
നടിയെ ആക്രമിച്ച കേസിൽ സത്യം ഉടൻ പുറത്ത് വരണമെന്നും,അതിജീവിതയും അമ്മയിലേക്ക് തിരിച്ചു വരണമെന്നും വ്യക്തമാക്കി നടിയും അമ്മയുടെ പ്രസിഡന്റുമായ ശ്വേത മേനോൻ. അമ്മയുടെ തിരഞ്ഞെടുപ്പിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു താരം.
“ഞങ്ങളെല്ലാവരും അതിജീവിതയ്ക്കൊപ്പം ഉണ്ട്. കോടതിയിലുള്ള കേസ് ആണ്, ഗൗരവമുള്ള വിഷയവുമാണ്. കേസിൽ സത്യം ഉടൻ പുറത്ത് വരണം. എത്രയും പെട്ടെന്ന് വിധി വരട്ടെ”. ശ്വേത മേനോൻ പറഞ്ഞു
“മെമ്മറി കാർഡ് വിഷയവുമായി ബന്ധപ്പെട്ട് പരാതി കിട്ടിയിട്ടില്ല. എക്സിക്യൂട്ടീവ് യോഗം കാര്യം ചർച്ച ചെയ്യും. ഞാൻ ആരുടേയും മൗത്ത് പീസ് ആകില്ല. എനിക്ക് എന്റെ ശബ്ദം ഉണ്ട്. പ്രധാനപ്പെട്ട താരങ്ങൾ വോട്ട് ചെയ്യാൻ വരാതിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. എല്ലാവരെയും വിളിച്ച് സംസാരിച്ചിരുന്നു. ഉർവശി ഉൾപ്പെടെ പിന്തുണ അറിയിച്ചിരുന്നു”. ശ്വേതാ മേനോൻ കൂട്ടിച്ചേർത്തു.
ഇതാദ്യമായിട്ടാണ് അമ്മയുടെ പ്രെസിഡന്റായി ഒരു വനിത എത്തുന്നത്. ജനറൽ സെക്രട്ടറി ആയി കുക്കു പരമേശ്വരൻ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് ആയി ലക്ഷ്മിപ്രിയയും ജയൻ ചേർത്തലയും തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രെട്ടറി ആയി എതിരില്ലാതെ തിരഞ്ഞെടുപ്പിന് മുന്നേ അൻസിബ ഹസ്സനെ തിരഞ്ഞെടുത്തിരുന്നു. കുക്കു പരമേശ്വരനും രവീന്ദ്രനുമായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. ലക്ഷ്മിപ്രിയ, ജയൻ ചേർത്തല, നാസർ ലത്തീഫ് എന്നിവരായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ഉണ്ണി ശിവപാലാണ് ട്രഷറർ.
“ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടെന്നും, അമ്മയെ നയിക്കാൻ ഒരവസരം നൽകൂ” എന്നുമാണ് വോട്ടു രേഖപ്പെടുത്താൻ വന്നപ്പോൾ ശ്വേതാ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണമുണ്ടാക്കിയെന്ന തരത്തിൽ വരെ ശ്വേതയ്‌ക്കെതിരെ കേസ് വന്നിരുന്നു.
അമ്മയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പറഞ്ഞത് റെക്കോർഡ് ചെയ്ത മെമ്മറി കാർഡ് കുക്കു പരമേശ്വരന്റെ കയ്യിലുണ്ടെന്നും, അത് കുക്കു പരമേശ്വരൻ ദുരുപയോഗം ചെയ്യുമെന്നും വിവാദങ്ങൾ ഉണ്ടായിരുന്നു.
ഇന്നലെ രാവിലെ 10 മണിയോടെ കൊച്ചി മാരിയറ്റ് ഹോട്ടലിൽ വെച്ചാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. 506 പേർക്കാണ് ഇത്തവണ വോട്ടവകാശം ഉണ്ടായിരുന്നത്. 298 പേരാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. മുതിർന്ന താരങ്ങളെയടക്കം ഇത്തവണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിക്കാനുള്ള വലിയ ശ്രമം നടത്തിയിട്ടുണ്ട്. താരങ്ങളായ ജനാർദ്ദനൻ, വത്സല മേനോൻ, ശ്രീനിവാസൻ, സലിം കുമാർ, ഇന്ദ്രൻസ്, ശ്രീരാമൻ, മല്ലിക സുകുമാരൻ, കൊല്ലം തുളസി എന്നിവരും വോട്ട് ചെയ്യാനെത്തി.
എല്ലാവരും കൂടി ചേർന്ന് മികച്ച ഭരണം കാഴ്‌ച വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമ്മ മുൻ പ്രസിഡൻ്റ് മോഹൻലാൽ പ്രതികരിച്ചിരുന്നു.
അതേസമയം ശ്വേതാ മേനോന് എതിരായ പരാതിയിൽ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ താൻ അഭിനയം നിർത്തുമെന്ന് ബാബുരാജ് പറഞ്ഞു.
എല്ലാവരോടും വോട്ട് ചോദിച്ചിട്ടുണ്ടെന്നും പ്രാർത്ഥിക്കണമെന്നും നടൻ ദേവൻ ആവശ്യപ്പെട്ടു. അമ്മയിലേക്ക് എന്തെങ്കിലും ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ടെന്നും അതിനു ഒരവസരം തരണമെന്നുമായിരുന്നു നടി ശ്വേതാ മേനോന്റെ പ്രതികരണം.
സരയു, ആശ അരവിന്ദ്, അഞ്ജലി നായര്‍, നീന കുറുപ്പ്, കൈലാഷ്, ടിനി ടോം, വിനു മോഹന്‍, ജോയ് മാത്യു, സന്തോഷ് കീഴാറ്റൂര്‍, സിജോയ് വര്‍ഗീസ്, ഡോ. റോണി ഡേവിഡ് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം ഉണ്ടായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മോഹന്‍ലാല്‍ നേതൃത്വം നല്‍കിയ ഭരണസമിതി കഴിഞ്ഞ ഓഗസ്റ്റില്‍ രാജിവെച്ചിരുന്നു. പിന്നാലെ അഡ്‌ഹോക് കമ്മിറ്റിയാണ് അമ്മയെ നയിച്ചത്. അഡ്‌ഹോക് കമ്മിറ്റി ഭരണത്തിലേറി ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് പുതിയ ഭരണസമിതിക്കായുള്ള തെരഞ്ഞെടുപ്പ് നടന്നത്.