ടൊവിനോയുടെ തല്ലുമാല ആഗസ്റ്റ് 12ന്

ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളാകുന്ന ഖാലിദ് റഹ്മാന്‍ ചിത്രം തല്ലുമാല ആഗസ്റ്റ് 12ന് തിയേറ്ററുകളിലെത്തും. റിലീസ് വിവരം ടൊവിനോയും തന്റെ സോഷ്യല്‍ മീഡിയ വഴി അറിയിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് ടൊവിനോയും കല്യാണിയും ഒന്നിച്ചഭിനയിക്കുന്നത്. മുഹ്‌സിന്‍ പരാരിയും അഷറഫ് ഹംസയും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍, ആഷിഖ് ഉസ്മാനാണ് നിര്‍മ്മിക്കുന്നത്.

ടൊവിനോയുടെ രണ്ട് ഗെറ്റപ്പുകള്‍ ചിത്രത്തിലുണ്ട്. ഇരുപതുകാരനായി എത്തുന്ന ടൊവിനോയുടെ വീഡിയോ സോങ്ങും ഇതിനോടകം ട്രെന്‍ഡിങ് ആയിരിക്കുകയാണ്. ദുബായിലും, തലശ്ശേരിയിലും, കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്. 8 ഫൈറ്റ് സീനുകളുള്ള സിനിമയെന്ന പ്രത്യേകതയും തല്ലുമാലയ്ക്കുണ്ട്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് നിഷാദ് യൂസഫ്. സംഗീത സംവിധാനം വിഷ്ണു വിജയിയും, ആര്‍ട്ട് ഗോകുല്‍ ദാസും നിര്‍വഹിച്ചിരിക്കുന്നു.

ടൊവിനോ കീര്‍ത്തി സുരേഷ് ചിത്രം വാശിയാണ് താരത്തിന്റെ റിലീസിനൊരുങ്ങി നില്‍ക്കുന്ന ചിത്രം. എം ആര്‍ ജോസഫാണ് വാശിയുടെ സംവിധായകന്‍. ടൊവിനോ ചിത്രം ഡിയര്‍ ഫ്രണ്ട് തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ്.നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. ഐടി നഗരമായ ബെംഗളൂരുവില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ടൊവിനോ, ബേസില്‍ ജോസഫ്, അര്‍ജുന്‍ ലാല്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചങ്ങാതിക്കൂട്ടമായി എത്തുന്നത്.