ഒരു സാധാരണ സുല്‍ത്താന്‍

ബാക്ക്യരാജ് കണ്ണന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത സുല്‍ത്താന്‍ ഒരുതവണ കണ്ടിരിക്കാവുന്ന ഒരു വാണിജ്യ സിനിമയാണ്. തമിഴ് വാണിജ്യസിനിമകളിലെ സ്ഥിരം വിജയ ഫോര്‍മുലകളെ കൂട്ടിയിണക്കിയ ഒരു സാധാരണ ചിത്രം എന്നതില്‍ കവിഞ്ഞൊരു പുതുമയും ചിത്രത്തിനില്ല. ഗുണ്ടകളെ തീറ്റി പോറ്റിവളര്‍ത്തുന്ന ഒരു കുടുംബം, ആ കുടുംബത്തില്‍ സുല്‍ത്താനായി പിറന്ന് ജീവിക്കുന്ന നായകന്‍ എന്ന പതിവ് താരസങ്കല്‍പ്പങ്ങളോടെയാണ് ചിത്രത്തിന്റെ തുടക്കം. ഗുണ്ടകളാണെങ്കിലും അവരിലെ നന്‍മയും തിന്‍മയും അടയാളപ്പെടുത്തുന്ന പതിവ് രീതിയിലേക്ക് കഥമാറുകയാണ്.

അച്ഛന്റെ കാലശേഷം ഗുണ്ടകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്ന നായകന്‍ അവരെ നല്ലജീവിതത്തിലേക്ക് വഴികാട്ടുകയാണ്. എന്നാല്‍ എത്രയൊക്കെ നന്നാക്കാന്‍ ശ്രമിച്ചാലും ഇവരുടെ ജീവിതയാത്ര അത്രസുഖകരമാവില്ലെന്ന തുടര്‍കാഴ്ച്ചകളാണ് ചിത്രം നല്‍കുന്നത്. ആദ്യ പകുതിയോടെ ചിത്രം പറയാനുദ്ദേശിച്ചതെല്ലാം പറഞ്ഞു തീര്‍ന്നെങ്കിലും പിന്നീട് സഞ്ചരിച്ച വഴികളിലൂടെയുള്ള ആവര്‍ത്തന യാത്രയായി ചിത്രത്തിന്റെ രണ്ടാം പകുതി മാറുന്നു. മണ്ണ്, കൃഷി, ഗ്രാമം, രക്ഷകന്‍, പ്രണയം,പാട്ട്,ആക്ഷന്‍ ഇവയെല്ലാം സമാസമം ചേര്‍ത്ത് പ്രേക്ഷകനെ മുഷിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമമായിരുന്നു ചിത്രത്തിന്റെ രണ്ടാംപകുതി. ഇങ്ങനെ പ്രേക്ഷകന്‍ ചിന്തിക്കുന്ന അതേവഴികളിലൂടെ സഞ്ചരിച്ച് സിനിമ അവസാനിക്കുകയാണ്. കണ്ടിരിക്കാവുന്ന മൂന്നോളം മികച്ച ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന് ചടുലത നല്‍കിയത്.

കാര്‍ത്തി, രശ്മിക, നെപ്പോളിയന്‍, ലാല്‍, യോഗി ബാബു, ഹരീഷ് പേരടി തുടങ്ങീ താരങ്ങളെല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ലാല്‍ ചിത്രത്തിന്റെ ആദ്യാവസാനം വരെ കാര്‍ത്തിക്കൊപ്പം ശക്തമായ കഥാപാത്രമായാണെത്തിയിട്ടുള്ളത്. യുവന്‍ ശങ്കര്‍ രാജയുടെ പശ്ചാതല സംഗീതം, സത്യന്‍ സൂര്യന്റെ ഛായാഗ്രഹണം, റുബന്റെ ചിത്രസംയോജനം എന്നിവയെല്ലാം ചിത്രത്തിന് സാങ്കേതിക പൂര്‍ണ്ണത നല്‍കിയിട്ടുണ്ട്. കൂടെയുള്ളവരെ സ്‌നേഹിക്കേണ്ടുന്ന സംരക്ഷിക്കേണ്ടുന്ന ഉത്തരവാദിത്വമേറ്റെടുക്കുന്ന ഒരു സാധാരണ സുല്‍ത്താന്റെ കഥ മടുപ്പിക്കാതെ നിര്‍ത്തിയതില്‍ സാങ്കേതിക നിലവാരത്തിന് വലിയ പങ്കുണ്ട്.