ടൊവിനോ തോമസ് നായകനാകുന്ന തല്ലുമാല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ സംഘര്‍ഷം. മാലിന്യം ഇടുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ ഷൈന്‍ ടോം ചാക്കോ തള്ളിയെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കളമശ്ശേരി എച്ച്.എം.ഡി റോഡില്‍ വച്ചാണ് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായത്.
മാലിന്യം ഇടുന്നതിനേയും പൊതുനിരത്തില്‍ വണ്ടി പാര്‍ക്ക് ചെയ്തതിനേയും നാട്ടുകാര്‍ ചോദ്യം ചെയ്തുവെന്നും ഇവരുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വാക്കേറ്റം നടത്തിയെന്നും ആരോപിക്കുന്നു. അതിനിടെ ഷൈന്‍ നാട്ടുകാരില്‍ ഒരാളെ തള്ളിയെന്നാണ് പറയുന്നത്. പരിക്കേറ്റയാള്‍ ആശുപത്രിയിലാണ്. എന്നാല്‍ നാട്ടുകാരാണ് പ്രശ്നമുണ്ടാക്കിയതെന്ന് സിനിമാപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സംഭവസ്ഥലത്ത് പൊലീസ് എത്തി ഇരുകൂട്ടരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കി.
ഖാലിദ് റഹ്‌മാനാണ് ചിത്രത്തിന്റെ സംവിധായകന്‍. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്ന് കഥയൊരുക്കുന്ന ചിത്രം ആഷിക് ഉസ്മാന്‍ ആണ് നിര്‍മിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘വെയില്‍’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പുതിയ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ലഹരി ഉപയോഗിച്ചാണ് താരം അഭിമുഖത്തില്‍ പങ്കെടുത്തതെന്ന തരത്തില്‍ നിരവധി ട്രോളുകളും പ്രചരിച്ചു. എന്നാല്‍ കാലിനേറ്റ പരുക്കിന് വേദനസംഹാരി മരുന്നു കഴിച്ചതിന്റെ സെഡേഷനാണ് അഭിമുഖത്തില്‍ ഷൈന്‍ ക്ഷീണിതനായിരുന്നതിനു കാരണമെന്ന് തിരക്കഥാകൃത്തും താരത്തിന്റെ സുഹൃത്തുമായ മുനീര്‍ മുഹമ്മദുണ്ണി വ്യക്തമാക്കി. തല്ലുമാല, ഫെയര്‍ ആന്‍ഡ് ലൗലി എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടയിലാണ് ഷൈനിന്റെ കാല്‍മുട്ടിലെ ലിഗമെന്റിന് പരുക്കേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്ക് ശേഷം വൈകുന്നേരത്തോടെ ഹോട്ടലിലേക്ക് മടങ്ങുകയും ചെയ്തു. ഹോട്ടലില്‍ എത്തി ഉടന്‍ തന്നെ വെയില്‍ സിനിമയുടെ പ്രമോഷന് വേണ്ടി ഷൈന്‍ അഭിമുഖങ്ങള്‍ നല്‍കുകയായിരുന്നുവെന്നും ഇതേതുടര്‍ന്നാണ് താരം അവശനായതെന്നും മുനീര്‍ പറഞ്ഞിരുന്നു. മുനീറിന്റെ വാക്കുകള്‍ താഴെ…
തല്ലുമാല, ഫെയര്‍ ആന്‍ഡ് ലൗലി എന്നീ സിനിമകളില്‍ ഫൈറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെ ഷൈന്‍ ടോം ചാക്കോയുടെ കാലിന് ഒടിവ് സംഭവിക്കുന്നു. ശേഷം ഡോക്ടര്‍ ഒരുമാസം ബെഡ് റെസ്റ്റ് പറയുന്നു. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ പെയിന്‍ കില്ലറുകള്‍ കഴിച്ച് സെഡേഷനില്‍ വിശ്രമിക്കുകയായിരുന്ന ഷൈന്‍ ടോമിനോട് ‘വെയില്‍’ സിനിമയ്ക്കു വേണ്ടി ഇന്റര്‍വ്യൂ കൊടുക്കാന്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നു. പക്ഷേ അവിടെ ഒരു അഭിമുഖത്തിനു പകരം 16 അഭിമുഖങ്ങള്‍ ആണ് സംഘടിപ്പിക്കപ്പെട്ടത്. വേദനയും സെഡേഷന്‍ മൂലമുള്ള ക്ഷീണവും കാരണം പല ഇന്റര്‍വ്യുകളും കൈവിട്ട് പോവുകയും ചെയ്തു. പിന്നീട് മദ്യമോ മറ്റ് ലഹരിയോ ഉപയോഗിച്ച് അഭിമുഖത്തില്‍ പങ്കെടുത്തു എന്ന പേരില്‍ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ഓണ്‍ലൈന്‍ സദാചാര പൊലീസ് ചമയുന്ന ചിലര്‍ ഇതിനെ തെറ്റായ രീതിയില്‍ വഴിതിരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഷൈന്‍ ടോമുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംഭവിച്ച കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയണം എന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.