ദളപതി 67-ല്‍ വില്ലനായി സഞ്ജയ് ദത്ത്

വിജയിയുടെ 67-ാമത് ചിത്രത്തേക്കുറിച്ച് ഒരു ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍. ചിത്രത്തില്‍ സുപ്രധാനമായ വേഷത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്തും ഉണ്ടാകുമെന്നതാണ് ആ വാര്‍ത്ത.

നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സഞ്ജയ് ദത്തിനെ തമിഴ് സിനിമയില്‍ അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം ദളപതി 67-ന്റെ ഭാഗമാകുന്നുവെന്നും അവര്‍ ട്വീറ്റ് ചെയ്തു. വിജയ് ചിത്രത്തിന്റെ വണ്‍ലൈന്‍ കേട്ട് ത്രില്ലടിച്ചെന്ന സഞ്ജയ് ദത്തിന്റെ വാക്കുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു കാരക്റ്റര്‍ പോസ്റ്ററും നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്.

ലോകേഷ് കനകരാജ് യൂണിവേഴ്‌സ് ചിത്രങ്ങളില്‍ ഉള്‍പ്പെട്ട ഒന്ന് എന്നുള്ളതുകൊണ്ട് വന്‍ പ്രതീക്ഷയാണ് ചിത്രത്തിന്മേലുള്ളത്. സംവിധായകന്‍ മിഷ്‌കിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാഗങ്ങള്‍ കൊടൈക്കനാലില്‍ വെച്ച് ചിത്രീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി ആദ്യവാരം കാശ്മീരിലേക്ക് തിരിക്കുന്ന സംഘം 60 ദിവസത്തെ ചിത്രീകരണമാണ് പദ്ധതിയിട്ടിരിക്കുന്നത്. വിജയ്, സഞ്ജയ് ദത്ത് എന്നിവരടങ്ങുന്ന രംഗങ്ങള്‍ ഇവിടെയായിരിക്കും ചിത്രീകരിക്കുക എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.