
നടൻ വിജയ്ബാബുവിന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകി നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല എന്നും, അസോസിയേഷന്റെ ബെലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കോടതി വിലയിരുത്തുമെന്നായിരുന്നു സാന്ദ്രയുടെ മറുപടി. “ചിലരുടെ നിലനിൽക്കാത്ത കുതന്ത്രങ്ങൾ മറനീക്കി പുറത്തു വരുന്നു , ഒരു തമാശയായി മാത്രം നമുക്കതിനെ കാണാം” എന്ന തലക്കെട്ടോടു കൂടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം മറുപടി വ്യക്തമാക്കിയിരിക്കുന്നത്.
“ഞാൻ പാർട്ണർഷിപ് ഒഴിഞ്ഞൊ ഒഴിഞ്ഞില്ലയോ എന്നുള്ളത് ഇവിടെ തർക്കവിഷയമേ അല്ല എന്നാൽ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാർട്ണർ ആയിരുന്നു എന്നുള്ളത് തർക്കമറ്റ വസ്തുതയാണ് . നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല , മറിച്ച് അസോസിയേഷന്റെ ബെലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് നിയമത്തിന്റെ കണ്ണിൽ എങ്ങനെ എന്നുള്ളതാണ് , അത് കോടതി വിലയിരുത്തും. FPA യുടെ റെഗുലർ മെമ്പർ ആയ എനിക്ക് അസോസിയേഷന്റെ കീപോസ്റ്റിൽ നിയമപരമായി മത്സരിക്കാം , അതിനെ നിയമപരമായി ഖണ്ഡിക്കാവുന്ന ഒന്നും വിജയ്ബാബുവിന്റെ പോസ്റ്റിലില്ല. ആർക്കോ വേണ്ടി ഓക്കാനിക്കുന്നവർ സൂക്ഷ്മത പുലർത്തിയാൽ സമൂഹത്തിൽ അപഹാസ്യരാവാതിരിക്കാമെന്ന് ഓർത്താൽ നന്ന്”. സാന്ദ്ര തോമസ് കുറിച്ചു.
കഴിഞ്ഞ ദിവസം സാന്ദ്രയ്ക്ക് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാവില്ലെന്ന് വിജയ് ബാബു വ്യക്തമാക്കിയിരുന്നു.സാന്ദ്രക്ക് കഴിഞ്ഞ പത്തുവർഷമായി ഫ്രൈഡേ ഫിലിം ഹൗസുമായി യാതൊരു ബന്ധവുമില്ലെന്നും, ഒരു വ്യക്തിക്കല്ല, കമ്പനിക്കാണ് സെൻസർ എന്നുമായിരുന്നു വിജയ് ബാബുവിന്റെ അഭിപ്രായം.
നേരത്തെ ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് സിനിമകള്‍ നിര്‍മ്മിച്ചിരുന്നു. ഈ ചിത്രങ്ങളുടെ എണ്ണം കൂടി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് തനിക്ക് സംഘടനയുടെ പ്രസിഡന്റ്, സെക്രട്ടറി മുതലായ മുഖ്യസ്ഥാനങ്ങളിലേക്ക് മത്സരിക്കാനുള്ള യോഗ്യതയുണ്ടെന്ന് സാന്ദ്ര സമര്‍ഥിച്ചത്. ഈ വിഷയത്തിലാണിപ്പോൾ വിജയ് ബാബു പ്രതികരിച്ചിരിക്കുന്നത്.
ഈ മാസം നാലാം തീയതിയാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത സാന്ദ്രാ തോമസിന്റെ പത്രിക തള്ളിയത്. തിരഞ്ഞെടുപ്പ് ബൈലോ പ്രകാരം മൂന്നോ അതിലധികമോ സിനിമകള്‍ സ്വതന്ത്രമായി നിര്‍മിച്ച ഏതൊരു അംഗത്തിനും പത്രിക സമര്‍പ്പിക്കാമെന്നിരിക്കേ സാന്ദ്രാ തോമസ് രണ്ട് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് സമര്‍പ്പിച്ചതെന്നു കാണിച്ചാണ് പത്രിക തള്ളിയത്. മൂന്നാമതായി ചേര്‍ത്ത സര്‍ട്ടിഫിക്കറ്റ് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ഉള്ളതാണെന്നും അത് യോഗ്യതയായി പരിഗണിക്കനാവില്ലെന്നുമായിരുന്നു റിട്ടേണിങ് ഓഫീസറുടെ നിലപാട്. പ്രസിഡന്റ്, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു സാന്ദ്രാതോമസ് പത്രിക സമര്‍പ്പിച്ചിരുന്നത്.