സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ച കേസ്: യൂട്യൂബർ ‘തൊപ്പി’ക്ക് വീണ്ടും നോട്ടീസ്; അടുത്ത ആഴ്ച ഹാജരാകണം

','

' ); } ?>

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ ഗെയിമിങ് യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിന് വീണ്ടും പോലീസ്‌ നോട്ടീസ്. ചോദ്യം ചെയ്യലിനായി അടുത്തയാഴ്ച എറണാകുളം റൂറൽ സൈബർ പോലീസിന് മുന്നിൽ ഹാജരാകാനാണ് നിർദേശം. മുൻപ് നൽകിയ നോട്ടീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്നാണ് പോലീസിന്റെ തുടർനടപടി. നേരത്തെ നിഹാദ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു.

ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കിടയിൽ വൻ സ്വാധീനം നേടിയ നിഹാദും സംഘവും, യൂട്യൂബ് വരുമാനം പങ്കുവെക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് തെറ്റിയത്. തുടക്കത്തിൽ ഇവർ ഉപയോഗിച്ചിരുന്ന അസഭ്യ ഭാഷ കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നെങ്കിലും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ സാമ്പത്തിക തർക്കം രൂക്ഷമായതോടെ ഗ്രൂപ്പ് പിളരുകയും, യൂട്യൂബ് ചാനലുകൾ നീക്കം ചെയ്യുന്നതിലേക്ക് എത്തിയ പരസ്യ ഏറ്റുമുട്ടലിലേക്ക് വഴിമാറുകയും ചെയ്തു.

അതിനിടെ, സ്ത്രീത്വത്തെ അപമാനിച്ചെന്ന മഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ തൊപ്പിയുടെ കൂട്ടാളിയായിരുന്ന ‘മമ്മു’ എന്ന മുഹമ്മദ് മമ്മുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ‘Mrz Shameer’ എന്ന യൂട്യൂബ് ചാനലിൽ നടന്ന ലൈവ് സ്ട്രീമിങ്ങിനിടെ കടുത്ത അശ്ലീല പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. ഈ കേസിൽ ഒന്നാം പ്രതിയാണ് തൊപ്പി. പരാതിക്കാരിക്കെതിരെ തൊപ്പി മുൻപ് നടത്തിയ അധിക്ഷേപകരമായ ദൃശ്യങ്ങളും ഓഡിയോയും മമ്മുവും സംഘവും ലൈവ് സ്ട്രീമിൽ വീണ്ടും ഉപയോഗിക്കുകയായിരുന്നു.