“ലോകം മുഴുവന്‍ ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയോ!, ഉപാധികളില്ലാതെ ഇച്ചാക്കയോടുള്ള സ്‌നേഹം കൊണ്ടു നടന്നവര്‍ക്ക് നന്ദി”; ഇബ്രാഹീം കുട്ടി

','

' ); } ?>

നടൻ മമ്മൂട്ടിയുടെ ആരോഗ്യ നിലയെ കുറിച്ചുള്ള വാർത്തകൾക്ക് പിന്നാലെ സന്തോഷം പങ്കിട്ട് നടനും സഹോദരനുമായ ഇബ്രാഹിം കുട്ടി. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം. കാറും കോളും ഭീതിയിലാക്കിയ ഒരു വലിയ കടല്‍ താണ്ടിയതിന്റെ ആശ്വാസം ഉണ്ടെന്നും ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചുവെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു.

‘കാറും കോളും ഭീതിയിലാക്കിയ ഒരു വലിയ കടല്‍ താണ്ടിയതിന്റെ ആശ്വാസം. ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു.
ഇനി മടങ്ങിവരവാണ്. കുറേ നാളുകളായി കാണുന്ന ഇടങ്ങളിലെല്ലാം ഓരോ മനുഷ്യരുടെയും അന്വേഷണം ഇച്ചാക്കയെ കുറിച്ചുമാത്രമായിരുന്നു. എവിടെ പോയാലും ആളുകള്‍ വന്ന് ചോദിക്കും സ്‌നേഹത്തോടെ, മമ്മൂക്ക ഒക്കെയല്ലേ? എന്ന്’. ഇബ്രാഹീം കുട്ടി കുറിച്ചു.

ലോകം മുഴുവന്‍ ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയോ. അതെ. ഞാന്‍ കണ്ട ലോകമെല്ലാം പ്രാര്‍ത്ഥനയിലായിരുന്നു. ഇച്ചാക്കയുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ആഗ്രഹത്തിലായിരുന്നു. അത്ര കാര്യമായ പ്രശ്നമൊന്നുമില്ലായിരുന്നു.എന്നാലും ഒരു വിങ്ങൽ ബാക്കി നിന്നിരുന്നു. ഓരോ ശ്വാസത്തിലും പ്രാർത്ഥിച്ചിരുന്നു.. കോടി കോടി മനുഷ്യർക്കൊപ്പം. ഇന്നിപ്പോ എല്ലാ പ്രതിസന്ധികളും മറികടന്നിരിക്കുമ്പോള്‍ ഒരുകടല്‍ നീന്തിക്കടന്ന ആശ്വാസം. നന്ദി. ഉപാധികളില്ലാതെ ഇച്ചാക്കയോടുള്ള സ്‌നേഹം കൊണ്ടുനടന്നവര്‍ക്ക്. പ്രാര്‍ത്ഥിച്ചവര്‍ക്ക്, തിരിച്ചുവരാന്‍ അദമ്യമായി ആഗ്രഹിച്ചവര്‍ക്ക്.. പിന്നെ ഓരോ മനുഷ്യനും ദൈവത്തിനും. നന്ദി,’ ഇബ്രാഹിംകുട്ടി കുറിച്ചു.

കുറച്ചു നാളുകളുമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ നിന്നും മറ്റ് പൊതു പരിപാടികളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ ഇന്നലെ നിർമാതാവ് ആന്റോ ജോസഫ് മമ്മൂട്ടിയുടെ ആരോഗ്യ നിലയെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചതിനു പിന്നാലെ ആരാധകരും സിനിമ ലോകവും ആശ്വാസത്തിലാണ്‌. “ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു. ദൈവമേ നന്ദി, ആനന്ദി, നന്ദി”, എന്നാണ് ആന്റോ ജോസഫ് പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ മറ്റു സൂചനകളൊന്നും നല്‍കിയിരുന്നില്ല.

“സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി!”.എന്ന് മമ്മൂട്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ജോര്‍ജ് എസ് തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞിരുന്നു. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിര്‍മാതാവ് ആന്റോ ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചതിനു പിന്നാലെയാണ് ജോർജിന്റെ പോസ്റ്റും സോഷ്യൽ മീഡിയയിൽ നിറയുന്നത്.

മോഹൻലാലടക്കമുളള താരങ്ങളും സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിൽ മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന ചിത്രമാണ് നടൻ പങ്കുവെച്ചത്. മലയാളികൾ ഏറെ കാത്തിരുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു മോഹൻലാലിന്റേത്. നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കുന്നത്. തൊട്ട് പിന്നാലെ മാലാ പാര്‍വതിയും മമ്മൂക്ക പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു.

സിനിമയില്‍ മമ്മൂട്ടി സജീവമാകുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നാണ് നിരവധി പേര്‍ കുറിക്കുന്നത്. കളങ്കാവലാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ ആയിരുന്നു മമ്മൂട്ടി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടവേള എടുത്തത്. വൈകാതെ തന്നെ അദ്ദേഹം ഷൂട്ടിങ്ങിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.