
തമിഴ് സിനിമ നടനും ഹാസ്യകലാകാരനുമായ റോബോ ശങ്കര്‍ (46) അന്തരിച്ചു. വ്യാഴാഴ്ച ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സ നൽകുന്നതിനിടെ ആയിരുന്നു അന്ത്യം. രണ്ട് വർഷം മുൻപ് മഞ്ഞപിത്തം ബാധിച്ച് അത്യാഹിത നിലയിലായിരുന്നു നടൻ. വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു.
തമിഴ് സിനിമ മേഖലയിൽ നിന്നും കമൽഹാസൻ, കാർത്തി തുടങ്ങി നിരവധി താരങ്ങൾ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തുന്നുണ്ട്.
മിമിക്രി കലാകാരനായിരുന്ന ശങ്കറിന് സ്റ്റേജില്‍ യന്ത്രമനുഷ്യനെ അനുകരിച്ചാണ് റോബോ ശങ്കര്‍ എന്നപേരു ലഭിച്ചത്. സ്റ്റാര്‍ വിജയിലെ കലക്കപോവത് യാര് എന്ന ഹാസ്യ പരിപാടിയിലൂടെ ശ്രദ്ധേയനായി.
തുടർന്ന് വിജയ് സേതുപതി നായകനായ ‘ഇതര്‍ക്കുതനെ അസൈപ്പെട്ടൈ ബാലമുരുക’യിലൂടെ സിനിമയിലെത്തി. വായൈ മൂടി പേശവും, ടൂറിങ് ടോക്കീസ്, മാരി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധയമായ വേഷംചെയ്തു. ഒട്ടേറെ ടെലിവിഷന്‍ പരിപാടികളിലും വെബ് സീരിസുകളിലും അഭിനയിച്ചു.
ടെലിവിഷന്‍ താരം പ്രിയങ്കയാണ് ഭാര്യ. മകള്‍ ഇന്ദ്രജ ഏതാനും സിനിമകളിലും ടിവി പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്.