എമ്പുരാൻ സിനിമയ്ക്ക് നേരെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി നടി ഉർവശി. സിനിമ മഹാഭാരതമോ ഖുറാനോ ഗീതയോ അല്ലല്ലോ ഇങ്ങനെ മാത്രം ചെയ്യണം, അല്ലെങ്കില്‍ മാറ്റണം എന്ന് വിമര്‍ശിക്കാനെന്ന് ഉര്‍വശി പറഞ്ഞു. സിനിമ ഇഷ്ടമായില്ലെങ്കിൽ അത് പറയാം പക്ഷെ ഇങ്ങനെയേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നുപറയാന്‍ സിനിമ പാരസെറ്റമോൾ അല്ലെന്നും സിനിമയ്ക്ക് റൂൾ ബുക്ക് ഇല്ലല്ലോയെന്നും ഉർവശി ചോദിച്ചു. കൗമുദി മൂവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘മഹാഭാരതമോ ഖുറാനോ ഗീതയെ ഒന്നും അല്ലാലോ. നിങ്ങൾ എങ്ങനെ മാറ്റും എങ്ങനെ എടുക്കും എന്നൊക്കെ വിമർശിക്കാൻ. എന്റെ സിനിമ എന്റെ സിനിമയാണ്. എനിക്കിപ്പോൾ ഇങ്ങനെ എടുക്കണമെന്ന് തോന്നി, നിങ്ങൾക്ക് അത് ഇഷ്ടമായില്ലെങ്കിൽ ഇഷ്ടമായില്ല എന്ന് പറയാം. ഇപ്പോൾ എനിക്ക് കുറച്ചൂടെ ആശ്വാസം ഉണ്ട് പണ്ടത്തെപോലെയല്ല ഒരു സ്ട്രീറ്റിൽ 30 വീടുണ്ടെങ്കിൽ അതിൽ കുറഞ്ഞത് 10 വീട്ടിൽ എങ്കിലും വിഷ്വൽ മീഡിയയുടെ ബന്ധപ്പെട്ട ഒരാൾ കാണും. ഇതിന്റെ ഗൗരവം അറിയുന്ന ഒരാൾ എങ്കിലും ഉണ്ടാകും.അതുകൊണ്ട് ഷൂട്ടിങ് സ്പോട്ടുകളിലെ ബുദ്ധിമുട്ട് അവർക്ക് മനസിലാകും. പണ്ടത്തെ ജനങ്ങളെ പോലെ നെഗറ്റീവ് കമന്റ്സ് ഉയരാത്തതിന് കാരണം ഇതുകൂടിയാണ്. ഇതിന് പുറകിൽ നല്ല കഷ്ടപാടുണ്ടെന്ന് അവർക്ക് അറിയാം. പിന്നെ പാരസെറ്റമോൾ പോലെ ഇത് ഇങ്ങനയേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് പറയുന്നതല്ലലോ സിനിമ. റൂൾ ബുക്ക് ഒന്നും ഇല്ലാലോ’; ഉർവശി പറഞ്ഞു. സിനിമയെ ഗൗരവമായി കണ്ട് വിമർശിക്കുന്നതിൽ സന്തോഷം ഉണ്ടെന്നും ഉർവശി കൂട്ടിച്ചേർത്തു.
മാർച്ച് 27-നാണ് ചിത്രം റിലീസ് ആയത്. ഗോകുലം മൂവീസ്, ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്‌കരൻ എന്നിവരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. മുരളി ഗോപി തിരക്കഥ ഒരുക്കിയ ചിത്രത്തിന് മലയാള സിനിമയിലെ ആദ്യ ഐമാക്സ് റിലീസ് എന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിന്റെ പ്രമേയത്തെ അടിസ്ഥാനമാക്കി നിരവധി വിമർശനങ്ങളും സൈബർ അറ്റാക്കുകളും ചിത്രവും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും നേരിടേണ്ടി വന്നിട്ടുണ്ട്. ഇരുപത്തേഴോളം ഭാഗങ്ങൾ കട്ട് ചെയ്ത പുതിയ പതിപ്പാണ് ഇപ്പോൾ നിലവിൽ ഓടിക്കൊണ്ടിരിക്കുന്നത്.
അത്രയേറെ സൈബർ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടും ‘എമ്പുരാൻ’ മലയാള സിനിമ ചരിത്രത്തിൽ പുതിയ റെക്കോർഡുകൾ കുറിച്ച് മുന്നേറുകയാണ് ചെയ്തത് . റിലീസ് ചെയ്ത് വെറും അഞ്ച് ദിവസത്തിനുള്ളിൽ 200 കോടി ക്ലബിൽ കടന്ന ചിത്രത്തിന്റെ മൊത്തം ബിസിനസ് ഇപ്പോൾ 325 കോടിയെ താണ്ടിയതായി അണിയറപ്രവർത്തകർ അറിയിച്ചു. മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആദ്യം ഈ സന്തോഷവാർത്ത പങ്കുവെച്ചത്. മോഹൻലാൽ, പൃഥ്വിരാജ്, ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, മുരളി ഗോപി എന്നിവരുടെ ചിത്രവും സഹിതമാണ് പോസ്റ്റർ പങ്കുവെച്ചത്.. “ഇതൊരു ചരിത്ര നിമിഷമാണ്. നിങ്ങൾക്കൊപ്പം ഞങ്ങൾ ഈ സ്വപ്നം കണ്ടു, നിങ്ങളോടൊപ്പം തന്നെ പൂർത്തിയാക്കി,” എന്ന് മോഹൻലാൽ തന്റെ പോസ്റ്റിലൂടെ കുറിച്ചു.
എമ്പുരാന്റെ മറ്റു സംസ്ഥാനങ്ങളിലെ കളക്ഷൻ റിപോർട്ടുകൾ നോക്കുകയാണെങ്കിലും സൈബർ ആക്രമണങ്ങൾ വിലപോകാത്ത പോലെയാണ്.കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കളക്ഷൻ കർണാടകയിൽ നിന്നാണ്. 12.32 കോടി രൂപയാണ് കർണാടകയിൽ നിന്നും നേടിയത്. ഹൊംബാലെ ഫിലിംസ് ആണ് കർണാടകയിൽ ചിത്രം വിതരണം ചെയ്തത്. തമിഴ്‌നാട്ടിൽ ചിത്രം 9.4 കോടി രൂപയും ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിൽ ചേർന്ന് 4.17 കോടിയും നേടുകയും ചെയ്തു