കഴിഞ്ഞ രണ്ട് ദിവസത്തോളമായി പ്രഭാസ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ തങ്ങളുടെ താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിനായുള്ള കാത്തിരിപ്പിലാണ്. യു വി ക്രിയേഷന്‍സിന്റെ ബാനറിലൊരുങ്ങുന്ന ചിത്രം പ്രഭാസിന്റെ ഇരുപതാം ചിത്രമാണ്. എന്നാല്‍ ഏറെ വൈകിയിട്ടും അപ്‌ഡേറ്റ് ലഭിക്കാത്തതോടെ പ്രേക്ഷകരുടെയും ക്ഷമ നശിച്ചു. പിന്നീട് അപ്‌ഡേറ്റിനായുള്ള ട്വീറ്റുകള്‍ വൈറലാക്കിക്കൊണ്ടായിരുന്നു ആരാധകരുടെ പ്രതിഷേധം. ഒടുവില്‍ കാത്തിരുന്ന ആ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍സും പ്രഭാസും രംഗത്തെത്തി. പ്രണയകഥയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് താരം പുനരാരംഭിച്ചുകൊണ്ടാണ് ഇത്തവണ ഫാന്‍സിന് ട്രീറ്റ് നല്‍കിയത്. ഹൈദരാബാദില്‍ ഒരു പുതിയ ഷെഡ്യൂള്‍ ആരംഭിച്ചു എന്നതാണ് പ്രഭാസ് 20 നെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ്. ഒപ്പം ചിത്രത്തിന്റെ സെറ്റുകളില്‍ നിന്ന് ഒരു ചിത്രവും ബാഹുബലി താരം പങ്കിട്ടു. ‘രസകരമായ ഒരു ഷെഡ്യൂളിനായി കാത്തിരിക്കുന്നു’ എന്നായിരുന്നു ചിത്രത്തിനൊപ്പം പ്രഭാസ് കുറിച്ചത്.
സാഹോയ്ക്ക് ശേഷം കെ കെ രാധാകൃഷ്ണ കുമാറിനൊപ്പം താരം സഹകരിക്കുന്ന ചിത്രമാണ് പ്രഭാസ് 20. ചിത്രത്തിനായി ഹൈദരാബാദില്‍ തന്നെ വലിയ സെറ്റുകളും ഒരുക്കിയിട്ടുണ്ട്. പൂജ ഹെഗ്ഡെയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. താല്‍ക്കാലികമായി ജാന്‍ എന്ന് പേരിട്ടിരിക്കുന്ന, വരാനിരിക്കുന്ന റൊമാന്റിക് ഡ്രാമ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷന്‍സും സംയുക്തമായാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ഭാഗം മുംബൈയിലും യൂറോപ്പിലുമായി ചിത്രീകരിക്കും. ജാന്റെ ആദ്യ ഷെഡ്യൂള്‍ കുറച്ച് മാസം മുമ്പ് യൂറോപ്പില്‍ ആരംഭിച്ചിരുന്നു. പ്രഭാസ് ഇതിനകം കുറച്ച് സീനുകളുടെ ചിത്രീകരണം നടത്തിക്കഴിഞ്ഞിട്ടുണ്ട്. സാഹോയ്ക്ക് ശേഷമെത്തുന്ന ജാന്‍ പ്രഭാസിന്റെ മറ്റൊരു ബഹുഭാഷാ ചിത്രമായിരിക്കും. ചിത്രത്തിനായി താരം ഭാരം കുറച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.