‘തീരമേ’ … ‘മാലിക്’ വീഡിയോ ഗാനം ;ചിത്രം ജൂലായ് 15 ന് ആമസോണില്‍

മാലിക് ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി.ഇന്നലെയാണ് ഗാനം റിലീസ് ചെയ്യതത്.ലക്ഷദ്വീപിന്റെ മനോഹാരിത പകര്‍ത്തി കൊണ്ടാണ് വീഡിയോ ഗാനം എത്തിയിരിക്കുന്നത്.’തീരമേ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയും സൂരജ് സന്തോഷും ചേര്‍ന്നാണ്.അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാം ആണ് ഈണം നല്‍കിയിരിക്കുന്നത്. ഇതിനോടകം ഗാനം മികച്ച പ്രതികരണങ്ങളോടെ ട്രെന്‍ഡിങ്ങില്‍ ഇടം പിടിച്ചിട്ടുണ്ട്. പാട്ടിന്റെ ലിറിക്കല്‍ വിഡിയോയും ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരത്തും ലക്ഷദ്വീപിലുമായാണ് മാലിക് ചിത്രീകരിച്ചത്.

ലക്ഷദ്വീപിന്റെ മനോഹരമായ പശ്ചാത്തലത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന സുലൈമാന്‍ എന്ന കഥാപാത്രത്തിന്റെ പ്രണയ നിമിഷങ്ങള്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.ചിത്രം ജൂലായ് പതിനഞ്ചിന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

കഴിഞ്ഞ മാസമായിരുന്നു മാലിക്കിന്റെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം മൂലം തിയേറ്ററുകള്‍ അടച്ചത് കാരണം ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. ഇതുവരെ മലയാളത്തില്‍ കാണാത്ത രീതിയിലുള്ള ഒരു സിനിമയാണ് മാലിക് എന്നാണ് ട്രെയി്‌ലറില്‍ നിന്ന് മനസിലാവുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സുലൈമാന്‍ എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം കടന്ന് പോകുന്നത്.

ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണിത്. ടേക്ക് ഓഫിന് ശേഷം സംവിധായകന്‍ മഹേഷ് നാരായണനും ഫഹദും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. നിമിഷ സജയനാണ് മാലിക്കിലെ നായിക. ചിത്രത്തിനായി ഫഹദ് ശരീരഭാരം കുറച്ചിരുന്നു. മെലിഞ്ഞ രൂപത്തിലുളള ഫഹദിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. 15 കിലോയോളം ഫഹദ് കുറച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജ്വലിക്കുന്ന കണ്ണുകളും നരച്ച മുടിയുമായി ഉറ്റുനോക്കുന്ന ഫഹദിനെയാണ് ആദ്യ പോസ്റ്ററില്‍ കാണുന്നത്. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ജലജ എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

പൊളിറ്റിക്കല്‍ ത്രില്ലറായ മാലിക്ക് 30 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ആന്റോ ജോസഫ് ഫിലിം കമ്ബനിയാണ് നിര്‍മ്മാണം. ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ ലീ വിറ്റാക്കറാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ഛായാഗ്രഹണം സനു ജോണ്‍ വര്‍ഗീസ്, സംഗീതം സുഷിന്‍ ശ്യാം, എഡിറ്റിങ് മഹേഷ് നാരായണന്‍, പ്രൊഡക്ഷന്‍ ഡിസൈനിങ് സന്തോഷ് രാമന്‍, സൗണ്ട് മിക്സിങ് വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ എന്നിവരാണ്.

തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് ചിത്രം പറയുന്നത്. 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.