സജി മില്ലേനിയം എന്ന പേര് കേട്ടാൽ മനസ്സിലാകാത്ത മലയാളികൾ ചുരുക്കമാണ്. പ്രത്യേകിച്ച് മില്ലേനിയം എന്ന പേര്. അത് പേര് എന്നതിലുപരി ഒരു തലമുറയുടെ ഗൃഹാതുരത്വം കൂടിയാണ്. ഒരു തലമുറയുടെ കുട്ടിക്കാലം മനോഹരമാക്കിയ ഒരു പാട് മാപ്പിളപ്പാട്ടുകൾ മലയാളിക്ക് സമ്മാനിച്ച സ്ഥാപനം. 25 വർഷത്തെ അധ്വാനം, പേരും പ്രശസ്‌തയും എല്ലാം നേടി വിജയിച്ചു നിൽക്കുമ്പോഴും മില്ലേനിയത്തിന്റെ അമരക്കാരന് ഉള്ളിൽ തട്ടിയ സങ്കടങ്ങൾ ബാക്കിയാണ്. ഇപ്പോഴിതാ കടന്ന് വന്ന വഴികളിൽ അധികമാർക്കുമറിയാത്ത ചതികളെ കുറിച്ചും അവഗണനകളെ കുറിച്ചും മനസ്സ് തുറക്കുകയാണ് സജി മില്ലേനിയവും ഭാര്യ എയ്ഞ്ചൽ മരിയയും. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ്സ് തുറന്നത്.
ഇന്ന് ഫീൽഡിൽ ഉള്ള അനുശ്രീയെ വരെ കൈപിടിച്ചുയർത്തിയത് മില്ലേനിയം ആണെന്ന് പറയുന്നവരുണ്ട്, പക്ഷെ അങ്ങനെ പറയാൻ പറ്റില്ല. അനുശ്രീയുടെ ആദ്യത്തെ ആൽബം എന്റെ കൂടെയാണ്. “കുളിർ ചൂടി ഒഴുകും കാറ്റേ” എന്ന ആൽബം. പിന്നെ ഉള്ളത് ആർട്ടിസ്റ്റുകളാണ്. ഒരുപാട് ആർട്ടിസ്റ്റുകൾ നമ്മളിലൂടേ വന്നിട്ടുണ്ട്. പക്ഷെ ഞാൻ പറയുന്നു ഞാൻ അല്ലെങ്കിൽ മറ്റൊരാൾ, അവരെന്തായാല്ലും ആർട്ടിസ്റ്റ് ആവേണ്ട ആളുകൾ ആർട്ടിസ്റ്റ് ആയിരിക്കും. അതിനു നമ്മളൊരു നിമിത്തം ആയെന്ന് മാത്രം. അങ്ങനെ ഞാൻ കൈ പിടിച്ചു കൊണ്ട് വന്ന പല ആളുകളുടെയും ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ട്. നിങ്ങൾ ആദ്യമായിട്ട് ഈ ഫീൽഡിൽ എങ്ങനെയാണ് വന്നത്?, ഞാൻ മോഡലിംഗിലൂടെയായിരുന്നു വന്നത്. മോഡൽ ആയിരുന്നു. എന്നൊക്ക പറയുന്നത് കേട്ടിട്ടുണ്ട് ഞാൻ. അവരുടെ അച്ഛനും അമ്മയും എന്റെ വീട്ടിൽ വന്ന് എങ്ങനെയെങ്കിലും ഒന്ന് ചെയ്യിച്ച് തരണം എന്ന് പറഞ്ഞിരുന്ന ആളുകളാണ്. ഇപ്പം നിങ്ങളോടൊക്കെ പറയുന്ന പോലെ സുപരിചിതമായൊരു പേര്. എല്ലാവർക്കും അറിയാം. അങ്ങനെ ഒരാളും ഉണ്ട് ഞാൻ കൊണ്ട് വന്നത് പക്ഷെ ഒരു ബന്ധമോ കണക്ഷനോ ഒന്നും ഇല്ല. ഒരു വിളിയോ കാര്യങ്ങളോ ഒന്നും , ഇന്റർവ്യൂവിൽ പോലും അവർ പറയുന്നത് അങ്ങനെയാണ് അപ്പം പിന്നെ ഞാനും കരുതി ഒന്നും തിരിച്ചും വേണ്ടാന്ന്. ഇപ്പോൾ എന്റെ ഭാര്യ പറഞ്‍ ഞാൻ കേട്ടിട്ടുണ്ട് മില്ലേനിയത്തിലൂടെയാണ് വന്നത്. അത് പോലെ ചുരുക്കം ചിലരും പറഞ്‍ ഞാൻ കേട്ടിട്ടുണ്ട്. സജി മില്ലേനിയം പറഞ്ഞു.
കൂടെ നിന്ന് ചതിച്ച് ജീവിതം കെട്ടി പടുത്തുയർത്തിയ മനുഷ്യരോടും സജി മില്ലേനിയത്തിന് പരാതിയൊന്നും ഇല്ലായിരുന്നു. അത്രയും ലാഘവത്തോടെയാണ് ഏറെ വിഷമമുള്ള കാര്യം സജി മില്ലേനിയം പറഞ്ഞവസാനിപ്പിച്ചത്. “ഞാൻ ആദ്യം കാസ്റ്റ് ഇറക്കുന്നത് ‘അമ്മ തന്ന ക്യാഷ് കൊണ്ടാണ്. ആകെ അഞ്ഞൂറോ അറുന്നൂറോ കാസ്റ്റ് ആണ് ഞാൻ ഇറക്കുന്നതും, കാരണം അതിനുള്ള പൈസയെ എന്റെ അടുത്തൊള്ളൂ. പക്ഷെ ഒരു ദിവസം എനിക്ക് പരിചയമുള്ള ഈ ഫീൽഡിൽ വർക്ക് ചെയ്യുന്ന ബിജു എന്ന് പറയുന്ന ചേട്ടൻ വന്നിട്ട് പറഞ്ഞു നിന്റെ കാസ്റ്റ് തിരുവനന്തപുരത്ത് ഡ്യൂപ്ളിക്കേറ്റ് ആണ് ഇറങ്ങുന്നതെന്ന്. ഞാനത് അന്വേഷിക്കാൻ വേണ്ടി പരിചയമുള്ള ഒരാളെയും കൊണ്ടാണ് അവിടെ പോയത്. അപ്പോൾ തിരുവനന്തപുരത്ത് മാത്രം അല്ല എറണാകുളം വരെ ഡ്യൂപ്ലിക്കേറ്റ് ആണ്. പിന്നീട് ഒരു സുഹൃത്ത് വഴിയാണ് ഞാൻ അറിയുന്നത്. അന്ന് എന്റെ കൂടെ അത് അന്വേഷിക്കാൻ വേണ്ടി വന്ന ആളാണ് അത് ചെയ്തതെന്ന്. അയാളുടെ സഹോദരനും ഉണ്ടായിരുന്നു. അവരിപ്പോൾ വീടൊക്കെ വെച്ച് രണ്ടു നില. താഴെ ഏട്ടനും മുകളിൽ അനിയനും വേണ്ടി. ഞാൻ പറഞ്ഞു ഒരു കാര്യം ചെയ്യ് ആ വീടിനു മില്ലേനിയം എന്ന പേരിട്ടേക്ക്. അല്ലാണ്ട് അവരാ പണം തിരിച്ചു തരാൻ പോകുന്നില്ലല്ലോ.സജി മില്ലേനിയം കൂട്ടിച്ചേർത്തു.
അൽബത്തിലൂടെ കടന്ന് വന്ന് പിന്നീട് മിനിസ്‌ക്രീനിൽ വില്ലത്തിയായും നായികയായും ഒരുപോലെ തിളങ്ങിയ എയ്ഞ്ചൽ മരിയയാണ് സജി മില്ലേനിയത്തിന്റെ ഭാര്യ. ആദ്യ ആൽബവും സജി മില്ലേനിയത്തിനൊപ്പമായിരുന്നു. ചന്ദനമഴയിലെ ശീതൾ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇടുക്കിയിലെ തൊടുപുഴയാണ് എയിഞ്ചലിന്റെ സ്വദേശം. സിനിമകളിൽ നിന്ന് ധാരാളം ഓഫറുകൾ വന്നിരുന്നുവെങ്കിലും മിനിസ്‌ക്രീനിൽ നിൽക്കാനാണ് എയ്ഞ്ചൽ താല്പര്യം പ്രകടിപ്പിച്ചിരുന്നത്. ഇപ്പോൾ ഭർത്താവും മക്കളും അടങ്ങുന്ന കുടംബത്തോടൊപ്പം കുടുംബിനിയായി കഴിയുകയാണ് എയ്ഞ്ചൽ. ഫാമിലി ഗേൾ ആയി വളർന്ന ആളാണ് താനെന്നും അത് കൊണ്ട് തന്നെ കുടുംബം ആണ് തനിക്ക് എല്ലാമെന്നും എയ്ഞ്ചൽ പറഞ്ഞു. ഭർത്താവ് അഭിനയിക്കാൻ പൊക്കോളാൻ പറഞ്ഞതാണ് പക്ഷെ അദ്ദേഹം ബിസിനസ് മാന് ആയത് കൊണ്ട് കുടുംബത്തോടൊപ്പം അങ്ങനെ കിട്ടാറില്ല അത് കൊണ്ട് താനും അഭിനയിക്കാൻ പോയാൽ നല്ലൊരു കുടുംബം മക്കൾക്ക് കിട്ടില്ല. അത് കൊണ്ടാണ് അഭിനയിക്കാൻ പോകാത്തതെന്നും എയ്ഞ്ചൽ കൂട്ടിച്ചേർത്തു.