മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാലോകം. ഏറെ നാളത്തെ തയ്യാറെടുപ്പുകള്‍ക്കുശേഷം ജോസഫ് സംവിധായകന്‍ പത്മകുമാറൊരുക്കുന്ന ചിത്രം നവംബര്‍ 21ന് തിയേറ്ററുകളിലെത്താനിരിക്കുകയാണ്. ഇതിഹാസ കഥാപാത്രങ്ങളും ചരിത്രത്തിന്റെ ഗംഭീരമായ പുനരാവിഷ്‌കാരവുമായി ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താനൊരുങ്ങുമ്പോള്‍ ചിത്രത്തിലെ നായികമാര്‍ ആരൊക്കെയെന്ന് തന്നെയാണ് ഏവരുടെയും സംശയം. മാമാങ്കത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ക്ക് കാത്തിരിക്കുന്നവര്‍ക്കായി ഇപ്പോഴിതാ സിനിമയിലെ മൂന്ന് നായികമാരെ ഒറ്റ ഫ്രെയിമില്‍ കൊണ്ട് വന്നിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.
ബോളിവുഡില്‍ നിന്നുമെത്തിയ പ്രാചി തെഹ്ലാന്‍ ആണ് മാമാങ്കത്തിലെ നായികയായ ‘ഉണ്ണിമായ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം കനിഹയും അനു സിത്താരയുമാണ് മറ്റ് രണ്ട് നായികമാര്‍. മൂന്ന് പേരും ഒന്നിച്ചിരിക്കുന്ന ചിത്രം മാമാങ്കത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. വലിയ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് നായികമാര്‍ക്കുള്ളതെന്നാണ് സൂചന. റിലീസിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ മാമാങ്കത്തിന്റെ രസകരമായ പല കാര്യങ്ങളുമാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. വലിയ രീതിയിലുള്ള പ്രമോഷന്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന് വിശേഷിപ്പിച്ചിരിക്കുന്ന മാമാങ്കം അമ്പത് കോടിയോളം മുതല്‍ മുടക്കിലാണ് നിര്‍മ്മിച്ചത്.