പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഷെയ്ന്‍ നിഗം നായകന്‍..

സംവിധായകന്‍ പ്രിയദര്‍ശന്റെ പുതിയ ചിത്രത്തില്‍ ഷെയ്ന്‍ നിഗം നായകനാവുന്നു. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളില്‍ പ്രിയദര്‍ശന്‍, എന്‍.എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോര്‍ ഫ്രെയിംസിന്റെ ആദ്യ നിര്‍മ്മാണ സംരഭം കൂടിയാണിത്. ചിത്രത്തില്‍ ഷെയ്ന്‍ നിഗം കൂടാതെ അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, സിദ്ദീഖ്, ജോണി ആന്റണി, മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത് തുടങ്ങിയവരാണ് നിലവിലുള്ള താരങ്ങള്‍. നായിക നിര്‍ണയമടക്കം നടന്നു വരുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നതും പ്രിയദര്‍ശനാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറില്‍ തുടങ്ങും.യുവതലമുറയെ അണിനിരത്തി പ്രിയദര്‍ശന്‍ ഒരു ചലച്ചിത്രമൊരുക്കുന്നതും ഇതാദ്യമാണ്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങിരുന്നു.മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍,കല്ല്യാണി പ്രിയദര്‍ശന്‍.സുഹാസിനി,സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നത്. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.

ഷെയ്ന്‍ നിഗം നായകനായെത്തുന്ന ഉല്ലാസം റിലീസിനായി ഒരുങ്ങി നില്‍ക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിന്‍ നിഗം ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരവധി പരസ്യ ചിത്രങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുണ്ട് ഈ ചിത്രത്തില്‍. ബി കെ ഹരിനാരായണന്നന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ആണ് ഈണം പകരുന്നത്.