
തമിഴ് മണ്ണിലെ കാറ്റും വെയിലും ഗ്രാമീണ നിഷ്കളങ്കതയും ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുത്ത്, ഇന്ത്യൻ സിനിമയുടെ ഭാവുകത്വത്തെ തന്നെ മാറ്റിയെഴുതിയ സംവിധായകനാണ് ഭാരതിരാജ. സ്റ്റുഡിയോകളുടെ ചായക്കൂട്ടുകൾക്കിടയിൽ ശ്വാസംമുട്ടിയിരുന്ന സിനിമയെ ഗ്രാമങ്ങളുടെ പച്ചപ്പിലേക്കും സാധാരണ മനുഷ്യരുടെ ചോരയും നീരുമുള്ള ജീവിത യാഥാർത്ഥ്യങ്ങളിലേക്കും ഇറക്കിനടത്തിയ വിപ്ലവകാരി. സിനിമയെന്നത് വെറും വിനോദോപാധി മാത്രമല്ല, മറിച്ച് മണ്ണും മനുഷ്യനും തമ്മിലുള്ള ഗാഢമായ ആത്മബന്ധത്തിന്റെ ആവിഷ്കാരമാണെന്ന് കൂടി അദ്ദേഹം തന്റെ ഓരോ ചിത്രത്തിലൂടെയും ലോകത്തിന് കാണിച്ചുകൊടുത്തു. എൻ ഇനിയ തമിഴ് മക്കളെ…” എന്ന വികാരനിർഭരമായ ആമുഖത്തോടെ കാണികളെ തന്റെ കഥകളിലേക്ക് ക്ഷണിച്ചിരുന്ന, കൃതിമത്വമില്ലാത്ത കലാകാരന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
1977-ൽ പുറത്തിറങ്ങിയ ’16 വയതിനിലേ’ എന്ന ഒറ്റച്ചിത്രം മതി തമിഴ് സിനിമാ ചരിത്രത്തിൽ ഭാരതിരാജ എന്ന നാമം സുവർണ്ണാക്ഷരങ്ങളിൽ എഴുതിച്ചേർക്കാൻ. കമൽഹാസനും രജനീകാന്തും ശ്രീദേവിയും നിറഞ്ഞാടിയ ആ ചിത്രം തമിഴ് സിനിമയുടെ വസന്തകാലത്തിന്റെ തുടക്കമായിരുന്നു. പ്രകൃതിയുടെ സ്വാഭാവിക വെളിച്ചവും നാട്ടിൻപുറത്തെ പരുക്കൻ ജീവിതസാഹചര്യങ്ങളും തിരശ്ശീലയിൽ പകർത്തിക്കൊണ്ട് അദ്ദേഹം പുതിയൊരു ചലച്ചിത്ര സംസ്കാരത്തിന് അടിത്തറയിട്ടു. ‘സിഗപ്പ് റോജാക്കൾ’ എന്ന സൈക്കോളജിക്കൽ ത്രില്ലറിലൂടെ തന്റെ സംവിധാന മികവ് കേവലം ഗ്രാമീണ ചിത്രങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം തെളിയിച്ചു. പ്രണയത്തിന്റെ തീവ്രതയും വിരഹവും ഒരുപോലെ ആവിഷ്കരിച്ച ‘അലൈകൾ ഓയ് വതില്ലൈ’, ജാതിവ്യവസ്ഥയ്ക്കെതിരെ വിരൽചൂണ്ടിയ ‘വേദം പുതിത്’, പെൺശിശുഹത്യയുടെ ക്രൂരത തുറന്നുകാട്ടിയ ‘കറുത്തമ്മ’ തുടങ്ങിയ ചിത്രങ്ങൾ ഭാരതിരാജ എന്ന സാമൂഹ്യപ്രതിബദ്ധതയുള്ള സംവിധായകന്റെ അടയാളപ്പെടുത്തലുകളായിരുന്നു.
സംസ്ഥാന പുരസ്കാരങ്ങളും ഫിലിംഫെയർ അവാർഡുകളും വാരിക്കൂട്ടിയ ആദ്യ ചിത്രത്തിന് ശേഷം 1978-ൽ ചുകപ്പു റോജാക്കൾ, കിഴക്കേ പോകും റെയിൽ എന്നീ ചിത്രങ്ങളും 1979-ൽ പുതിയ വാർപ്പുകൾ, നിറം മാറാത പൂക്കൾ എന്നീ സിനിമകളും അദ്ദേഹം സമ്മാനിച്ചു. നിഴൽകൾ, അലൈകൾ ഓവതില്ലൈ, ടിക് ടിക് ടിക്, ഒരു കൈതിയിൻ ഡയറി, മുതൽ മര്യാദൈ, കടലോര കവിതൈകൾ, വേദം പുതിയത്, നാടോടിത്തെന്റൽ, കിഴക്ക് ചീമയിലൈ തുടങ്ങിയവ അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളായി മാറി. പ്രണയത്തെ ഒരു ശ്വാസമെന്നോണം സിനിമകളിൽ നിറച്ച ഭാരതിരാജ, ശക്തമായ സാമൂഹിക പ്രസ്താവനകളും തന്റെ സൃഷ്ടികളിലൂടെ നടത്തിയിരുന്നു. ‘മുതൽ മര്യാദൈ’യിൽ പ്രണയം പ്രായത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുമ്പോൾ, 1987-ൽ പുറത്തിറങ്ങിയ ‘വേദം പുതിത്’ എന്ന സിനിമയിൽ അത് ജാതി വ്യവസ്ഥയ്ക്കെതിരെയുള്ള ശക്തമായ ആയുധമായി മാറി. ചിത്രത്തിന്റെ ഒടുവിൽ ജാതി സ്വത്വം ഉടച്ചുകളഞ്ഞ് പൂണൂൽ പുഴയിലെറിയുന്ന ശങ്കരൻ, ജാതി ചിന്തകളുടെ മുഖത്തേറ്റ അടിയായിരുന്നു. ബ്രാഹ്മണ സംഘടനകളുടെ കടുത്ത പ്രതിഷേധം കാരണം സെൻസർ അനുമതി നിഷേധിക്കപ്പെട്ട ഈ ചിത്രം, അന്നത്തെ മുഖ്യമന്ത്രി എം.ജി.ആർ കണ്ട് ഇഷ്ടപ്പെടുകയും റിലീസിന് അനുമതി നൽകുകയും ചെയ്യുകയായിരുന്നു.
തമിഴ് സിനിമയിലെ മഹാരഥന്മാരായ ശിവാജി ഗണേശൻ, കമലഹാസൻ, രജനീകാന്ത് തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ച ഭാരതിരാജ, കാർത്തിക്, രാധ, രേവതി, രാധിക, വിജയശാന്തി, ജനഗരാജ്, ചന്ദ്രശേഖർ, പാണ്ഡ്യൻ, നെപ്പോളിയൻ തുടങ്ങി നാല് തലമുറകളിലെ നിരവധി പ്രതിഭകളെ സിനിമാലോകത്തിന് സംഭാവന ചെയ്തു. 1980-കളിൽ താൻ സിനിമയിലേക്ക് കൊണ്ടുവന്ന നായികമാർക്കെല്ലാം വൈകാരികമായ കാരണങ്ങളാൽ ‘R’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുകളായിരുന്നു അദ്ദേഹം നൽകിയിരുന്നത്. പിൽക്കാലത്ത് മാറിയ സിനിമാ സംസ്കാരത്തിനൊപ്പം ‘കിഴക്കു ചീമയിലും’ ‘കറുത്തമ്മയും’ പോലുള്ള ചിത്രങ്ങളിലൂടെ പുതുതലമുറ സംവിധായകരുടെയും പ്രിയപ്പെട്ടവനായി അദ്ദേഹം മാറി. യാഥാർത്ഥ്യത്തിന്റെ കാരമുള്ളുകൾ നിറഞ്ഞ അദ്ദേഹത്തിന്റെ സിനിമാശൈലി പിന്നീട് മഹേന്ദ്രൻ, ബാലു മഹേന്ദ്ര, ബാല, ശശികുമാർ, അമീർ, റാം, ചീനു രാമസ്വാമി, വെട്രിമാരൻ തുടങ്ങിയ പുതുതലമുറ സംവിധായകരുടെ റിയലിസ്റ്റിക് കഥപറച്ചിലുകൾക്ക് വഴികാട്ടിയായി. മണിവണ്ണനും ഭാഗ്യരാജും ഭാരതിരാജയുടെ പാരമ്പര്യം നേരിട്ട് പിന്തുടർന്നവരാണ്.
സംവിധായകന് തമിഴ്നാട്ടിൽ വലിയ ജനപ്രീതിയും ആദരവും ലഭിച്ചു തുടങ്ങിയ കാലത്ത്, കെ. ബാലചന്ദറിന് ശേഷം ആരാധകർ നെഞ്ചിലേറ്റിയ സംവിധായകനായിരുന്നു ഭാരതിരാജ. എൺപതുകളിൽ അദ്ദേഹത്തിന് 950-ലധികം ആരാധക സംഘടനകൾ ഉണ്ടായിരുന്നുവെങ്കിലും, ആരാധന ഒരിക്കലും പൂജയായി മാറരുതെന്ന് പറഞ്ഞ് അദ്ദേഹം തന്നെ ആ ഫാൻസ് അസോസിയേഷനുകൾ പിരിച്ചുവിട്ടു. സംവിധാനത്തിന് പുറമെ മികച്ചൊരു അഭിനേതാവ് കൂടിയായ അദ്ദേഹം മണിരത്നത്തിന്റെ ‘ആയുധ എഴുത്ത്’ എന്ന ചിത്രത്തിലെ സെൽവനായകൻ എന്ന വില്ലൻ വേഷത്തിലൂടെയും ‘കുരങ്ങുബൊമ്മ’, ‘തിരുച്ചിട്രമ്പലം’, ‘മഹാരാജ’ എന്നീ സിനിമകളിലൂടെയും തന്റെ അഭിനയ മികവ് തെളിയിച്ചു. മലയാളത്തിൽ മോഹൻലാൽ നായകനായ ‘തുടരും’ എന്ന ചിത്രത്തിൽ ഒരു പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിലും അദ്ദേഹം തിളങ്ങി. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2004-ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. 2013-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണ്ണയ സമിതിയുടെ ജൂറി ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചന്ദ്രലീലാവതിയാണ് ഭാരതിരാജയുടെ ഭാര്യ. ജനനി രാജ്കുമാർ, അന്തരിച്ച സംവിധായകൻ മനോജ് ഭാരതിരാജ എന്നിവരാണ് മക്കൾ. മകൻ മനോജിന്റെ അപ്രതീക്ഷിത വിയോഗം ഭാരതിരാജയെ മാനസികമായും ശാരീരികമായും തളർത്തിയിരുന്നു. ‘പുലവർ’ എന്ന ചിത്രത്തിലാണ് അദ്ദേഹം ഏറ്റവുമൊടുവിൽ അഭിനയിച്ചത്. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം, പുതിയ കാലത്തിന്റെ സിനിമാ ആവിഷ്കാരമായ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ ഭാരതിരാജ വീണ്ടും സജീവമായി രംഗത്തെത്തിയിരുന്നു. ‘മോഡേൺ ലവ് ചെന്നൈ’ എന്ന ആന്തോളജി പരമ്പരയിലെ ‘പറവൈ കൂട്ടിൽ വാഴും മാനുകൾ’ എന്ന ചിത്രത്തിലൂടെ തന്റെ ഉള്ളിലെ പ്രണയവും ദൃശ്യബോധവും ഒട്ടും ചോർന്നുപോയിട്ടില്ലെന്ന് ഈ എൺപതുകളിലും അദ്ദേഹം തെളിയിച്ചു. അന്തരിച്ച തന്റെ സുഹൃത്ത് ബാലു മഹേന്ദ്രയ്ക്കുള്ള സമർപ്പണമായ ഈ ലഘുചിത്രത്തിൽ ‘എൻ ഇനിയ പൊൻ നിലാവേ’ എന്ന ഗാനം പുതിയ പശ്ചാത്തലത്തിൽ പുനഃസൃഷ്ടിച്ചുകൊണ്ട് അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. 2020-ൽ അദ്ദേഹം അഭിനയിച്ചു സംവിധാനം ചെയ്ത ‘മീണ്ടും ഒരു മര്യാദൈ’ എന്ന ചിത്രത്തിന് ശേഷവും പുതിയ കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് അദ്ദേഹം ക്യാമറയ്ക്ക് മുന്നിലും പിന്നിലും സജീവമായി തുടർന്നിരുന്നു. പ്രമേയമല്ല, പ്രണയമാണ് ഭാരതിരാജ സിനിമകളുടെ ശ്വാസമെന്ന് അദ്ദേഹത്തിന്റെ ഓരോ സൃഷ്ടികളും വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു. കവിശ്രേഷ്ഠൻ കണ്ണദാസന്റെ വരികൾ കടമെടുത്താൽ, പ്രകൃതിയും ദൈവവും ഒരുപക്ഷേ മറന്നേക്കാം, എന്നാൽ ഭാരതിരാജയെന്ന ഈ ചലച്ചിത്ര വിസ്മയത്തെയും അദ്ദേഹത്തിന്റെ സിനിമകളെയും ആസ്വാദക ഹൃദയങ്ങൾ ഒരിക്കലും മറക്കുകയില്ല.