‘തത്വമസി’; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

റോഗ് മൂവി ഫെയിം ഇഷാനും വരലക്ഷ്മി ശരത്കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘തത്വമസി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ രമണ ഗോപിസെട്ടി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് തത്വമസി. ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ, തത്വമസി ഒരു അതുല്യമായ ഇതിവൃത്തമുള്ള ജീവിതത്തേക്കാള്‍ വലിയ ചിത്രമായിരിക്കും. ഏറെ കൗതുകമുണര്‍ത്തുന്നതാണ് ടൈറ്റില്‍ പോസ്റ്റര്‍. പോസ്റ്ററില്‍ രക്ത അടയാളങ്ങളുള്ള കുണ്ഡലി (ജാതകം) ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ നിര്‍മ്മിക്കുന്ന ഒരു പാന്‍ ഇന്ത്യ പദ്ധതിയാണ് തത്വമസി. ആര്‍ഇഎസ് എന്റര്‍ടൈന്‍മെന്റ് എല്‍എല്‍പിയുടെ ബാനറില്‍ രാധാകൃഷ്ണ.തെലു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം.കെ.നായിഡു ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ നടന്‍ പ്രകാശ് രാജ് ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു, കൂടാതെ ഹരീഷ് ഉത്തമനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംഗീതം സാം സി.എസ്, എഡിറ്റര്‍ മാര്‍ത്താണ്ഡ്.കെ.വെങ്കിടേഷ്,സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍, ഗാനരചന ചന്ദ്രബോസ്, പി.ആര്‍.ഒ വംശിശേഖര്‍, പി.ശിവപ്രസാദ്,വൈശാഖ് സി വടക്കേവീട് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

പ്രധാനമായും തമിഴ്, മലയാളം, കന്നട ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രിയാണ് വരലക്ഷ്മി ശരത്കുമാര്‍. 2012 ല്‍ പുറത്തിറങ്ങിയ പോടാ പോടീ എന്ന തമിഴ് ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ ചലച്ചിത്രത്തില്‍ ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ഒരു നര്‍ത്തകിയുടെ വേഷമാണ് അവതരിപ്പിച്ചത്. തമിഴ് ചലച്ചിത്ര നടനായ ആര്‍. ശരത്കുമാറിന്റെയും ഛായയുടെയും മകളായി 1985 മാര്‍ച്ച് 5 ന് വരലക്ഷ്മി ജനിച്ചു. ശരത്കുമാറിന്റെ നാലു മക്കളില്‍ ഏറ്റവും മൂത്ത മകളാണ് വരലക്ഷ്മി. ഛായയുടെ മറ്റൊരു മകളായ പൂജ, തമിഴ് ചലച്ചിത്രനടി രാധികയുടെയും ശരത്കുമാറിന്റെയും മക്കളായ രാഹുല്‍, റയാന്‍ ഹാര്‍ഡി എന്നിവരാണ് സഹോദരങ്ങള്‍. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നിന്നും മൈക്രോബയോളജിയില്‍ ബിരുദവും എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നിന്നും ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഇതിനുശേഷം നടിയാകുന്നതിനു മുന്‍പ് മുംബൈയിലെ അനുപം ഖേറിന്റെ ആക്ടിങ് സ്‌കൂളിലും പരിശീലനം നേടുകയുണ്ടായി