തരുൺ തേജ്പാൽ കേസ് വെള്ളിത്തിരയിലേക്ക്; വ്യത്യസ്ത വീക്ഷണകോണുകളുമായി വിശാൽ ഭരദ്വാജ്

','

' ); } ?>

തെഹൽക മുൻ എഡിറ്റർ തരുൺ തേജ്‌പാൽ ഉൾപ്പെട്ട വിവാദ ബലാത്സംഗ കേസ് വെള്ളിത്തിരയിലേക്ക്. പ്രമുഖ ബോളിവുഡ് സംവിധായകൻ വിശാൽ ഭരദ്വാജാണ് കേസിൻ്റെ വിവിധ വശങ്ങൾ ആസ്പദമാക്കി സിനിമയൊരുക്കുന്നത്. ഇതിഹാസ സംവിധായകൻ അകിര കുറോസാവയുടെ വിഖ്യാത ചിത്രം ‘റഷോമോൺ’ മാതൃകയിൽ, വ്യത്യസ്ത വീക്ഷണകോണുകളിലൂടെയാകും ചിത്രത്തിൻ്റെ പ്രമേയം അവതരിപ്പിക്കുക.

കേസിൻ്റെ ആഴത്തിലുള്ള പഠനത്തിനായി ഗോവയിലെ കോടതി നടപടികളിൽ നേരിട്ട് പങ്കെടുത്ത വിശാൽ, വിചാരണക്കോടതിയുടെ 527 പേജുള്ള വിധിയും വിശദമായി പരിശോധിച്ചിരുന്നു. 2013-ൽ മുൻ സഹപ്രവർത്തക നൽകിയ പരാതിയിൽ തേജ്പാലിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും, അടുത്തിടെ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് ഈ വിധി റദ്ദാക്കി 10 വർഷത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു. ഈ രണ്ട് വിധികളും തമ്മിലുള്ള പ്രകടമായ വൈരുധ്യമാണ് സിനിമയുടെ പ്രധാന ആധാരം.

രണ്ട് കോടതിവിധികളിലെ വൈരുധ്യം കേസിനെ ‘റഷോമോൺ’ രീതിയിലുള്ള കഥപറച്ചിലിന് തികച്ചും അനുയോജ്യമാക്കുന്നുവെന്ന് വെറൈറ്റി ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വിശാൽ ഭരദ്വാജ് വ്യക്തമാക്കി. പുറംലോകമറിയാത്ത നിരവധി വസ്തുതകൾ ഈ കേസിനു പിന്നിലുണ്ടെന്നും, അത് വെള്ളിത്തിരയിൽ കാണുമ്പോൾ പ്രേക്ഷകർ അമ്പരക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സിനിമയുടെ അവതരണ രീതിയെക്കുറിച്ചുള്ള അന്തിമ തീരുമാനം അദ്ദേഹം ഇതുവരെ കൈക്കൊണ്ടിട്ടില്ല.

ഷാഹിദ് കപൂർ, തൃപ്തി ദിമ്രി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘ഓ റോമിയോ’ ആണ് വിശാൽ ഭരദ്വാജിൻ്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ‘കമീനെ’, ‘ഹൈദർ’ എന്നീ സിനിമകൾക്ക് ശേഷം ഷാഹിദും വിശാലും വീണ്ടും ഒന്നിച്ച ഈ ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.