
ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത കോമഡി ചിത്രം ആട് ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗത്തിന്റെ പൂജ ചടങ്ങുകൾ പൂർത്തിയായിരിക്കുകയാണ്. തിയേറ്ററിൽ വിജയമാകാതെ പോയ സിനിമ ഡിജിറ്റൽ റിലീസിന് ശേഷം വലിയ ആരാധകരെയാണ് ഉണ്ടാക്കിയത്. തുടർന്ന് സിനിമയ്ക്കൊരു രണ്ടാം ഭാഗവും സംഭവിച്ചു. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും വലിയ കളക്ഷനാണ് സ്വന്തമാക്കിയത്.
ഇന്ന് കൊച്ചിയിൽ വെച്ചാണ് സിനിമയുടെ പൂജ ചടങ്ങുകൾ നടന്നത്. സംവിധായകൻ മിഥുൻ മാനുവൽ തോമസ്, നടന്മാരായ ജയസൂര്യ, ഉണ്ണി മുകുന്ദൻ, ഷറഫുദ്ദീൻ, സൈജു കുറുപ്പ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതാരായിരുന്നു. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ഈ മാസം 15 മുതൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ക്രിസ്മസ് റിലീസായി സിനിമ തിയേറ്ററുകളിലെത്തുമെന്നും മിഥുൻ മാനുവൽ തോമസ് അറിയിച്ചു. ഒരു എപിക്-ഫാന്റസി ചിത്രമായാകും ആട് 3 ഒരുങ്ങുക എന്നും അദ്ദേഹം അറിയിച്ചു. ‘എപിക്-ഫാന്റസി എന്ന് പറയുമ്പോൾ രാജാവും കുതിരകളുമൊക്കെയാണ് എന്റെ മനസ്സിൽ വരുന്നത്. അത്തരത്തിൽ ഒരു സിനിമയായിരിക്കും ആട് 3. എന്റെ കരിയറിലെ, ഫ്രൈഡേ ഫിലിം ഹൗസിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ഇത്. ഈ ക്രിസ്മസിന് ഷാജി പാപ്പനും സംഘവും എത്തുമെന്ന് കരുതുന്നു. ഈ സിനിമയുടെ സി ജി വർക്കുകൾ തീരുമെന്ന് കരുതിയാണ് ഞാൻ റിലീസിനെക്കുറിച്ച് പറയുന്നത്. ഇനി അത് മാറിയാൽ ഒന്നും വിചാരിക്കരുത്. അത്രത്തോളം സിജി ഒക്കെ വരുന്ന സിനിമയാണ്,’ എന്നും മിഥുൻ പറഞ്ഞു.
മിഥുൻ തന്നെയാണ് ആട് 3 യുടെ തിരക്കഥ ഒരുക്കുന്നത്. സൈജു കുറുപ്പ്, സണ്ണി വെയിൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്. യുവനടൻ ഷറഫുദ്ദീൻ സ്വിച്ചോൺ കർമ്മവും, അപ് കമിംഗ് സംവിധായകൻ കൂടിയായ ഉണ്ണി മുകുന്ദൻ ഫസ്റ്റ് ക്ലാപ്പും നൽകി ചിത്രീകരണത്തിനും തുടക്കമിട്ടു. ആട് ചിത്രീകരണം നടക്കുമ്പോൾ ഞാൻ ചാൻസ് തേടി നടക്കുകയാണ്. ആടിലും ചാൻസ് ചോദിച്ചിരുന്നു. പക്ഷെ ആട് തുടങ്ങിയപ്പോൾ ഞാൻ പ്രേമത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നതിനാൽ ആട് നഷ്ടപ്പെട്ടുവെന്ന് ഷറഫുദ്ദിൻ ആശംസകൾ നേർന്നു പറഞ്ഞു. വലിയ ക്യാൻവാസ്സിൽ ഒരുക്കുന്ന ഈ ചിത്രത്തിന് എല്ലാ ആശംസകളും ഉണ്ണി മുകുന്ദനും നേർന്നു.
താനവതരിപ്പിച്ച മാർക്കോ എന്ന നെഗറ്റീവ് കഥാപാത്രത്തെ ഹീറോ ആക്കി അവതരിപ്പിക്കാൻ ആൻ്റോച്ചേട്ടൻ ( ആൻ്റോ ജോസഫ്) അനുവാദം തന്നതും മാർക്കോ വലിയ വിജയമായ അനുഭവവും ഉണ്ണി മുകുന്ദൻ പങ്കിട്ടു.
ഷാജി പാപ്പൻ, അറക്കൽ അബു തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയസൂര്യ, സൈജുക്കുറുപ്പ്, രഞ്ജി പണിക്കർ, ഭഗത് മാനുവൽ, നോബി, നെൽസൺ, ആൻസൻ പോൾ, ചെമ്പിൽ അശോകൻ, സ്രിന്ധാ , ഡോ. റോണി രാജ്, എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. എന്നേക്കൂടി പങ്കാളിയാക്കി തോമസ് തിരുവല്ല നിർമ്മിച്ച ഭരതനാട്യം എന്ത ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടത്തിൻ്റെ ഔദ്യോഗിക അനൗൺസ്മെൻ്റ് ഈ യവസരത്തിൽ സൈജുക്കുറുപ്പ് നടത്തി. ശീ തോമസ് തിരുവല്ലയും സന്നിഹിതനായിരുന്നു.
ഒരു പരാജയ ചിത്രത്തിൽ നിന്നുമാണ് ആട് – 2 ഒരുക്കാൻ തീരുമാനിച്ചത്. ആട് – 2 വലിയ വിജയം തന്നു. വിജയ ചിത്രങ്ങൾക്കാണ് ഇത്തരത്തിൽ ‘ഒന്നിലധികം സിരിസ്സുകൾ ഉണ്ടാകാറുള്ളത്. ഇവിടെ ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നുമാണ് മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടിരിക്കുന്നത്. ഇത് ഒരു പക്ഷെ സിനിമാ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കുമെന്നാണ് മിഥുൻ തൻ്റെ ആമുഖ പ്രസംഗത്തിൽ സൂചിപ്പിച്ചത്.
ഇത്തരമൊരു സാഹചര്യത്തിനു എന്നും പിൻബലമേകി കൂടെ നിന്നത് വിജയ് ബാബുവാണ്. ആദ്യം നന്ദി അദ്ദേഹത്തിനു തന്നെ.
ആട് ഒന്നും രണ്ടും ഭാഗങ്ങളിലെ എല്ലാ അഭിനേതാക്കളും മൂന്നാം ഭാഗത്തിലുമുണ്ട്. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളുമുണ്ടന്ന് മിഥുൻ മാനുവൽ തോമസ് വ്യക്തമാക്കി. ഫാൻ്റെസി ,ഹ്യൂമർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. ചിത്രത്തിൻ്റെ കഥാഗതിയെക്കുറിച്ച് അധികമൊന്നും സംസാരിക്കരുത്. എങ്ങനെ വേണമെങ്കിലും സിനിമ സംവിധാനം ചെയ്തോളൂ..’ മാർക്കറ്റിംഗ് എനിക്കു വിട്ടു തരണമെന്നാണ് ഞാൻ മിഥുനോട് പറഞ്ഞിരിക്കുന്നതെന്ന് വിജയ് ബാബുവും പറഞ്ഞു. ചിത്രത്തിൻ്റെ ബഡ്ജറ്റ് എന്നും കൂടുന്നുവെന്ന ഭീഷണി പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി. സുശീലൻ്റെ ഭാഗത്തുനിന്നും എന്നു മുണ്ടന്ന് വിജയ് ബാബു സൂചിപ്പിച്ചു. ചിത്രത്തിൻ്റെ ബഡ്ജറ്റ് ഇതുവരേയും ഇട്ടിട്ടില്ലായെന്ന് ഷിബുവും പറഞ്ഞു. ഒരു മാസ് എൻ്റെർടൈനറായി ട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. വലിയ മുതൽമുടക്കും ഈ ചിത്രത്തിനുണ്ട്. നൂറ്റിഇരുപതോളം ദിവസ്സങ്ങൾ നീണ്ടുനിൽക്കുന്നതാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം. മെയ് പതിനഞ്ചിന് പാലക്കാട്ടാണ് ചിത്രീകരണം ആരംഭിക്കുന്നത്. മൂന്നു ഷെഡ്യൂളുകളോടെ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് ചിത്രീകരണം പൂർത്തിയാകുന്നതെന്ന് വിജയ് ബാബു അറിയിച്ചു. വിനായകൻ അജു വർഗീസ്, ഇന്ദ്രൻസ്, ധർമ്മജൻ ബൊൾ ഗാട്ടി ഹരികൃഷ്ണൻ, വിനീത് മോഹൻ ഉണ്ണിരാജൻ.പി.ദേവ്, എന്നിവരും ആടിലെ പ്രധാന താരങ്ങളാണ്.
സംഗീതം ഷാൻ റഹ്മാൻ. ഛായാഗ്രഹണം – അഖിൽ ജോർജ്. എഡിറ്റിംഗ് – ലിജോ പോൾ. കലാസംവിധാനം – അനീസ് നാടോടി. മേക്കപ്പ് – റേണക്സ് സേവ്യർ. കോസ്റ്റ്യും – ഡിസൈൻ-സ്റ്റെഫി സേവ്യർ. പബ്ലിസിറ്റി ഡിസൈൻ – കൊളിൻസ്. സ്റ്റിൽസ് – വിഷ്ണു എസ്. രാജൻ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തലക്കോട്.പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി. സുശീലൻ.