‘എന്റെ മകൾ ഈ നിലപാടുകളിൽ വളരണമെന്ന് ആഗ്രഹിക്കുന്നു’: ഡൽഹി സമരത്തിന് പിന്തുണയുമായി വിനീത് ശ്രീനിവാസൻ

','

' ); } ?>

ഡൽഹി ജന്തർമന്തറിൽ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റും ജെഎൻയു ഗവേഷകയുമായ നേഹ ബോറയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് സിനിമാ ലോകത്തുനിന്ന് വൻ പിന്തുണ.

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, തൊഴിലില്ലായ്മ തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പ്രമുഖ താരങ്ങളാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. സമരത്തിൽ പങ്കെടുക്കുന്ന നേഹ ബോറയുടെ റീൽ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത് സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. സ്വന്തം മൂല്യമറിയുന്ന, നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരു പെൺകുട്ടിയായി തന്റെ മകൾ വളരണമെന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹം കുറിച്ചു.

‘‘അവകാശങ്ങളെക്കുറിച്ച് അറിഞ്ഞ് വളരുന്ന ഒരു മകളെയാണ് എനിക്ക് വേണ്ടത്! ഈ ലോകത്ത് കേവലം അതിജീവനത്തിനായി മാത്രം പഠിച്ച് വളരുന്നതും, പങ്കാളിയെ പരിപാലിക്കുകയാണ് തന്റെ ജീവിതത്തിലെ ഏക ലക്ഷ്യം എന്ന് ചിന്തിക്കുന്നതും എനിക്കിഷ്ടമല്ല. സ്വന്തം മൂല്യമറിയുന്ന, ആരുടെയും സഹായം ആവശ്യമില്ലാത്ത, നിശബ്ദയാക്കപ്പെടാനോ സ്വന്തമായിരിക്കാൻ അനുവാദം വാങ്ങാനോ നിൽക്കാത്ത, ലോകം മുഴുവൻ എതിരായാലും തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരു സ്ത്രീയായി അവൾ വളരണം. എന്റെ മകൾ ആരായി വളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് അറിയാമോ?  അവൾ,’’ വിനീത് കുറിച്ചു.

വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടി നസ്രിയയും രംഗത്തെത്തി. നേഹ ബോറയുടെ ചിത്രമുള്ള പോസ്റ്റർ ‘ദസറയുടെ ആദ്യ ദിവസം’ എന്ന അടിക്കുറിപ്പോടെയാണ് താരം ഷെയർ ചെയ്തത്. തിന്മയ്ക്കു മേൽ നന്മയുടെ വിജയം ആഘോഷിക്കുന്ന ദസറയുടെ സങ്കൽപത്തെ ഡൽഹിയിലെ സമരങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന തരത്തിലാണ് ഈ പോസ്റ്റർ തയ്യാറാക്കിയിട്ടുള്ളത്.

ഇതിനുപുറമെ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ച് പ്രശസ്ത അവതാരകയായ രഞ്ജിനി ഹരിദാസും സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം പങ്കുവെച്ചു. സിനിമാ-സാംസ്കാരിക രംഗത്തുനിന്നുള്ള പ്രമുഖരുടെ ഈ ഇടപെടൽ ഡൽഹിയിലെ വിദ്യാർഥി സമരങ്ങൾക്ക് കൂടുതൽ കരുത്ത് പകർന്നിരിക്കുകയാണ്.