
സംവിധായകന്‍ ലോകേഷ് കനകരാജ് സൃഷ്ടിച്ച സിനിമാറ്റിക് യൂണിവേഴ്‌സ് – എല്‍ സി യു – യിലെ പുതിയ ചിത്രമായ ‘ബെന്‍സ്’ ചിത്രീകരണം ആരംഭിച്ചു. തിങ്കളാഴ്ച ചെന്നൈയില്‍ നടന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിനോടെയാണ് ഔദ്യോഗികമായി ഷൂട്ടിംഗ് തുടക്കം കുറിച്ചത്.
രാഘവ ലോറന്‍സ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ ‘റെമോ’, ‘സുല്‍ത്താന്‍’ എന്നിവയിലൂടെ ശ്രദ്ധിക്കപ്പെട്ട ഭാഗ്യരാജ് കണ്ണനാണ്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന് കഥ ഒരുക്കിയതും.
ചിത്രത്തിന്റെ ഇന്‍ട്രോ വീഡിയോ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. സായ് അഭ്യങ്കര്‍ സംഗീത സംവിധാനവും, ഗൗതം ജോര്‍ജ് ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലുടനീളം മാത്രമല്ല, വിദേശത്തും 120 ദിവസത്തിലേറെ നീളുന്ന ചിത്രീകരണമാണ് ‘ബെന്‍സിനായി’ നടക്കുക.
‘കെൈതി’, ‘വിക്രം’, ‘ലിയോ’ എന്നിവയാണ് എല്‍സിയുവിന്റെ ഭാഗമായി ഇതിനകം പുറത്തുവന്ന ചിത്രങ്ങള്‍. വിക്രം 2, കെൈതി 2, സ്റ്റാന്‍റ് എലോണ്‍ ചിത്രം റോളക്സ് എന്നിവയാണ് ഇനി എല്‍സിയുവില്‍ പ്രതീക്ഷിക്കപ്പെടുന്നവ.
അതിനിടെ, ലോകേഷ് സംവിധാനം ചെയ്യുന്ന ‘കൂലി’ ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തും. രജനികാന്ത് നായകനാകുന്ന ഈ ചിത്രം എല്‍സിയുവിന്റെ ഭാഗമല്ലെന്ന് സംവിധായകന്‍ വ്യക്തമായി അറിയിച്ചിട്ടുണ്ട്. സൗബിന്‍, നാഗാര്‍ജുന, ഉപേന്ദ്ര എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
ഫിലോമിന്‍ രാജ് എഡിറ്റിംഗും ജാക്കി കലാസംവിധാനവും ഏറ്റെടുക്കുന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ അനല്‍ അരശ് ഒരുക്കും. പാഷന്‍ സ്റ്റുഡിയോസ്, ജി സ്‌ക്വാഡ്, ദി റൂട്ട് എന്നിവ ചേര്‍ന്നാണ് നിര്‍മ്മാണം. പി.ആര്‍.ഒ & മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍