ദിലീപിന് ഹൈക്കോടതിയില്‍ തിരിച്ചടി, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതിയില്‍ തിരിച്ചടി. കേസിലെ തുടരന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിട്ടു. ഇതിനെതിരെ ദിലീപ് നല്‍കിയ ഹര്‍ജി തള്ളിയ കോടതി തുടരന്വേഷണം നടത്തണമെന്നും ഏപ്രില്‍ 15ന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി  നിര്‍ദ്ദേശിച്ചു. പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ വിശ്വാസ്യതയെപ്പറ്റി നിലവില്‍ അഭിപ്രായം പറയുന്നില്ലെന്നും ഹൈക്കോടതി കോടതി അറിയിച്ചു.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചിരുന്നുവെന്നും അത് കാണാന്‍ തന്നെ ക്ഷണിച്ചെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതാണ് പൊലീസ് തുടരന്വേഷണത്തില്‍ പരിശോധിക്കുന്നത്. വിചാരണ അവസാനഘട്ടത്തിലെത്തി നില്‍ക്കെ തുടരന്വേഷണം നടത്തുന്നത് വ്യാജത്തെളിവുകള്‍ സൃഷ്ടിക്കാനെന്നാണ് ദിലീപിന്റെ ആക്ഷേപം. എന്നാല്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണമെന്നും അതിനുളള അവകാശം പ്രോസിക്യുഷനുണ്ടെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കഴിഞ്ഞയാഴ്ച ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായിരുന്നു. ആക്രമിക്കപ്പെട്ട നടിയും ഹര്‍ജിയെ ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു.

കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയത് പ്രതിയുടെ അടുത്ത സുഹൃത്താണ്. അത് പരിശോധിക്കപ്പെടണം. ബാംഗ്ലൂരില്‍ നില്‍ക്കുമ്പോഴാണ് ഈ വെളിപ്പെടുത്തല്‍ ടിവിയിലൂടെ കണ്ടത്. കുറ്റപത്രം നല്‍കിയാലും തുടരന്വേഷണം നടത്താന്‍ പൊലീസിന് അധികാരം ഉണ്ട്. ഇരയെന്ന നിലയില്‍ കേസിലെ എല്ലാ പ്രതികളെയും വെളിച്ചത്ത് കൊണ്ടുവരണം എന്ന് തനിക്ക് താത്പര്യമുണ്ട്. പ്രതിക്ക് സ്വയം തനിക്കെതിരെ തുടരന്വേഷണം വേണ്ട എന്ന് പറയാനാകില്ലെന്നും നടി വാദിച്ചു.

കേരളവും ഞെട്ടലോടെ കേട്ട സംഭവമാണ് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവനടി ആക്രമിക്കപ്പെട്ടത്. സഹപ്രവര്‍ത്തകന്റെ ക്വട്ടേഷന്‍ ബലാത്സംഗം എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന കേസില്‍ വിചാരണ അന്തിമ ഘട്ടത്തിലെത്തിയിട്ടും പൊതു സമൂഹത്തിന് മുന്നില്‍ ചുരുളഴിയാത്ത നിരവധി സംശയങ്ങള്‍ ബാക്കിയാണ്.