99 രൂപക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍ ഓഫറുമായി ‘മെയിന്‍സ്ട്രീം ടിവി’

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ലോകമെമ്പാടും സ്വീകരിക്കപ്പെടുന്ന ഈ കാലത്ത്, മലയാളി പ്രേക്ഷകരെ മാത്രം ലക്ഷ്യം വെച്ച് ആദ്യമായി ഒരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം, ‘മെയിന്‍സ്ട്രീം ടിവി’ എന്ന ഒടിടിയിലൂടെ പ്രേക്ഷകര്‍ക്ക് മലയാള ഭാഷയിലുള്ള സിനിമകള്‍, പാട്ടുകള്‍, ഹ്രസ്വചിത്രങ്ങള്‍, അനിമേഷന്‍ ചിത്രങ്ങള്‍, വെബ് സീരീസുകള്‍, അഭിമുഖങ്ങള്‍, ഹാസ്യ പരിപാടികള്‍ തുടങ്ങിയവയെല്ലാം ലഭ്യമാണ്. കേവലം 99 രൂപക്ക് ഒരു വര്‍ഷക്കാലയളവിലെ സബ്‌സ്‌ക്രിപ്ഷന്‍ ഓഫര്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 700 ഓളം പഴയതും പുതിയതുമായ മലയാള സിനിമകളും മൂവായിരത്തോളം ഹ്രസ്വ ചിത്രങ്ങളും അടങ്ങിയ മലയാളത്തിന്റെ വലിയ ശേഖരമാണ് ഈ ആപ്പില്‍ കാണാന്‍ സാധിക്കുക.

ഒടിടിയുടെ വിനോദ സാദ്ധ്യതകള്‍ പ്രാദേശിക പ്രേക്ഷകര്‍ക്കായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ആശയമാണ് വര്‍ഷങ്ങളായി ദേശീയ മാധ്യമ രംഗത്ത് പ്രവര്‍ത്തന പരിചയമുള്ള ശിവ എസ് എന്ന ബാംഗ്ലൂര്‍ മലയാളിയും, സ്റ്റാര്‍ സ്‌പോര്‍ട്‌സ് മലയാളത്തിന്റെ മുന്‍ ഹെഡായിരുന്ന ജോയിസ് ജോസ്, ത്രാഷ് മെറ്റല്‍ സംഗീതജ്ഞനുമായ ജയകൃഷ്ണന്‍ എന്നിവര്‍ മെയിന്‍സ്ട്രീം ടിവി എന്ന പ്ലാറ്റ്‌ഫോമിലൂടെ യാഥാര്‍ഥ്യമാക്കുന്നത്. വേള്‍ഡ് വൈയിഡ് സ്ട്രീമിങ്ങിനൊപ്പം മികച്ച സാങ്കേതികവിദ്യയും കൂടി ചേര്‍ന്നതിനാല്‍ മെയിന്‍സ്ട്രീം ടിവി എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ 100% മറ്റ് തകരാറുകള്‍ ഇല്ലാതെതന്നെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാമെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു. മെയിന്‍സ്ട്രീം ടിവി ആപ്പ് വഴി മുഖ്യധാര അവഗണിക്കുന്ന, കലാമൂല്യമുള്ള, വൈവിധ്യത്തെ അന്വേഷിക്കുന്ന കലാസൃഷ്ടികള്‍ പരമാവധി കാണികളിലേക്ക് എത്തിക്കുക, മലയാളത്തില്‍ അത്തരം പുതുമകള്‍ ഇഷ്ടപെടുന്നവര്‍ക്കും അത്തരം ക്രിയാത്മകമായ സൃഷ്ടികള്‍ നിര്‍മിക്കുന്നവര്‍ക്കും കൂടുതല്‍ അവസരം ഒരുക്കികൊടുക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഇതുകൂടാതെ മറ്റു ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വ്യത്യസ്തമായി, സിനിമകള്‍ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, സ്മാര്‍ട്ട് ടിവി തുടങ്ങി ഉപകരണങ്ങളിലും, ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്, ക്രോംകാസ്റ്റ് തുടങ്ങി എല്ലാവിധ പ്ലാറ്റ്‌ഫോമിലും മെയിന്‍സ്ട്രീം ടിവി ആപ്പ് ലഭ്യമാണ്.
വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്‌.