഷ്ണയെ തന്റെ ബി.ജെ.പി ബന്ധം കാരണം രണ്ട് സിനിമകളില്‍ കാസ്റ്റ് ചെയ്ത ശേഷം ഒഴിവാക്കിയെന്ന ആരോപണവുമായി നടന്‍ കൃഷ്ണകുമാര്‍ രംഗ ത്തെത്തിയിരുന്നു. പൃഥ്വിരാജ് ചിത്രം ‘ഭ്രമ’ത്തില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നിലും ഇതാണ് കാരണമെന്നും മലയാളി വാര്‍ത്ത ഓണ്‍ലൈനില്‍ കൃഷ്ണകുമാറര്‍ പറഞ്ഞു.അതെ തുടര്‍ന്നാണ്
ഭ്രമം സിനിമയുടെ നിര്‍മ്മാതാക്കളായ ഓപ്പണ്‍ ബുക്ക് വിശദീകരണവുമായി രംഗത്തെത്തിയത്.

ഭ്രമം ചിത്രത്തിന്റെ കാസ്റ്റിങ് തീരുമാനത്തില്‍ പൃഥ്വിരാജിനും മറ്റ് അഭിനേതാക്കള്‍ക്കും ബന്ധമില്ല. അഹാന മറ്റ് സിനിമകളുടെ തിരക്കുകളിലായിരുന്നു. പിന്നീട് അവര്‍ക്ക് കൊവിഡ് ബാധിച്ചു. അതിനാലാണ് കോസ്റ്റിയൂം ട്രയല്‍ വൈകിയത്. അവസനാം കോസ്റ്റിയൂം ട്രയല്‍ ചെയ്തപ്പോള്‍ അഹാന കഥാപാത്രത്തിന് അനുയോജ്യയല്ലെന്ന് സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു.

ഇത് തൊഴില്‍ പരമായ തീരുമാനം മാത്രമാണ്. അല്ലാതെ ജാതി, മതം, വംശീയം, വര്‍ണ്ണം തുടങ്ങിയ ഒരു വിവേചനവും ഉണ്ടായിട്ടില്ല. അത്തരത്തിലുള്ള വിവേചനങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

ബോളിവുഡില്‍ വന്‍ വിജയമായ ചിത്രം അന്ധാധുന്നിന്റെ മലയാളം റീമെയ്ക്കാണ് ഭ്രമം. പ്രമുഖ ഛായാഗ്രഹകന്‍ രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. മംമ്ത മോഹന്‍ദാസ്, ശങ്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

പ്രസ്താവനയുടെ പൂര്‍ണരൂപം:


ബഹുമാന്യരെ, ഞങ്ങള്‍ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച ഭ്രമം എന്ന സിനിമയില്‍ അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിലോ ടെക്‌നീഷ്യന്‍മാരെ നിര്‍ണയിക്കുന്നതിലോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പരിഗണനകള്‍ ഇല്ല എന്ന് ആദ്യം തന്നെ ഓപ്പണ്‍ ബുക്കിന്റെ സാരഥികള്‍ എന്ന രീതിയില്‍ ഞങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ന് ചില മാധ്യമങ്ങളില്‍ അഹാനയെ സിനിമയില്‍നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകള്‍ മുന്‍നിര്‍ത്തിയാണെന്ന വാര്‍ത്ത ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ഈ വാര്‍ത്തയില്‍ ഉദ്ദേശിച്ച ചിത്രം ഞങ്ങള്‍ നിര്‍മിച്ച ഭ്രമം എന്ന സിനിമയാണെങ്കില്‍ ആ ആരോപണത്തെ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ് ശക്തമായി എതിര്‍ക്കുന്നു ഒരു സിനിമയില്‍ കഥാപാത്രത്തിന് അനുയോജ്യമായ അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നത് ആ സിനിമയുടെ സംവിധായകനും എഴുത്തുകാരനും ക്യാമറമാനും നിര്‍മാതാക്കളും മാത്രമാണ്. അഹാനയെ ഞങ്ങള്‍ പരിഗണിച്ചുവെന്നത് ശരിയാണ്, പക്ഷേ അന്തിമ തീരുമാനം ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലിനും ശേഷം മാത്രമായിരിക്കും എന്നും ഞങ്ങള്‍ അഹാനയെ അറിയിച്ചിരുന്നു. അതുവരെ ഈ സിനിമയില്‍ പരിഗണിച്ച കാര്യം പുറത്തു പറയരുത് എന്നും നിര്‍മാതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ അവരെ അറിയിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അഹാനയുടെ പേര് ചില മാധ്യമങ്ങളില്‍ വരുകയും ചെയ്തു.

അഹാന മറ്റൊരു സിനിമയുടെ ജോലിയില്‍ ആയിരുന്നതിനാല്‍ ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലും ആദ്യം നിശ്ചയിച്ച തീയതിയില്‍ നടന്നില്ല. അഹാനക്ക് കോവിഡ്-19 ബാധിച്ചതിനാല്‍ വീണ്ടും അത് വൈകുകയായിരുന്നു. അവര്‍ രോഗമുക്തയായ ശേഷം 2021 ജനുവരി 10ന് ക്യാമറ ടെസ്റ്റും കോസ്റ്റ്യൂം ട്രയലും നടത്തി. കോസ്റ്റ്യൂം ട്രയലിന്റെ ചിത്രങ്ങള്‍ കണ്ട ശേഷം സംവിധായകാനും എഴുത്തുകാരനും നിര്‍മാതാക്കളും അഹാന ഈ കഥാപാത്രത്തതിന് അനുയോജ്യ അല്ല എന്ന നിഗമനത്തില്‍ എത്തി. ഈ വിവരം അഹാനയെ വിളിച്ച് ഔദ്യോഗികമായി അറിയിക്കുകയും ക്ഷമാപണം നടത്തുകയും അടുത്ത പ്രോജക്ടില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാം എന്ന് പറയുകയും ചെയ്തു.

ഈ തീരുമാനം തികച്ചും തൊഴില്‍പരമായ തീരുമാനമാണെന്നും അതില്‍ ഒരു രാഷ്ട്രീയ പ്രേരണയും കലര്‍ന്നിട്ടില്ലെന്നും ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. ഞങ്ങള്‍ 25 വര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. സിനിമ ഞങ്ങളുടെ തൊഴിലിടമാണ്, തൊഴില്‍ ഞങ്ങള്‍ക്ക് ദൈവമാണ്. ഞങ്ങളുടെ തൊഴിലിടങ്ങളില്‍ ജാതി, മതം, വംശീയം, വര്‍ണ്ണം, ലിംഗഭേദ, കക്ഷി രാഷ്ട്രീയം എന്നീ ഒരു വിവേചനങ്ങളും ഉണ്ടാവാതിരിക്കാന്‍ എന്നും ശ്രദ്ധിക്കാറുണ്ട്, ഉറപ്പുവരുത്താറുണ്ട്. ഇനിയും അത് തന്നെ ആയിരിക്കും ഞങ്ങളുടെ നയം.

ആരുടെ എന്ത് താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണെങ്കിലും ഞങ്ങളുടെ തൊഴിലിടങ്ങളെ ഇത്തരം വിവേചനങ്ങളിലേക്ക് വലിച്ചിഴക്കരുത് എന്ന് ഞങ്ങള്‍ താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു, അപേക്ഷിക്കുന്നു. ഈ കത്തിന്റെ അവസാനം ഒരു കാര്യം കൂടെ കൂട്ടിച്ചേര്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ശ്രീ പൃഥ്വിരാജ് സുകുമാരനോ ഭ്രമം സിനിമ ടീമിലെ മറ്റ് അംഗങ്ങള്‍ക്കോ ഭ്രമത്തിന്റെ കാസ്റ്റിങ് തീരുമാനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ഞങ്ങള്‍ വ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നു

രവി കെ. ചന്ദ്രന്‍ , സി.വി. സാരഥി, എന്‍.എം. ബാദുഷ വിവേക് രാമദേവന്‍, ശരത ബാലന്‍