
ഭയമില്ലാതെ സംസാരിക്കാനുള്ള ഊർജവും ശക്തിയും ഹേമാ കമ്മിറ്റി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി അൻസിബ ഹസൻ. കൂടാതെ മുൻപ് ബസിൽ യാത്രചെയ്യുമ്പോൾ മോശം അനുഭവമുണ്ടായത് പറഞ്ഞാൽ പറയുന്നവരെ മോശക്കാരാക്കുമായിരുന്നുവെന്നും, എന്നാൽ, ഇപ്പോൾ ആ സ്ഥിതിയല്ല തുറന്നുപറയാൻ ഭയമില്ലെന്നും അൻസിബ കൂട്ടിച്ചേർത്തു. ജില്ലാ കുടുംബശ്രീമേളയുടെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു താരം.
അതേ സമയം സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ നേതൃനിരയിൽ സ്ത്രീകളെത്തിയത് സിനിമ കോൺക്ലേവിന്റെ വിജയമായിട്ടാണ് കാണുന്നതെന്ന് പുലിയൂരിൽ ജില്ലാ കുടുംബശ്രീമേള ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. കോൺക്ലേവിലെ പ്രധാന ചർച്ചാവിഷയം സിനിമ മേഖലയിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും തുല്യത ഉറപ്പാക്കുകയായിരുന്നു. അമ്മയുടെ നേതൃനിരയിൽ സ്ത്രീകളെത്തിയത് നല്ല കാര്യമാണ്. പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സ്ത്രീകളാണ്. അവരെ ഈ സ്ഥാനങ്ങളിലെത്തിക്കുന്നതിന് പുരുഷന്മാരുടെ പിന്തുണയുമുണ്ടായിരുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.