ജിയോ ബേബി സംവിധാനം ചെയ്ത നിമിഷ സജയന്‍ സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ആമസോണ്‍ പ്രൈമിലെത്തുന്നു. ഏപ്രില്‍ 2 മുതലാണ് ആമസോണില്‍ സിനിമ സ്ട്രീമിങ്ങ് തുടങ്ങിയത്. ജിയോ ബേബി തന്നെയാണ് ഈ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഇത് സാധ്യമായത് ചിത്രത്തിന് മികച്ച പ്രേക്ഷകര്‍ ഉണ്ടായതു കൊണ്ടാണെന്ന് ജിയോ ബേബി പറയുന്നു.
സിനിമ കൈകാര്യം ചെയ്യുന്ന വിഷയം കാരണം റിലീസിന് ശേഷം വലിയ രീതിയില്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം നിരവധി ആമസോണ്‍ അടക്കമുള്ള ഒടിടി പ്ലാറ്റ്ഫോമുകള്‍ ആദ്യം സ്വീകരിച്ചിരുന്നില്ല. ഇതേ കുറിച്ച് പല അഭിമുഖങ്ങളിലും സംവിധായകന്‍ തന്നെ പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് അമേരിക്കന്‍ ആസ്ഥാനമായ ജെകെഎച്ച് ഹോള്‍ഡിങ്സ് എന്ന കമ്പനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സിനിമയ്ക്കുള്ള ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ഇതോടെ ചിത്രം വലിയൊരു വിഭാഗം പ്രേക്ഷകരിലേക്ക് എത്തിച്ചേരാന്‍ കാരണമായി. പിന്നീട് ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്ത ഒരു മികച്ച ചിത്രമായി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മാറുകയായിരുന്നു.
തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സാലു കെ തോമസ് ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സൂരജ് എസ് കുറുപ്പാണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, കലാസംവിധാനം ജിതിന്‍ ബാബു.