
‘ദൃശ്യം 3’ സെറ്റിൽ കേക്ക് മുറിച്ച് മോഹൻലാലിന് അഭിനന്ദനങ്ങൾ നേർന്ന് സിനിമയുടെ അണിയറപ്രവർത്തകർ. ആഘോഷത്തിന്റെ ചിത്രങ്ങൾ നടി മീനയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘ദൃശ്യ’ത്തിലെ കഥാപാത്രങ്ങളുടെ ലുക്കിലാണ് മോഹൻലാലിനെയും മീനയെയും കാണാനാകുക.
“ലാലേട്ടനെ ഒരു സഹതാരമെന്ന് വിളിക്കുന്നത് ബഹുമതിയാണ്, എന്നാൽ അദ്ദേഹത്തെ ഒരു സുഹൃത്തെന്ന് വിളിക്കുന്നത് അനുഗ്രഹവും. അദ്ദേഹത്തിന്റെ അർപ്പണബോധവും പ്രതിഭയും ഓരോ കഥാപാത്രങ്ങളിലും ശോഭിക്കുന്നു. സൗഹൃദത്തിന്റെയും സിനിമയുടെയും ഈ മനോഹരമായ യാത്രയിലെ മറ്റൊരു അധ്യായമാണ് ദൃശ്യം. ലാലേട്ടാ, നിങ്ങളെക്കുറിച്ച് വലിയ അഭിമാനമുണ്ട്. ദൃശ്യം മൂന്നാം ഭാഗത്തിനായി വലിയ ആകാംക്ഷയിലാണ്.’’–മീന പറഞ്ഞു
അൻസിബ ഹസ്സൻ, എസ്തർ, ഇർഷാദ്, ജീത്തു ജോസഫ്, സിദ്ധു പനയ്ക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ. ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു.